|    Apr 26 Thu, 2018 9:41 am
FLASH NEWS
Home   >  Editpage  >  Editorial  >  

കബാലിക്കു പിറകെ പ്രേക്ഷകലോകം പായുമ്പോള്‍

Published : 27th July 2016 | Posted By: SMR

കബാലി എന്ന രജനീകാന്ത് ചിത്രം ലോകത്തുടനീളം പണം വാരുകയാണ്. റിലീസിനു മുമ്പേ 223 കോടി വരവ്. റിലീസ് ദിവസം 250 കോടി. അമേരിക്കയടക്കം ലോകത്തുടനീളം പലേടങ്ങളിലുമായി ചിത്രം പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കബാലി കാണാന്‍ വേണ്ടി ആളുകള്‍ അവധിയെടുക്കുന്നതുമൂലം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു. ഒരു സിനിമ സമൂഹജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. കബാലിക്കു ചുറ്റും കറങ്ങുകയാണു സമൂഹം, വിശേഷിച്ചും ദക്ഷിണേന്ത്യയില്‍.
ഏതാണ്ട് സമാനമായ തരംഗങ്ങളാണ് സല്‍മാന്‍ഖാന്റെ സുല്‍ത്താന്‍ എന്ന ചിത്രം വടക്കേ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതും. കോടികളാണ് സുല്‍ത്താന്‍ സമ്പാദിക്കുന്നത്. ദക്ഷിണേന്ത്യയിലും സ്ഥിതി മോശമല്ല. സാമ്പത്തികനേട്ടങ്ങളുണ്ടാക്കുന്നു എന്നതു മാത്രമല്ല ഈ ചിത്രങ്ങളുടെ സവിശേഷത. അവ സൃഷ്ടിക്കുന്ന സാമൂഹികാഘാതങ്ങളാണു പ്രധാനം. കബാലിയും സുല്‍ത്താനും അതേപോലെയുള്ള മറ്റു ചലച്ചിത്രനിര്‍മിതികളും പ്രത്യക്ഷപ്പെടുന്നതോടെ പൊതുബോധത്തിന്റെ മുന്‍ഗണനകള്‍ മാറിമറിയുകയും ജനങ്ങള്‍ ഒന്നടങ്കം ഏതോ മായികവിഭ്രാന്തിയില്‍ അകപ്പെടുകയും ചെയ്യുന്നു. നാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ വിസ്മരിക്കപ്പെടുകയും അയഥാര്‍ഥമായ ലോകങ്ങളില്‍ ആളുകള്‍ അഭയം തേടുകയും ചെയ്യുന്നു. അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള അപകടങ്ങള്‍ നിസ്സാരമാക്കി തള്ളിക്കളഞ്ഞുകൂടാ.
കബാലിയെയും സുല്‍ത്താനെയും പോലെയുള്ള ചിത്രങ്ങള്‍ കലാപരമായി മികച്ചവയല്ല. ചലച്ചിത്രമെന്ന മാധ്യമത്തെ ഗൗരവപൂര്‍വം കാണുന്നവര്‍ ഈ സിനിമകളെ ഗൗരവത്തിലെടുക്കാറുമില്ല. താരമൂല്യം, സാങ്കേതികമികവ്, നിര്‍മാണച്ചെലവ്, ദൃശ്യപ്പൊലിമ തുടങ്ങിയ ചലച്ചിത്ര ബാഹ്യഘടകങ്ങളെ ആശ്രയിച്ചാണ് അവയുടെ ജനസമ്മതി നിലകൊള്ളുന്നത്. നിര്‍ഭാഗ്യവശാല്‍ സിനിമയുടെ കലാപരമായ ദൗത്യങ്ങളെ അവഗണിക്കുന്ന ഇത്തരം ചലച്ചിത്രങ്ങളാണ് ഇപ്പോള്‍ അംഗീകരിക്കപ്പെടുന്നത്. ബാഹുബലി എന്ന ബിഗ് ബജറ്റ് ചിത്രത്തിനായിരുന്നു കഴിഞ്ഞകൊല്ലത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം എന്ന് ഓര്‍ക്കുക. കലാപരമോ സാമൂഹികമോ ആയ ഗുണമേന്മകളൊന്നും അവകാശപ്പെടാനില്ലാത്ത ഇത്തരം ഉദ്യമങ്ങള്‍ക്കു ജനസമ്മതിയും ഔദ്യോഗികമായ അംഗീകാരവും കിട്ടുമ്പോള്‍ അതില്‍ പ്രകടമാവുന്നത് പ്രതിലോമപരമായ ചില ഊന്നലുകളാണ്. കബാലിക്കു സമൂഹത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരം ഈ പ്രതിലോമസ്വഭാവത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളിലേക്കാണ് നമ്മെ നയിക്കേണ്ടത്. സിനിമയുടെ ദൗത്യങ്ങള്‍ വഴിമാറിപ്പോവുന്നത് ആശാസ്യമല്ലല്ലോ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss