|    Oct 16 Tue, 2018 7:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കന്യാസ്ത്രീകള്‍ സമരം അവസാനിപ്പിച്ചു

Published : 23rd September 2018 | Posted By: kasim kzm

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ഹൈക്കോടതി ജങ്ഷന് സമീപം കന്യാസ്ത്രീകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. നീതി ഉറപ്പാക്കാന്‍ സമരത്തെ പിന്തുണച്ച് ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചാണ് 15 ദിവസം നീണ്ടുനിന്ന പ്രത്യക്ഷസമരം അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ മഠത്തിലേക്കു മടങ്ങിയത്.
വെള്ളിയാഴ്ച രാത്രി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അന്വേഷണസംഘം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അന്നു രാത്രി തന്നെ നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗികമായി സമരം അവസാനിപ്പിക്കുന്നത് ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സമരപ്പന്തലിലെത്തിയ കന്യാസ്ത്രീകള്‍ തങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ചു. പോലിസില്‍ നിന്നും കോടതിയില്‍ നിന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സമരത്തില്‍ പങ്കെടുത്ത കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍ അനുപമ പറഞ്ഞു. കടുത്ത സമ്മര്‍ദം അതിജീവിച്ചാണ് പോലിസ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. തങ്ങളുടെ വിഷമങ്ങള്‍ സ്വന്തം വിഷമങ്ങളായി കണ്ട് തങ്ങളുടെ കണ്ണീരൊപ്പാന്‍ ഇവിടെയെത്തിയ എല്ലാവര്‍ക്കും നന്ദി. നിങ്ങളെല്ലാവരും തങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നുമുണ്ടാവുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
തങ്ങള്‍ക്കു പകരം ഇവിടെ നിരാഹാരമനുഷ്ഠിച്ചവര്‍, പിന്തുണയുമായി കൂടെ നിന്ന കുടുംബാംഗങ്ങള്‍, സമരസമിതി എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. ഈ വിജയം തങ്ങളുടെ മാത്രമല്ല, ഇനിയൊരു സ്ത്രീയും നീതിക്കായി തെരുവിലേക്കിറങ്ങേണ്ട അവസ്ഥയുണ്ടാവരുതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ദൈവത്തിനും കോടതിക്കും പോലിസിനും മറ്റുള്ളവര്‍ക്കും നന്ദി പറയുന്നതിനിടയില്‍ കന്യാസ്ത്രീകളുടെ കണ്ണുകള്‍ നിറഞ്ഞു. നിങ്ങളോരോരുത്തരുമാണ് തങ്ങള്‍ക്കിടയില്‍ നിന്ന് സമരം വിജയിപ്പിച്ചതെന്ന് കന്യാസ്ത്രീ കണ്ണീരോടെ പറഞ്ഞു. സംസാരത്തിനിടയില്‍ പലപ്പോഴും സിസ്റ്റര്‍ക്ക് വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. കേരളം പ്രളയത്തെ നേരിടാന്‍ കാണിച്ച അതേ ഒത്തൊരുമയാണ് ഈ സമരത്തിനായും കാണിച്ചത്. മലയാളിയുടെ മനസ്സില്‍ നിന്ന് നീതിബോധവും നന്മയും പോയിട്ടില്ലെന്ന് സമരത്തിന്റെ വിജയം തെളിയിക്കുന്നുവെന്ന്് സിസ്റ്റര്‍ ജോസഫിന്‍ പറഞ്ഞു. പ്രത്യക്ഷ സമരം മാത്രമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നതെന്നും ഇത് അമിത ആഹ്ലാദത്തിനുള്ള സമയമല്ലെന്നും സമരത്തിന് ചുക്കാന്‍പിടിച്ച സേവ് ഔവര്‍ സിസ്റ്റേഴ്‌സ് സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
ബലിഷ്ഠമായ ഒരു സംവിധാനത്തിലാണ് കന്യാസ്ത്രീകളുള്ളത്. അവര്‍ക്ക് സ്വതന്ത്രമായി ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കണം. സമരം അവസാനിപ്പിച്ചാലും കേരള ജനത അവര്‍ക്കൊപ്പമുണ്ടെന്ന് മേല്‍ത്തട്ടിലുള്ളവര്‍ക്ക് ബോധ്യമാവണം. എത്രയും വേഗം നീതി ലഭ്യമാക്കണം. അതിന് നിയമവശങ്ങള്‍ കൃത്യമായി പഠിച്ച് മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. എന്തു വന്നാലും തങ്ങള്‍ ഒപ്പമുണ്ടാകുമെന്നും നിങ്ങള്‍ ഒറ്റക്കല്ലെന്നും സമുഹം കൂടെയുണ്ടെന്നും സമരസമതി നേതാക്കള്‍ ഉറപ്പ് നല്‍കി.
സമരത്തിന്റെ ആദ്യദിവസം മുതല്‍ നിരാഹാരം കിടന്ന സ്റ്റീഫന്‍ മാത്യുവിനെ കൈയടികളോടെയാണ് ഇന്നലെ സമരാനുകൂലികള്‍ സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം നിരാഹാരം കിടന്ന ജോസ് ജോസഫ്, അലോഷ്യ ജോസഫ്, കന്യാസ്ത്രീയുടെ സഹോദരി, പി ഗീത എന്നിവരെയും ആദരിച്ചു. നന്ദിവാക്കുകള്‍ക്കുശേഷം ആലുവ യുസി കോളജ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ തെരുവുനാടകം അരങ്ങേറി. തുടര്‍ന്ന് സമര വിജയാഹ്ലാദത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും മധുരവും വിതരണം ചെയ്താണ് ദിവസങ്ങള്‍ നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss