|    Dec 10 Mon, 2018 4:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കമ്പകക്കാനം കൂട്ടക്കൊല അന്വേഷണം ബന്ധുക്കളെയും വീട്ടിലെ സന്ദര്‍ശകരെയും കേന്ദ്രീകരിച്ച്‌

Published : 3rd August 2018 | Posted By: kasim kzm

തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും പ്രതികളെ സംബന്ധിച്ച് യാതൊരു സൂചനയും പോലിസിന് ലഭിച്ചില്ല. ബന്ധുക്കള്‍, കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയിരുന്നവര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നീങ്ങുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വണപ്പുറം കമ്പകക്കാനത്ത് കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊല്ലപ്പെട്ട നാലംഗ കുടുംബത്തിന്റെ അന്ത്യവിശ്രമവും ഒരുമിച്ചായി. കൃഷ്ണന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്നരയോടെയാണു വീട്ടിലെത്തിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ അര മണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ച ശേഷമായിരുന്നു സംസ്‌കാരം.
പുരയിടത്തില്‍ത്തന്നെ വലിയ കുഴിയെടുത്തു വെവ്വേറെ ശവപ്പെട്ടികളില്‍ ആക്കിയാണു മറവുചെയ്തത്. മൃതദേഹങ്ങള്‍ ദഹിപ്പിക്കേണ്ടെന്നു പോലിസ് സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറവു ചെയ്യാന്‍ തീരുമാനിച്ചതെന്നു കൃഷ്ണന്റെ മൂത്ത സഹോദരന്‍ ഭാസ്‌കരന്‍ പറഞ്ഞു.
അതിനിടെ, കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി വൈകിയും ഫോണ്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായി. രാത്രി കൂട്ടുകാരില്‍ ചിലരെ ഫോണില്‍ വിളിക്കുകയും വാട്‌സ് ആപ്പും ചെയ്തിരുന്നു. പോലിസ് ആര്‍ഷ പഠിച്ചിരുന്ന തൊടുപുഴയിലെ എംജി യൂനിവേഴ്‌സിറ്റി ബിഎഡ് കോളജിലെത്തി കൂട്ടുകാര്‍, സഹപാഠികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നെല്ലാം കാര്യങ്ങള്‍ തിരക്കി.
അതിനിടെ, കൃഷ്ണന്റെ സഹോദരങ്ങളില്‍ ചിലര്‍ക്കും മന്ത്രവാദവുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചു. മാത്രമല്ല കുടുംബത്തില്‍ സ്വത്തുതര്‍ക്കവും നിലനിന്നിരുന്നു. അമ്മ മരിച്ചിട്ടു പോലും ചടങ്ങുകളില്‍ പങ്കെടുത്തില്ല. ഇതേക്കുറിച്ചൊക്കെ കൂടുതല്‍ അറിയാന്‍ കൃഷ്ണന്റെ സഹോദരങ്ങളെയും മറ്റു കുടുംബാംഗങ്ങളെയും ചോദ്യംചെയ്യും. മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിനു പിന്നിലെന്നു സംശയവും ശക്തമാണ്. മന്ത്രവാദം ഫലിക്കാത്തതിനെച്ചൊല്ലി തര്‍ക്കവും ബഹളവും ഉണ്ടായിട്ടുണ്ടെന്നും ഒരു ഇടപാടുകാരന് പണം തിരികെ നല്‍കിയത് അറിയാമെന്നും ബന്ധുക്കള്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്.
കൊല നടന്ന വീട്ടില്‍ നാട്ടുകാരും പോലിസും നടത്തിയ പരിശോധനയില്‍ വീടിന്റെ വാതില്‍ ചാരിയ നിലയിലായിരുന്നു. അതിനാല്‍ വീടിനുള്ളില്‍ കടക്കാന്‍ ബലപ്രയോഗം നടന്നിട്ടില്ലെന്ന് പോലിസ് കരുതുന്നു. അതിനാലാണു വീട്ടില്‍ സ്ഥിരമായി വന്നിരുന്നവര്‍ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്നു കരുതുന്നത്. തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തില്‍ മൂന്നു സിഐമാര്‍ ഉള്‍പ്പെടുന്ന 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഐജി വിജയ് സാഖറെയും സ്ഥലം സന്ദര്‍ശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss