|    Nov 22 Thu, 2018 1:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കന്യാസ്ത്രീയുടെ വധശ്രമ പരാതി: കേസെടുക്കാനാവില്ലെന്ന് പോലിസ്

Published : 31st August 2018 | Posted By: kasim kzm

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ആളുകള്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പീഡനത്തിനിരയായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് അന്വേഷണസംഘം. തന്നെ വധിക്കുന്നതിനു ജലന്ധര്‍ ബിഷപ്പിന്റെ അനുയായി ഫാ. ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്പില്‍ മഠത്തിലെ ജോലിക്കാരനായ അസം സ്വദേശി പിന്റുവിനെ സമീപിച്ചെന്നാണ് കന്യാസ്ത്രീ കുറവിലങ്ങാട് പോലിസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, പരാതിയില്‍ അവ്യക്തതകളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ബിഷപ്പിനെതിരായ പീഡന പരാതി അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു.
കന്യാസ്ത്രീ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ മുമ്പു നടന്നതാണ്. നിരവധി തവണ മഠത്തില്‍ പോലിസ് സന്ദര്‍ശനം നടത്തിയപ്പോഴും കന്യാസ്ത്രീ ഇത്തരമൊരു പരാതി പറഞ്ഞിരുന്നില്ല. മാധ്യമങ്ങളോടും ഇക്കാര്യം ഉന്നയിച്ചിട്ടില്ല. ഇപ്പോള്‍ പരാതിയുമായെത്തിയത് എന്തിനെന്നറിയില്ല.
വിഷയത്തില്‍ കന്യാസ്ത്രീയുടെയും അസം സ്വദേശി പിന്റുവിന്റെയും മൊഴിയെടുത്തിട്ടുണ്ട്. പരാതി നല്‍കാന്‍ വൈകിയതിനെക്കുറിച്ച് കന്യാസ്ത്രീയോടു ചോദിച്ചെങ്കിലും മറുപടിയൊന്നും നല്‍കിയില്ല.
പിന്റുവിന്റെ ഫോണ്‍ പരിശോധനയ്ക്കു നല്‍കിയിരിക്കുകയാണ്. ഇത് പൂര്‍ത്തിയായ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പരാതിയിലെ ആരോപണവിധേയനായ തോമസ് ചിറ്റുപറമ്പില്‍ മഠത്തിലെ സ്ഥിരം സന്ദര്‍ശകനാണ്. ഇയാള്‍ 200 രൂപ നല്‍കിയതായി പിന്റു സമ്മതിച്ചിട്ടുണ്ട്. എന്തിനു വേണ്ടിയാണ് ഈ പണം നല്‍കിയതെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവൂ. അതിനു ശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് ഇനിയും കടമ്പകളേറെയുണ്ടെന്ന് അന്വേഷണസംഘം വിശദീകരിച്ചു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് മാത്രമേ പോലിസിന് മുന്നോട്ടുപോകാനാവൂ. കന്യാസ്ത്രീയുടെ പരാതിയില്‍ ആരോപണ വിധേയനായ ആളിനു പറയാനുള്ളതു കേള്‍ക്കാനാണു ജലന്ധറില്‍ പോയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയല്ലായിരുന്നു ഉദ്ദേശ്യം. ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മഠത്തില്‍ താമസിച്ചിട്ടുണ്ടെന്നും പീഡനം നടന്നുവെന്നു പറയുന്ന ദിവസങ്ങളില്‍ മഠത്തില്‍ തങ്ങിയിട്ടില്ലെന്നുമാണു ബിഷപ് ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊഴിയില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ബിഷപ്പിന്റെ മൊബൈല്‍ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ച ശേഷം മാത്രമേ ഫോറന്‍സിക് പരിശോധനയ്ക്കു നല്‍കൂ. ബിഷപ്പിനെ ചോദ്യംചെയ്യുന്നതിനു കേരളത്തിലേക്കു വിളിച്ചുവരുത്തണോ, അതോ ജലന്ധറിലേക്ക് പോവണമോ എന്ന കാര്യം ആലോചിച്ചു തീരുമാനിക്കും. കേസന്വേഷണം അവസാന ഘട്ടത്തിലേക്കാണു കടക്കുന്നതെന്നും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss