|    Aug 17 Fri, 2018 8:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കമ്പകക്കാനം കൊലപാതകം; അന്വേഷണം വഴിത്തിരിവിലേക്ക് കൊലയാളികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ വലവിരിച്ച് പോലിസ്

Published : 6th August 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: നാലംഗം കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ കൊലയാളികളെ കുടുക്കാന്‍ തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ പോലിസ് വലവിരിച്ചു. വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ എത്രയും വേഗം പ്രതികളെ പിടികൂടാനാണ് നീക്കം. കൊലപാതകവുമായി ബന്ധമുള്ള ചിലര്‍ ആന്ധ്രപ്രദേശിലേക്കു കടന്നെന്ന വിവരത്തെ തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങളിലെയും പോലിസിനെ ഉള്‍പ്പെടുത്തിയുള്ള തിരച്ചില്‍ നടക്കുന്നത്. ഇടുക്കി വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരുടെ കൊലപാതകത്തിന്റെ അന്വേഷണം വഴിത്തിരിവിലെത്തിയതായി അന്വേഷണസംഘവും സ്ഥിരീകരിക്കുന്നു. നിധി കണ്ടെത്തുന്നതും മന്ത്രവാദവും സംബന്ധിച്ച തര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചതെന്നും പോലിസ് പറയുന്നു.
പോലിസ് കസ്റ്റഡിയില്‍ എടുത്തവരില്‍ നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങളാണ് കൊലയാളികളിലേക്ക് എത്തിപ്പെടാന്‍ അന്വേഷണസംഘത്തിനു സഹായകരമായത്. നിലവില്‍ പോലിസിന്റെ കസ്റ്റഡിയിലുള്ള ഒരാളുടെ ഫോണ്‍ കോളിലെ കോടികളുടെ ഇടപാടുകള്‍ സംബന്ധിച്ച പരാമര്‍ശം കൊലപാതകത്തിനു പിന്നിലുള്ളവരിലേക്ക് എത്തിപ്പെടാന്‍ സഹായിക്കുമോ എന്നും പോലിസ് പരിശോധിച്ചുവരുകയാണ്.
കൊല നടത്തിയവരെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ ലഭിച്ചപ്പോഴും ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുന്നതിലുള്ള കാലതാമസം പോലിസിനെ കുഴക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പലരെയും കസ്റ്റഡിയിലെടുക്കുന്നുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല.
കേരളത്തെ തന്നെ നടുക്കിയ കൂട്ടക്കൊലയിലെ പ്രതികളെ പിടികൂടുന്നത് ആകാംഷയോടെ വീക്ഷിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പഴുതുകള്‍ അടച്ചാവണമെന്ന നിര്‍ബന്ധത്തിലാണ് പോലിസ്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം ഗൂഢാലോചന സംബന്ധിച്ച അന്വേഷണമാണ് നടത്തുന്നത്. മറ്റൊരു ഗ്രൂപ്പ് കൊലപാതകികളെ തേടി ഇതരസംസ്ഥാനങ്ങളില്‍ വല വിരിച്ചിരിക്കുകയുമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ കുടുക്കാന്‍ സാധിക്കുമെന്നും കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.
നിധി കണ്ടെത്തുന്നതു സംബന്ധിച്ച് തമിഴ്‌നാട്ടില്‍ പൂജ നടത്തിയതിന്റെ പേരിലുള്ള തര്‍ക്കവും പോലിസ് പരിശോധിച്ചുവരുകയാണ്. മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണന്‍ തമിഴ്‌നാട്ടില്‍ പോവാറുണ്ടായിരുന്നു. ഫലിക്കാതെ പോയ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട സാമ്പത്തികത്തര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചെന്ന നിഗമനവും പോലിസിനുണ്ട്. തമിഴ്‌നാട്ടില്‍നിന്നു നിധിശേഖരം കണ്ടെത്തി നല്‍കാമെന്നു പറഞ്ഞു കൃഷ്ണന്‍ തിരുവനന്തപുരം സ്വദേശിയില്‍നിന്നു പണം വാങ്ങിയതായി പോലിസിനു വിവരം ലഭിച്ചിരുന്നു.
മൃതദേഹങ്ങള്‍ കണ്ടെത്തിയതിന്റെ തലേന്ന് ആഡംബര വാഹനം ചീറിപ്പാഞ്ഞു പോയെന്ന നാട്ടുകാരന്റെ മൊഴിയെ തുടര്‍ന്ന് പോലിസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss