|    Oct 22 Mon, 2018 10:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കന്യാസ്ത്രീകളുടെ സമരവേദിയിലും ആശങ്കയുടെ നിമിഷങ്ങള്‍

Published : 20th September 2018 | Posted By: kasim kzm

കൊച്ചി: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ സേവ് ഒവര്‍ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരവേദിയിലും ഇന്നലെ നിറഞ്ഞുനിന്നത് ആശങ്കയുടെ നിമിഷങ്ങള്‍. ഇന്നലെ ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമോയെന്ന ആകാംക്ഷയിലും ആശങ്കയിലുമായിരുന്നു സമരവേദിയിലെത്തിയ കന്യാസ്ത്രികളും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും.
11ഓടെ ബിഷപ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായവിവരം മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതോടെ സമരപ്പന്തല്‍ സജീവമായി. പോലിസ് നടപടിക്രമങ്ങള്‍ നീണ്ടുപോയതോടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തത ബാക്കിനിര്‍ത്തിയാണ് ഇന്നലത്തെ സമരം അവസാനിപ്പിച്ച് കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടേക്കു മടങ്ങിയത്. പീഡനത്തിനിരയായ കന്യാസ്ത്രീ കടുത്ത മനോവിഷമത്തിലാണെന്നു പ്രതിഷേധത്തിലിരിക്കുന്ന മറ്റു കന്യാസ്ത്രികള്‍ പറഞ്ഞു. ജീവന് ഭീഷണിയുണ്ട്. എന്തു വന്നാലും നേരിടാനാണു തീരുമാനമെന്നും സിസ്റ്റര്‍ പറഞ്ഞു. അതേസമയം സമരം ദിവസങ്ങള്‍ നീണ്ടുപോവുമ്പോള്‍ ദുര്‍ബലമാവുമെന്ന് സര്‍ക്കാരോ, സഭയോ വിചാരിക്കരുതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി പറഞ്ഞു.
കഴിഞ്ഞ മൂന്നുദിവസമായി സമരപ്പന്തലില്‍ നിരാഹാരം അനുഷ്ഠിച്ചിരുന്ന പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി . എന്നാല്‍ നീതി ലഭിക്കും വരെ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്നും ആശുപത്രിയില്‍ സമരം തുടരുമെന്നും സഹോദരി അറിയിച്ചു. സാമൂഹികപ്രവര്‍ത്തക ഡോ. പി ഗീത നടത്തുന്ന നിരാഹാരം ഇന്നും തുടരും. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹൈക്കോടതി ജങ്്ഷനില്‍ സമരം ചെയ്യുന്ന സേവ് ഒവര്‍ സിസ്‌റ്റേഴ്‌സ് സമരസമിതിയുടെ നേതൃത്വത്തില്‍ ഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഇന്നലെ രാവിലെ 11.30ഓടെ ആരംഭിച്ച മാര്‍ച്ച് നടനും സംവിധായകനുമായ ജോയി മാത്യു ഉദ്ഘാടനം ചെയ്തു. സര്‍ക്കാരും സഭയും തമ്മിലുള്ള അവിഹിതബന്ധം കാരണമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് മടിക്കുന്നതെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ജോയി മാത്യു പറഞ്ഞു. സഭയെ പിണക്കിയാല്‍ അത് അധികാരം നഷ്ടപ്പെടുത്തുന്നതിലേക്കു വഴിവയ്ക്കുമെന്ന ഭയമാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു മാസങ്ങളോളം ജയിലിലടച്ച പോലിസ് നടപടിയില്‍ ഇപ്പോള്‍ സംശയമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss