|    Apr 24 Tue, 2018 1:04 am
FLASH NEWS

കബാലി ‘നായകന്‍’ തന്നെയോ?!!

Published : 22nd July 2016 | Posted By: G.A.G

kabaliഒടുവില്‍ കബാലി എത്തി. കൊച്ചു കേരളത്തിലുള്‍പ്പെടെ ആയിരത്തിലേറെ പ്രദര്‍ശനങ്ങളുമായി വന്ന ചിത്രം മികച്ച ഇനീഷ്യല്‍ കളക്ഷനാണ് ലക്ഷ്യമിടുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താനെ രജനി ചിത്രം ബാധിക്കുമോ എന്നു പോലും നിരൂപകര്‍ ആശങ്കിച്ചു! (ഇതിനകം 500 കോടിയോളം ലാഭമുണ്ടാക്കിയ സിനിമയാണ് സുല്‍ത്താന്‍!)
ramadan 400സത്യത്തിലിത് പാരയായത് മലയാളത്തിലെ കൊച്ചു ചിത്രങ്ങള്‍ക്കാണ്. മമ്മുട്ടിയുടെ കസബ, ബിജു മേനോന്റെ അനുരാഗ കരിക്കിന്‍ വെള്ളം, ഷാജഹാനും പരീക്കുട്ടിയും, കരിങ്കുന്നം സിക്‌സസ് തുടങ്ങിയവ മിക്ക റിലീസിങ് കേന്ദ്രങ്ങളിലും ഒരു തിയറ്ററില്‍ ചുരുങ്ങി.
അതേസമയം കബാലി പ്രതീക്ഷിച്ച ഓളമുണ്ടാക്കിയില്ലെന്നാണ് പ്രതികരണങ്ങള്‍ കാണിക്കുന്നത്. ആടുകളം, മദ്രാസ് എന്നീ മനോഹര ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ സംവിധായകന്റെ സിനിമ എന്ന വിശ്വാസത്തില്‍ കാണാന്‍ ചെല്ലുന്നവരെ കബാലി നിരാശപ്പെടുത്തില്ല. എന്നാല്‍ രജനിയുടെ അമാനുഷിക പ്രകടനങ്ങള്‍ കാത്ത് പോയവരെ ഈ ചിത്രം നിരാശരാക്കും. കാരണമിത് ഒരു പക്കാ മാസ്സ് ചിത്രമല്ല. മാസ്സ് ക്ലാസ്സ് ചിത്രമെന്ന് വേണമെങ്കില്‍ പറയാം. പതിവു രജനി ചിത്രങ്ങള്‍ പോലെ കഥയില്ലാത്ത ചിത്രവുമല്ല. നല്ലൊരു കുടുംബകഥയുണ്ട് കബാലിക്ക്. എന്നാലത് മോഷണ കഥയാണോ! ആണെന്നു പറയുന്നില്ല. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഇന്ന് റിലീസായ ‘കബാലി’ക്ക്  മണിരത്‌നം സിനിമയായ ‘നായകനു’മായി ഒത്തിരി സാമ്യതകളുണ്ട്.
Nayagan_poster

1987ല്‍ റിലീസായ ‘നായകനി’ല്‍ കമല്‍ഹാസനായിരുന്നു നായകന്‍. തന്റെ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ വേലു നായകന്‍ കുറ്റവാളിയായ പോലിസുകാരനെ കൊലപണ്ണി മുംബൈയിലേക്കു രക്ഷപ്പെടുന്നു. ഒരു ഗാങ്സ്റ്റര്‍ ആവുകയായിരുന്നു ലക്ഷ്യം.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കും തന്റെ കുടുംബത്തിനും സംഭവിച്ച തകര്‍ച്ചയ്ക്ക് കാരണക്കാരായവരോട് കബലീശ്വരന്‍ നടത്തുന്ന പ്രതികാരമാണ് കബാലി. കഥ പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ല.
‘നായകനി’ലെ അഭിനയം കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വരെ നേടിക്കൊടുത്തു. വരദരാജ മുതലിയാര്‍ എന്ന ബോംബെ അധോലോക നായകന്റെ ജീവിതകഥയായിരുന്നു ‘നായകന്‍’. പടം മികച്ച അഭിപ്രായം നേടി. എന്നാല്‍ രജനി പടം പോലെ റിലീസിനു മുമ്പേ ലാഭം കൊയ്ത സിനിമയല്ല. കാലം അതാണല്ലോ. പക്ഷേ അന്ന് പടം പൊട്ടിയാലും നിര്‍മാതാവും നടനും രക്ഷപ്പെടുന്ന രീതി ഇല്ലായിരുന്നു.
kabaliram-3
രജനിയുടെ പൊട്ടിയ പടങ്ങളുടെ ലിസ്റ്റില്‍ കബാലിയും കയറുമോ? പാ രഞ്ജിത്ത് അതിന് ഇടംകൊടുക്കില്ലെന്നു പ്രത്യാശിക്കാം. കൊച്ചടൈയാന്‍, ലിങ്ക, കുസേലന്‍ എന്നിവയെല്ലാം വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണുണ്ടാക്കിയത്. നഷ്ടം താങ്ങാനാവാതെ രജനിയുടെ വീട്ടുപടിക്കല്‍ തിയേറ്ററുകാര്‍ നിരാഹാരമിരുന്നത് അടുത്തിടെയാണ്. അത് ആവര്‍ത്തിക്കാതിരിക്കട്ടെ!
രജനി നായകനായ ലിങ്ക സിനിമയുടെ വിതരണക്കാര്‍ പടം തിയറ്ററിലെത്തിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യത നികത്താന്‍ 35 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് രജനിയെ സമീപിച്ചിരുന്നു. ‘മെഗാ പിച്ചൈ’ എന്ന പേരില്‍ ഇത്തവണ വിതരണക്കാര്‍ രജനിയുടെ വീട്ടുപടിക്കല്‍ യാചനാസമരം നടത്തില്ലെന്ന് കരുതാം. 80 കോടി ചെലവിലെടുത്ത ലിങ്ക 150 കോടി ഗ്രോസ് നേടിയിരുന്നു. എന്നാല്‍ ലാഭം കിട്ടിയത് നിര്‍മാതാവിനായിരുന്നു എന്നു മാത്രം!
പി വാസു സംവിധാനം ചെയ്ത് 2008ല്‍ റിലീസായ കുസേലന്‍ സിനിമയാകട്ടെ വന്‍ പരാജയമാണ് നേരിട്ടത്. 65 കോടി ബജറ്റില്‍ എടുത്ത സിനിമ ബോക്‌സോഫിസില്‍ കലക്ട് ചെയ്തത് 20 കോടി മാത്രമായിരുന്നു!!
റിലീസാവാനിരിക്കുന്ന യന്തിരന്‍-2 വിനെ കബാലിയുടെ വിജയം ബാധിക്കുമെന്നുറപ്പ്! ഈ പടം പൊട്ടിയാ പിന്നെ യന്തിരന് ഇത്രയും തിയേറ്റര്‍ കിട്ടില്ല.
kabali-ram1ഇതൊന്നും രജനീകാന്ത് എന്ന സ്റ്റൈല്‍ മന്നനോടുള്ള ഇഷ്ടത്തെ ബാധിക്കില്ല. ലൊക്കേഷനു പുറത്ത് നരച്ച താടിയും കഷണ്ടിയും കാട്ടാന്‍ ധൈര്യപ്പെടുന്ന ഒരു നടന്‍ ഇതുപോലെ വേറെ കാണില്ല. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മുട്ടിയും രജനിയും അടുത്തു നിന്നാല്‍ നിങ്ങള്‍ക്കെന്തു തോന്നും? അച്ഛനും മകനും നില്‍ക്കുന്ന പോലെ അല്ലേ. എന്നാല്‍ ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനിക്ക് മമ്മൂക്കയെക്കാള്‍ ഒരു വയസ്സേ കൂടുതലുള്ളൂ എന്നറിയുക. നടനെന്നാല്‍ സദാ സമയവും കൂളിങ് ഗ്ലാസ് വച്ച് നടക്കുന്ന, നര കാണിക്കാത്ത വിഗ്ഗ് വച്ച് നടക്കുന്ന സുന്ദര കുട്ടപ്പനായിരിക്കണം എന്നു ധരിക്കുന്നവര്‍ക്ക് ഒരു തിരുത്താണ് രജനീകാന്ത്. സിനിമാ ലൊക്കേഷനിലല്ലാത്തപ്പോള്‍ അദ്ദേഹം വിഗ്ഗ് വയ്ക്കാറേയില്ല!

kabaliram-2സിനിമയില്‍ പോലും നര അദ്ദേഹത്തിനൊരു പ്രശ്‌നമല്ല.
മമ്മുക്കാക്കും ലാലേട്ടനുമൊക്കെ ഒത്തിരി പഠിക്കാനുണ്ട് ഈ മനുഷ്യനില്‍ നിന്നും. രാഷ്ട്രീയത്തില്‍ ചാടിക്കേറി അധികാരത്തിനായി ഏതു പാര്‍ട്ടിയുടെ കൂടെ ചേരാനും മടിയില്ലാത്തവര്‍ക്കും രജനി ഒരു പാഠപുസ്തകം തന്നെ. ഒരു മൂളല്‍ മതി, രജനി മുഖ്യമന്ത്രിക്കസേരയിലെത്താന്‍!! എന്നാല്‍ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്ന് രജനി വ്യക്തമാക്കിയതാണ്. ആ വ്യക്തിത്വത്തിന് ഒരു ‘സ്റ്റാര്‍’ അധികം കൊടുക്കാം. ഒപ്പം പാറി നടന്ന് വില്ലന്‍മാരെ ഇടിച്ചു തെറിപ്പിക്കുന്ന രജനി എന്ന അഭിനേതാവിനെ ഭൂമിയില്‍ ഉറപ്പിച്ചു നിര്‍ത്തിയ പാ രഞ്ജിത്തിന് രണ്ടും സ്റ്റാറും!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss