|    Nov 19 Mon, 2018 11:01 pm
FLASH NEWS
Home   >  Kerala   >  

കമ്പകക്കാനത്തെ കൂട്ടക്കൊല മാന്ത്രിക സിദ്ധിയും സ്വര്‍ണാഭരണങ്ങളും കൈവശപ്പെടുത്താന്‍ വേണ്ടിയെന്ന് പോലിസ്

Published : 6th August 2018 | Posted By: G.A.G

ഇടുക്കി: വണ്ണപ്പുറം മുണ്ടന്‍മുടി കമ്പകക്കാനത്ത് നാലംഗകുടുംബത്തെ കൊന്ന് കുഴിച്ചു മൂടിയ സംഭവം മാന്ത്രിക സിദ്ധിയും സ്വര്‍ണാഭരണങ്ങളും കൈവശപ്പെടുത്താന്‍ വേണ്ടിയെന്ന് പോലിസ്. കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യന്‍ അടിമാലി സ്വദേശി അനീഷും കാരിക്കോട് സ്വദേശിയായ സുഹൃത്ത് ലിബീഷും ചേര്‍ന്നാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലിബീഷ് അറസ്റ്റിലായിട്ടുണ്ട്. അനീഷ് പോലിസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് :
മൂന്നു വര്‍ഷത്തോളം കൃഷ്ണന്റെ കൂടെ ആഭിചാരക്രിയകള്‍ നടത്തിവന്ന അനീഷ് സ്വന്തമായി പൂജാകര്‍മങ്ങള്‍ ചെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ കുറച്ചു നാളായി താന്‍ നടത്തി വന്ന പൂജകള്‍ ഫലിക്കുന്നില്ലെന്ന്്് അനീഷിന് തോന്നിത്തുടങ്ങിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃഷ്ണനാണ് തന്റെ ശക്തി ഇല്ലാതാക്കിയതെന്ന തോന്നലില്‍ കൃഷ്ണനില്‍ നിന്ന് ശക്തിയും മാന്ത്രിക സിദ്ധിയും കൈവശപ്പെടുത്തുന്നതിനും സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനും വേണ്ടിയാണ് കൊലപാതകം നടത്തിയത്. ലിബീഷുമായി ചേര്‍ന്ന് ആറുമാസം മുമ്പേ കൊലപാതകത്തിനുള്ള ആസൂത്രണങ്ങള്‍ ആരംഭിച്ചു.
15 വര്‍ഷത്തോളമായി സുഹൃത്തുക്കളാണ് ലിബീഷും അനീഷും. അടിമാലിയിലെ ഒരു കുഴല്‍ക്കിണര്‍ കമ്പനിയില്‍ ഇരുവരും ജോലി ചെയ്തിരുന്നു. വീട്ടില്‍ ടൂ വീലര്‍ വര്‍ക്ക് ഷോപ്പ് നടത്തിവന്ന ലിബീഷ് ബുള്ളറ്റിന്റെ ഷോക്കബ്‌സോര്‍ബറിന്റെ രണ്ടു പൈപ്പുകളുമായിട്ടാണ് കൊലപാതകത്തിനെത്തിയത്. 29ന് അനീഷ് അടിമാലിയില്‍ നിന്ന് തൊടുപുഴയിലെത്തി. എട്ടു മണിയോടെ മൂലമറ്റത്തേക്ക് അനീഷിന്റെ ബൈക്കില്‍ ചൂണ്ടയിടാന്‍ പോയി. രാത്രി പന്ത്രണ്ട് മണിയോടടുക്കുന്നത് അവിടെ കഴിച്ചു കൂട്ടി. മദ്യപിച്ചു. തുടര്‍ന്ന് കൃഷ്ണന്റെ വീട്ടിലെത്തി. ആദ്യം വൈദ്യുതി വിഛേദിച്ചു. വീടിന് പുറകിലേക്ക് ചെന്ന് ആടിനെ ഉപദ്രവിച്ചു. ആടിന്റെ നിലവിളി കേട്ട് കൃഷ്ണന്‍ പുറത്തിറങ്ങുമ്പോള്‍ ആക്രമിക്കാനായിരുന്നു പദ്ധതി. ഇരുവരും അടുക്കള വാതിലിന്റെ ഭാഗത്ത് പതുങ്ങിനിന്നു. പുറത്തിറങ്ങിയ കൃഷ്ണനെ പൈപ്പ് കൊണ്ടടിച്ചു. പിറകെ വന്ന സുശീലയേയും അടിച്ചുവീഴ്ത്തി. തടുക്കാന്‍ ശ്രമിച്ച സുശീലയെ പുറകെ ചെന്നാണ് അടിച്ചു വീഴ്ത്തിയത്. ശബ്ദം കേട്ട് കമ്പി വടിയുമായി എത്തിയ മകള്‍ ആര്‍ഷ അനീഷിനെ ഇരുട്ടത്ത് അടിച്ചു. വായ് പൊത്താന്‍ ശ്രമിച്ച അനീഷിന്റെ കൈക്ക് കടിക്കുകയും ചെയ്തു. പിന്നീട് അടുക്കള ഭാഗത്ത് വെച്ച് ആഷയെ അടിച്ചു വീഴ്ത്തി. പുറകെ വന്ന അജുനെയും അടിച്ചെ അകത്തേക്കോടി പിന്നാലെ ചെന്ന് വാക്കത്തി ഉപയോഗിച്ചു വെട്ടിക്കൊന്നു. ചുറ്റികയും വാക്കത്തിയും ഉപയോഗിച്ച് എല്ലാവരുടേയും മരണം ഉറപ്പാക്കി. തുടര്‍ന്ന് വീട്ടിനകത്തുണ്ടായിരുന്ന പണവും ആഭരണങ്ങളും എടുത്തു പുറത്തിറങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss