|    Nov 15 Thu, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കന്നുകാലി വിജ്ഞാപനം കേന്ദ്രത്തിന് നോട്ടീസ്‌

Published : 16th June 2017 | Posted By: fsq

 

കെ  എ  സലിം

ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പുശാലകള്‍ക്കു വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ വിജ്ഞാപനത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ഹരജിക്കാരന്റെ ആവശ്യം ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാളും എസ് കെ കൗളും അടങ്ങുന്ന അവധിക്കാല ബെഞ്ച് അംഗീകരിച്ചില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. കേസ് അടുത്തമാസം 11ന് വീണ്ടും പരിഗണിക്കും. വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് ഓള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഖുറേശ് ആക്ഷന്‍ കമ്മിറ്റി അധ്യക്ഷനും അഭിഭാഷകനുമായ മുഹമ്മദ് ഫഹീം ഖുറേശി നല്‍കിയ ഹരജിയിലാണു നടപടി. ഇതുസംബന്ധിച്ചു കേന്ദ്രത്തിന്റെ നിലപാട് കൂടി ആരാഞ്ഞശേഷം കൂടുതല്‍ വാദംകേള്‍ക്കാമെന്നും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്നും കോടതി അറിയിച്ചു. ഖുറേശിയുടേത് ഉള്‍പ്പെടെ രണ്ടു ഹരജികളാണ് നിലവില്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്. ഇവയില്‍ പ്രാഥമിക നടപടി മാത്രമാണ് ഇന്നലെയുണ്ടായത്. കന്നുകാലി വില്‍പനയ്ക്ക് ചട്ടം കൊണ്ടുവരുക മാത്രമാണ് വിജ്ഞാപനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ പറഞ്ഞു. വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേയുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ടെന്നും അവ ലഭിച്ച ശേഷം ആവശ്യമായ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ഖുറേശിയുടെ ആവശ്യം കോടതി പരിഗണിക്കാതിരുന്നത്. കശാപ്പു നിരോധനം സംബന്ധിച്ച വിജ്ഞാപനത്തെ ചോദ്യംചെയ്യുന്ന ഹരജികള്‍ കേരള, മദ്രാസ് ഹൈക്കോടതികളുടെ പരിഗണനയിലുമുണ്ട്. എന്നാല്‍, ഹൈക്കോടതികളില്‍ പരിഗണനയിലുള്ള കേസുകള്‍ റദ്ദാക്കണമെന്നോ അവ സുപ്രിംകോടതിയിലേക്കു മാറ്റണമെന്നോ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടില്ല. കന്നുകാലി കശാപ്പ് ഇല്ലാതാവുന്നതോടെ രാജ്യത്തിന്റെ വരുമാനത്തില്‍ നല്ലൊരു ശതമാനം ഇടിവുണ്ടാവുമെന്നും ഈ മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പേരുടെ തൊഴില്‍ നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി ഈ മാസം ഏഴിനാണ് ഖുറേശി സുപ്രിംകോടതിയെ സമീപിച്ചത്. നിലവില്‍ കന്നുകാലി കര്‍ഷകര്‍ അവരുടെ കുടുംബത്തെ നോക്കാന്‍ പ്രയാസപ്പെടുകയാണ്. കശാപ്പ് നിലച്ചതോടെ മക്കള്‍ക്കു പുറമെ കന്നുകാലികളെയും പരിചരിക്കേണ്ട അധിക ബാധ്യത അവരിലുണ്ടായിരിക്കുന്നു. ദാരിദ്ര്യം മൂലം കന്നുകാലികളെ പരിചരിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് 1960ലെ മൃഗസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. അതിനു പുറമെ ഗോരക്ഷാ പ്രവര്‍ത്തകരെയും ഭയക്കേണ്ട സാഹചര്യമാണുള്ളത്. ജീവിക്കാനുള്ള അവകാശം, ഇഷ്ടമുള്ളത് ഭക്ഷിക്കാനുള്ള അവകാശം, ഇഷ്ടമുള്ള തൊഴിലെടുക്കാനുള്ള അവകാശം എന്നിങ്ങനെ ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന വിവിധ അവകാശങ്ങള്‍ വിജ്ഞാപനം മൂലം ലംഘിക്കപ്പെടുകയാണ്. മൃഗബലി നിരോധിക്കാനുള്ള നീക്കം ഭരണഘടന നല്‍കുന്ന വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള അവകാശത്തിന് എതിരാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss