|    May 25 Thu, 2017 6:55 am
FLASH NEWS

കബാലി എത്തി; പുലര്‍ച്ചെ മുതല്‍ ആരാധകരുടെ പ്രവാഹം

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: രജനികാന്തിന്റെ വമ്പന്‍ചിത്രം കബാലിയുടെ കന്നിപ്രദര്‍ശനം ഉല്‍സവലഹരിയില്‍. പുലര്‍ച്ചെയുള്ള ആദ്യ പ്രദര്‍ശനത്തിനായി രാത്രിമുതല്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് ആരാധകര്‍ ചിത്രത്തെ വരവേറ്റത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകര്‍ കൂട്ടത്തോടെയെത്തി തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ ടിക്കറ്റ് കരസ്ഥമാക്കി. കേരളത്തിലൊട്ടാകെ 306 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയ്ക്ക് തിരുവനന്തപുരത്ത് മാത്രം 12 സ്‌ക്രീനാണുള്ളത്. ജില്ലയില്‍ എട്ടു തിയേറ്ററുകളിലായി പ്രദര്‍ശനം ആരംഭിച്ച സിനിമയ്ക്ക് ആറു ഷോയാണുള്ളത്. അപൂര്‍വമായാണ് ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 12 വരെ നീളുന്ന വ്യത്യസ്ഥ സമയങ്ങളില്‍ ആരാധകര്‍ കബാലി കണ്ടു.
കബാലി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളും പരിസരവും വ്യാഴാഴ്ച രാത്രിയോടെ തന്നെ രജനി ആരാധകര്‍ കൈയടക്കിയിരുന്നു. തിയേറ്റര്‍ ജീവനക്കാരും ഉറങ്ങാതെയാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി കാത്തിരുന്നത്. ചെന്നൈയില്‍ പുലര്‍ച്ചെ നാലിനും കേരളത്തില്‍ അഞ്ചിനുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പലരും നാട്ടിലെ തിരക്ക് മുന്‍കൂട്ടി കണ്ട് ഇവിടെ ടിക്കറ്റ് ബുക്ക് ചെയ്തവരായിരുന്നു.
തമിഴ്‌നാട്ടിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്കായി ഏരീസ് മള്‍ട്ടിപ്ലക്‌സില്‍ ദിസവും 100 ടിക്കറ്റ് വീതമാണ് ഓണ്‍ലൈനായി ബുക്ക് ചെയ്തിരിക്കുന്നത്. കബാലിയുടെ റിലീസ് പ്രമാണിച്ച് തമിഴ്‌നാട്ടിലെ പല ഐടി കമ്പനികള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്നലെ അവധിയായിരുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ആശീര്‍വാദ് സിനിമാസ് ഏഴ് കോടിയോളം മുടക്കിയാണ് ചിത്രത്തിന്റെ കേരളത്തിലെ പ്രദര്‍ശനാവാകാശം സ്വന്തമാക്കിയത്.
അതിനിടെ കബാലിയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. കേരളത്തിന്റെ സൈബര്‍ പോലിസ് ഡോമാണ് ചിത്രം ചോര്‍ന്നത് കണ്ടെത്തിയത്. വീഡിയോ ഹോസ്റ്റിങ് സൈറ്റായ വിമിയോ, തമിള്‍ഗണ്‍ എന്നിവയിലൂടെയാണ് കബാലിയുടെ രംഗങ്ങള്‍ ആദ്യം പുറത്തായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day