|    Sep 26 Wed, 2018 4:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കപ്പില്‍ മുത്തമിടാന്‍ മണിക്കൂറുകള്‍…

Published : 22nd January 2017 | Posted By: fsq

 

കണ്ണൂര്‍: ആറുനാള്‍ കൗമാരകലയുടെ വിസ്മയരാപകലുകള്‍ തീര്‍ത്ത സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍. കനകകിരീടത്തില്‍ മുത്തമിടാന്‍ കണ്ണും കാതും കൂര്‍പ്പിച്ച കാത്തിരിപ്പിനു നിമിഷങ്ങള്‍ മാത്രം.അഞ്ചാംനാളിനെ വെല്ലാനായില്ലെങ്കിലും ഇന്നലെയും കണ്ണൂരിന്റെ ഹൃദയം കലാനഗരിയിലേക്ക് ഒഴുകുകയായിരുന്നു. നിളയും പമ്പയും പാമ്പാറുമെല്ലാം വിശ്രമമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു. വേദികളെല്ലാം ജനനിബിഡം. രാവിലെ മുതല്‍ രാവേറും വരെ പതിനായിരങ്ങളെത്തി. പ്രധാനവേദിയായ നിളയില്‍ രാവിലെ മുതല്‍ കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ പുരുഷാരം ഒഴുകിയെത്തി. രാവിലെ നടന്ന കേരളനടനം കാണാനെത്തിയത് ആയിരങ്ങളായിരുന്നു. വൈകീട്ടോടെ ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം തുടങ്ങിയപ്പോള്‍ മൈതാനത്ത് സൂചികുത്താന്‍ ഇടമില്ലായിരുന്നു. രണ്ടാംവേദിയായ ചന്ദ്രഗിരിയില്‍ പരിചമുട്ടും അറബനമുട്ടും കാണാന്‍ പൂരത്തിരക്ക്. കബനിയിലാവട്ടെ വഞ്ചിപ്പാട്ടിനൊത്ത് സദസ്സ് താളംപിടിച്ചു. പിന്നീടു നടന്ന നാടോടിനൃത്തത്തിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വലിയ സദസ്സ് തന്നെ സാക്ഷിയായി. പൊതുവെ ശുഷ്‌കമായ സദസ്സുണ്ടാവാറുള്ള നങ്ങ്യാര്‍കൂത്ത്, സംസ്‌കൃതോല്‍സവം എന്നിവ അരങ്ങേറിയ വളപട്ടണം, ഷിറിയ വേദികള്‍ക്കു മുന്നിലും മോശമല്ലാത്ത ജനക്കൂട്ടമെത്തി. കലാമാമാങ്കത്തിനു തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കണ്ണൂരിന്റെ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത ജനസഞ്ചാരത്തിനാണ് നഗരം സാക്ഷ്യംവഹിച്ചത്. ഗതാഗതം നിയന്ത്രിക്കാന്‍ പോലിസ് നന്നേ പാടുപെട്ടു. വാഹനങ്ങള്‍ കാല്‍ടെക്‌സ് വഴി തിരിച്ചുവിട്ടാണ് ജനത്തിരക്ക് നിയന്ത്രിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss