|    Oct 17 Wed, 2018 2:56 pm
FLASH NEWS

കപ്പല്‍ ചാലില്‍ മുങ്ങിയ മല്‍സ്യബന്ധന ബോട്ട് ഉയര്‍ത്തുന്നത് അനിശ്ചിതത്വത്തില്‍

Published : 22nd September 2017 | Posted By: fsq

 

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ മുങ്ങിയ മല്‍സ്യബന്ധന ബോട്ട് ഉയര്‍ത്തുന്ന നടപടികള്‍ അനിശ്ചിതത്വത്തി ല്‍.  ചൊവ്വാഴ്ച രാവിലെ മുങ്ങിയ ബോട്ട് ഉയര്‍ത്തുവാന്‍ പോര്‍ട്ടും നേവിയും ശ്രമിച്ചിരുന്നുവെങ്കിലും നടക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മുങ്ങിയ ബോട്ട് ഉയര്‍ത്തി മാറ്റാമെന്ന് ഫിഷറീസ് വകുപ്പ് പറഞ്ഞിരുന്നുവെങ്കിലും അവരും ഇപ്പോള്‍ പിന്‍മാറിയ അവസ്ഥയാണ്. കായലില്‍ മുങ്ങിയ ബോട്ട് ഉയര്‍ത്തുവാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ പോര്‍ട്ടിനില്ല. പുറമേ നിന്നുള്ള സ്ഥാപനങ്ങളെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഏല്‍പ്പിക്കുക. എന്നാല്‍ ഇതിനായുള്ള നടപടികളൊന്നും പോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലായെന്നാണ് സൂചന. കായലില്‍ ചെളിയില്‍ കുടുങ്ങിയ ഇരുമ്പ് ബോട്ട് മുറിച്ച് മാറ്റുകയേ ഇനി വഴിയുള്ളൂ. ഇതിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാവുക. അതേസമയം കപ്പല്‍ ഗതാഗതം ഇന്നലെ സുഗമമായി നടന്നു. ഇന്നലെ രാവിലെ ആറരയ്ക്ക് കണ്ടെയ്‌നറുമായി എല്‍ ബി ശാസ്ത്രിയെന്ന ചരക്ക് തുറമുഖം വിട്ടു. ഏഴിന് കോറല്‍സ് എന്ന യാത്ര കപ്പലും ഏഴരയ്്ക്ക് കണ്ടെയ്‌നര്‍ കപ്പലായ എസ്എസ്എല്‍ കൊച്ചിയും തുറമുഖത്തേക്ക് വന്നു. വൈകീട്ട് അഞ്ചരയ്ക്ക് കവരത്തിയെന്ന യാത്ര കപ്പലും ആറിന് ലഗൂന്‍ എന്ന യാത്ര കപ്പലും തുറമുഖംവിട്ടു. ഓയില്‍ ടാങ്കര്‍ കപ്പലായ ജാഗ് അമീഷ തുറമുഖത്തേക്ക് വൈകീട്ട് ഏഴ് മണിയോടെ എത്തുകയും ചെയ്തു. കൊല്‍ക്കത്തയിലെ ഹാല്‍ഡിയയില്‍ നിന്നാണ് ഓയില്‍ ടാങ്കര്‍ കപ്പലെത്തിയത്. ഇത്തരത്തില്‍ കപ്പല്‍ ഗതാഗതം ഇപ്പോള്‍ സുഖമമാണെങ്കിലും ബോട്ട് ഉയര്‍ത്താനായില്ലെങ്കില്‍ ഗതാഗതം വരും ദിവസങ്ങളില്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. ഇതിനിടെ ബോട്ട് മുങ്ങി കിടക്കുന്നയിടത്ത് പോര്‍ട്ട് സ്ഥാപിച്ച ബോയ പൊട്ടിപ്പോയി. ഇതോടെ ബോട്ട് കിടക്കുന്ന ഭാഗം തിരിച്ചറിയുന്നതിനുള്ള മാര്‍ഗവും ഇല്ലാതായി. ഇനി വീണ്ടും സ്‌കാന്‍ ചെയ്താല്‍ മാത്രമേ ബോട്ട് കിടക്കുന്നയിടം കണ്ടെത്താനാവൂ. അതേസമയം സംഭവത്തില്‍ ഫിഷറീസ് വകുപ്പിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കമുള്ളതായും സൂചനയുണ്ട്. പുറം കടലില്‍ മുങ്ങി കൊണ്ടിരുന്ന ബോട്ട് കപ്പല്‍ ചാലിലേക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വലിച്ച് കൊണ്ട് വന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കരുതുന്നത്. മുങ്ങിയ ബോട്ട് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്കിടയാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss