|    Sep 19 Wed, 2018 3:04 am
FLASH NEWS
Home   >  Kerala   >  

കന്നുകാലി നിരോധനം ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗം: മുഖ്യമന്ത്രി

Published : 26th May 2017 | Posted By: mi.ptk

തിരുവനന്തപുരം:കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ.ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്ത:സത്ത.അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, നിരോധനം കാള, പോത്ത്, എരുമ, ഒട്ടകം എന്നീ മൃഗങ്ങള്‍ക്കും ബാധകമാക്കിയിരിക്കുകയാണ് ഇപ്പോള്‍.രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീത കാലം മുതല്‍ മാംസ ഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നത്. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസമെന്നതും കാണേണ്ടതാണ്. ഇത്തരം അപരിഷ്‌കൃതമായ നടപടികള്‍ക്ക് എതിരെ രാജ്യവ്യാപകമായി ജനരോഷം ഉയര്‍ന്നുവരണം. ഇന്ന് കന്നുകാലികള്‍ക്ക്് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രം നാളെ ചിലപ്പോള്‍ മത്സ്യം കഴിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തിനാകെ ബാധകമായ നിരോധനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്രം തയ്യാറാകേണ്ടതായിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. നമ്മുടെ ഫെഡറല്‍ സംവിധാനം തന്നെ തകര്‍ക്കുന്ന രീതിയിലാണ് കേന്ദ്രം നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലികളെ കൊല്ലുന്നതിനുള്ള നിരോധനം രാജ്യത്ത് ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ ഇല്ലാതാക്കും. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയിലെ തുകല്‍ വ്യവസായത്തിന് അസംസ്‌കൃത സാധനം കിട്ടാതാകും. 25 ലക്ഷത്തിലധികം പേര്‍ തുകല്‍ വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും ദളിതരാണ്. അതുകൊണ്ടുതന്നെ, ഈ നിരോധനം പാവപ്പെട്ട ജനങ്ങളെയാകെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കന്നുകാലികളെ കൊണ്ടുപോകന്നവര്‍ക്കെതിരെ സംഘപരിവാറുകള്‍ അടുത്ത കാലത്ത് വലിയ ആക്രമണം അഴിച്ചുവിട്ടിരുന്നു. അത്തരം അക്രമങ്ങള്‍ തടയുന്നതിന് പകരം കന്നുകാലികളെ കൊല്ലുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായതില്‍ നിന്ന് ഭരണത്തിന്റെ നിയന്ത്രണം ആര്‍എസ്എസിനാണെന്ന് ഒന്നുകൂടി വ്യക്തമായതായും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss