|    Nov 17 Sat, 2018 5:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കമ്പകക്കാനം കൂട്ടക്കൊല: റിട്ട. പോലിസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍

Published : 5th August 2018 | Posted By: kasim kzm

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകക്കേസില്‍ റിട്ട. പോലിസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്നുപേരെ കൂടി കസ്റ്റഡിയിലെടുത്തു. നേരത്തെ കസ്റ്റഡിയിലായ നെടുങ്കണ്ടം സ്വദേശി നല്‍കിയ വിവരമനുസരിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം പാങ്ങോട് എആര്‍ ക്യാംപിലെ മുന്‍ അസിസ്റ്റന്റ് കമാന്‍ഡന്റും ഇതില്‍പ്പെടും.
അതേസമയം, പോലിസ് കസ്റ്റഡിയിലെടുത്ത പാങ്ങോട് സ്വദേശി ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. സുഹൃത്തുമായുള്ള ഷിബുവിന്റെ ഫോണ്‍ സംഭാഷണത്തില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ഉടന്‍ തന്നെ തന്റെ കൈയില്‍ കോടികള്‍ വരുമെന്നു ഷിബു സുഹൃത്തിനോട് പറയുന്നു. ഷിബുവിനു കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നു പോലിസ് അറിയിച്ചു. ഫോണ്‍ സംഭാഷണത്തിലെ സാമ്പത്തിക ഇടപാട് സംശയാസ്പദമാണ്. ബിസിനസ് ചീഫിന് നല്‍കാനാണു പണമെന്നും തിരുവനന്തപുരത്തുള്ള ചീഫിന് പണം നല്‍കിയാല്‍ പ്രശസ്തനാവുമെന്നും സുഹൃത്തിനോടു പറയുന്നതു ശബ്ദരേഖയിലുണ്ട്. വിവിധ സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായ ഇയാള്‍ ഇടയ്ക്കിടെ തൊടുപുഴയിലെത്തിയിരുന്നതായും പോലിസ് വ്യക്തമാക്കുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിധിയുടെ പേരില്‍ ചിലര്‍ കൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു.
പാങ്ങോട് സ്വദേശി ഷിബുവിനെ ഇന്നലെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. കള്ളനോട്ട് കേസിലെ പ്രതി കൂടിയാണ് ഇയാള്‍. നാലുപേരെ കൂടി തിരുവനന്തപുരത്ത് നിന്നു കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
കമ്പക്കാനം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയാണു വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
15ഓളം മന്ത്രവാദികള്‍ അടക്കമുള്ളവരെ കൃഷ്ണന്‍ നിരന്തരം വിളിച്ചിരുന്നു. ഇവരെയെല്ലാം പോലിസ് ചോദ്യംചെയ്തു. കൃഷ്ണന്റെ പല ഇടപാടുകളിലെയും സഹായിയാണു കസ്റ്റഡിയിലുള്ള കര്‍ഷകനായ നെടുങ്കണ്ടം സ്വദേശി. അധ്വാനമൊന്നും കൂടാതെ കോടീശ്വരനാക്കാമെന്നു വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന റൈസ് പുള്ളര്‍ ഇടപാടുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ മുഖാന്തരം പലയിടങ്ങളിലും കൃഷ്ണന്‍ ആഭിചാരക്രിയകള്‍ക്ക് പോയതായും പോലിസിന് വിവരം ലഭിച്ചു. ഇതെല്ലാം വിലയിരുത്തിയാണു കൃഷ്ണന്റെ ഇടപാടുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
അതിനിടെ വീട്ടില്‍ നിന്ന് 30 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പറയുന്നുണ്ട്. ആര്‍ഷയുടെ മുറിയിലാണു സ്വര്‍ണം സൂക്ഷിച്ചിരുന്നതെന്ന് കൊല്ലപ്പെട്ട സുശീലയുടെ സഹോദരി ഓമനയാണ് പോലിസിനെ അറിയിച്ചത്. എന്നാല്‍, വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss