|    Jan 19 Thu, 2017 8:47 pm
FLASH NEWS

കമോണ്‍ ഇന്ത്യ, ലെറ്റ്‌സ് ഫുട്‌ബോള്‍

Published : 1st October 2016 | Posted By: SMR

ഗുവാഹത്തി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര തന്നെ മാറ്റിയെഴുതിയ ഐഎസ്എല്ലിന്റെ മൂന്നാം സീസണിന് ഇന്നു പന്തുരുളും. ഇനിയുള്ള രണ്ടരമാസത്തോളം കാലം രാജ്യം മുഴുവന്‍ പന്തിനു പിറകെയായിരിക്കും. ഇന്നു രാത്രി ഏഴിന് കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഐഎസ്എല്ലിന് തുടക്കമാവുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക്‌സ് സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുന്നത്.
കാണികളെ ആവേശം കൊള്ളിക്കാന്‍ നിറപ്പകിട്ടാര്‍ന്ന ഉദ്ഘാടനച്ചടങ്ങുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 5.30 മുതല്‍ ആറു മണി വരെയായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍.
ബോളിവുഡ് യുവതാരം വരുണ്‍ ധവാന്‍, നടിമാരായ ആലിയ ഭട്ട്, ജാക്വെലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായെത്തും. 500ല്‍ അധികം കലാകാരന്‍മാരുടെ പ്രകടനമാണ് ചടങ്ങിന്റെ മറ്റൊരു ആകര്‍ഷണം.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ ഉടമകളിലൊരാളും ക്രിക്കറ്റ് ഇതിഹാസവുമായ സചിന്‍ ടെണ്ടുല്‍ക്കര്‍, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സഹ ഉടമയും ബോളിവുഡ് നടനുമായ ജോ ണ്‍ അബ്രഹാം, റിലയന്‍സ് ഫൗണ്ടേഷന്‍, ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാനായ നിത അംബാനി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവരടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.
എട്ടു ടീമുകളാണ് രാജ്യത്തെ ഫുട്‌ബോള്‍ ചാംപ്യന്മാരെന്ന നേട്ടം മോഹിച്ച് ഇന്നു മുതല്‍ പോര്‍ക്കളത്തിലിറങ്ങുക. കേരള ബ്ലാസ്‌റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവരെക്കൂടാതെ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, ചെന്നൈയ്ന്‍ എഫ്‌സി, ഡല്‍ഹി ഡൈനാമോസ്, എഫ്‌സി ഗോവ, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, പൂനെ സിറ്റി എന്നിവയാണ് മറ്റു ടീമുകള്‍.
ഓരോ ടീമിനും ഹോം, എവേ രീതികളിലാമായി 14 മല്‍സരങ്ങളുണ്ടാവും. മുഴുവന്‍ മല്‍സരങ്ങളും രാത്രി ഏഴു മണിക്കാണ് ആരംഭിക്കുന്നത്.
പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഡിസംബ ര്‍ 10, 11 തിയ്യതികളിലാണ് ആദ്യപാദ സെമി മല്‍സരങ്ങള്‍. രണ്ടാംപാദം 13, 14 തിയ്യതികളിലാണ്. കലാശപ്പോരാട്ടം 18ന് അരങ്ങേറും. സെമി, ഫൈനല്‍ എന്നിവയുടെ വേദി പ്രഖ്യാപിച്ചിട്ടില്ല.
ആത്മവിശ്വാസത്തോടെ
ബ്ലാസ്‌റ്റേഴ്‌സ്
പ്രഥമ സീസണില്‍ കൈയെത്തുംദൂരത്ത് കൈവിട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുറച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ ഇതിഹാസം സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റിനെതിരേ ജയത്തോടെ തന്നെ പുതിയ സീസണിനു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട.
കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരുക്കത്തിലാണ്.
വടക്കന്‍ അയര്‍ലന്‍ഡിനായി അടുത്തിടെ സമാപിച്ച യൂറോ കപ്പില്‍ ബൂട്ടണിഞ്ഞ പരിചയസമ്പന്നനായ ഡിഫന്റര്‍ ആരോണ്‍ ഹ്യൂസാണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വി താരം.
മൈക്കല്‍ ചോപ്ര, ജോസു, മുഹമ്മദ് റാഫി, സി കെ വിനീത്, അന്റോണിയോ ജര്‍മന്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രമുഖര്‍.
അതേസമയം, ഐവറികോസ്റ്റ് മുന്‍ താരം ദിദിയര്‍ സക്കോറയാണ് നോര്‍ത്ത് ഈസ്റ്റിന്റെ മാര്‍ക്വി താരം.
നികോളാസ് വെലസ്, എമിലിയാനോ അല്‍ഫാറോ, ഹോളിചരണ്‍ നര്‍സറെ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷകളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക