|    Mar 28 Tue, 2017 10:01 am
FLASH NEWS

കപിക്കാട്-കല്ലറ-വടക്കേത്തറ റോഡിന് 20 കോടി അനുവദിച്ചു

Published : 14th July 2016 | Posted By: SMR

കടുത്തുരുത്തി: കപിക്കാട് കല്ലറ വടക്കേത്തറ റോഡിന് ബജറ്റില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു.
ബജറ്റിന്റെ പൊതു ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എംഎല്‍എമാരായ അഡ്വ. മോന്‍സ് ജോസഫ്, സികെ ആശ എന്നിവര്‍ ഈ ആവശ്യം ധനമന്ത്രിയോട് ഉന്നയിച്ചിരുന്നു. കടുത്തുരുത്തി വൈക്കം മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതും അപ്പര്‍ കുട്ടനാട് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ഉപകരിക്കുന്നതുമായ സുപ്രധാന റോഡ് വികസന പദ്ധതിക്കാണ് ഇതിലൂടെ ശാപമോക്ഷമുണ്ടാവുന്നത്. പൂര്‍ണമായും കാര്‍ഷിക മേഖലയിലൂടെ കടന്നുപോവുന്ന റോഡ് നെല്‍കൃഷിക്കാര്‍ക്ക് ഏറ്റവും വലിയ അനുഗ്രഹമാണ്.
ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് സാധാരണ കുടുംങ്ങള്‍ക്കാണ് ഇതിലൂടെ പുരോഗതി ഉണ്ടാവുന്നത്. കപിക്കാട് കല്ലുപുര വാക്കേത്തറ തോട്ടകം റോഡ് എന്ന നിലയില്‍ റോഡ് വികസന പദ്ധതിക്കു രൂപം നല്‍കിയത് 1996ല്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിലാണ്.
2000ത്തില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല.
പിന്നീട് പൊതുമരാമത്ത് മന്ത്രിയായി മോന്‍സ് ജോസഫ് പ്രവര്‍ത്തിച്ച സന്ദര്‍ഭത്തില്‍ അഞ്ചു കോടി രൂപ വിഷന്‍ 2010 പദ്ധതിയില്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് മൂന്നു പാലങ്ങളുടെയും റോഡിന്റെയും നിര്‍മാണം നടപ്പാക്കാന്‍ കഴിഞ്ഞത്. അവശേഷിക്കുന്ന പാലങ്ങളുടെ പൂര്‍ത്തീകരണവും റോഡിന്റെ ടാറിങ് ജോലികളും ഉള്‍പ്പെടെയുള്ള സമഗ്ര നവീകരണമാണ് ഇനി നടക്കേണ്ടത്.
ഇപ്പോള്‍ ധന മന്ത്രി അനുവദിച്ചിരിക്കുന്ന 20 കോടി രൂപ വിനിയോഗിച്ചാല്‍ ഏറ്റവും മെച്ചപ്പെട്ട നിലവാരത്തില്‍ മനോഹരമായ റോഡാണ് അപ്പര്‍കുട്ടനാട് കാര്‍ഷിക മേഖലയില്‍ പൂര്‍ത്തിയാവാന്‍ പോവുന്നത്.
കടുത്തുരുത്തി, കല്ലറ, വൈക്കം മേഖലകള്‍ക്ക് നവീകരിച്ച റോഡ് ഏറ്റവും വലിയ അനുഗ്രഹമായിരിക്കും. പൊതുമരാമത്ത് വകുപ്പ് കടുത്തുരുത്തി സബ് ഡിവിഷനില്‍ നിന്ന് ഡീറ്റെയില്‍ഡ് പ്രോജക്ട് റിപോര്‍ട്ട് കൂടുതല്‍ ഫണ്ടിനു വേണ്ടി കഴിഞ്ഞവര്‍ഷം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമായതോടെ ഭാവിനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അവസരമുണ്ടായിരിക്കുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day