|    Oct 23 Tue, 2018 3:51 pm
FLASH NEWS

കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്ക് വരള്‍ച്ചാ ദുരിതാശ്വാസം നല്‍കും: മന്ത്രി കെ രാജു

Published : 21st January 2017 | Posted By: fsq

 

കോട്ടയം: വേനല്‍മഴ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ ജലക്ഷാമം മൂലം കന്നുകാലി വളര്‍ത്തല്‍ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി തരണം ചെയ്യാന്‍ കന്നുകാലി വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് വരള്‍ച്ച ദുരിതാശ്വാസം നല്‍കുമെന്ന് ക്ഷീര വികസന മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. വൈക്കത്ത് സംഘടിപ്പിച്ച ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശു, പോത്ത്, എരുമ എന്നിവയെ വളര്‍ത്തുന്നവര്‍ക്ക് 70 രൂപ നിരക്കിലും ഇവയുടെ കുട്ടികള്‍ക്ക് 35 രൂപ നിരക്കിലും ദുരിതാശ്വാസ തുക നല്‍കും. വരള്‍ച്ച സ്‌പെഷ്യല്‍ ആയി അനുവദിച്ച ഈ തുക കലക്ടര്‍ക്ക് ഉടന്‍ കൈമാറും. കലക്ടര്‍ മുഖേന തുക വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ടു വര്‍ഷത്തിനുളളില്‍ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോവുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ തദ്ദേശ സ്വയംഭരണം ക്ഷീര വികസനം ആസൂത്രണ വകുപ്പ് സെക്രട്ടറിമാരുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചിട്ടുണ്ട്. ക്ഷീര മൃഗ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പിക്കുന്ന എല്ലാ പദ്ധതികള്‍ക്കും അംഗീകാരം നല്‍കും. ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് സമര്‍പിച്ച ഒന്നരകോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയതായും എസ്‌സി ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 90 വനിതകള്‍ക്ക് പശുവിനേയും കിടാവിനേയും നല്‍കുന്ന പദ്ധതി മറ്റു ജില്ലകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര കര്‍ഷകരുടെ അധ്വാനത്തിനനുസരിച്ചുള്ള പാല്‍ വില ലഭ്യമാക്കുന്നതിന് മില്‍മയുമായി ചര്‍ച്ച നടത്തും.  ആവശ്യമെങ്കില്‍ മില്‍മയുടെ ചാര്‍ട്ട് പരിഷ്‌ക്കരിക്കണമെന്ന നിര്‍ദേശവും നല്‍കും. കാലിത്തീറ്റ സുലഭമാക്കുന്നതിന് കോഴിക്കോട് പണി പൂര്‍ത്തീകരിച്ച കെഎസ് പ്ലാന്റില്‍ രണ്ടു മാസത്തിനകം ഉല്‍പാദനം ആരംഭിക്കും. പശുക്കളുടെ മരണത്തിലൂടെ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് എല്ലാ പശുക്കളെയും ഇന്‍ഷ്വര്‍ ചെയ്യുന്നതിനുളള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രീമിയം തുകയുടെ 50 ശതമാനം സര്‍ക്കാരും 25 ശതമാനം തദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കും.  കര്‍ഷകര്‍ 25 ശതമാനം മാത്രം തുക അടച്ചാല്‍ മതി. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമര്‍ദം ചെലുത്തുന്നതിനുളള ശ്രമങ്ങള്‍ തുടരുമെന്നും യുവജനങ്ങള്‍ ഉള്‍പ്പടെയുളളവര്‍ ക്ഷീരമേഖലയിലേയ്ക്ക് കടന്നു വരുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുളളതെന്നും അദ്ദേഹം പറഞ്ഞു.  വല്ലകം സെന്റ്‌മേരീസ് പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ എസ്‌സിപി പദ്ധതി ഉദ്ഘാടനവും ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനവും മന്ത്രി അഡ്വ. കെ രാജു നിര്‍വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുളള അവാര്‍ഡ് നേടിയ കടുത്തുരുത്തി ആലുങ്കല്‍ ആലീസ് സേവ്യറിന് ട്രോഫിയും കറവപശു പ്രദര്‍ശന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പാമ്പാടി ബ്ലോക്കിലെ ജേക്കബ് വര്‍ഗീസിന് ഒരു പവന്‍ സ്വര്‍ണവും അദ്ദേഹം സമ്മാനിച്ചു. സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകയായി തിരഞ്ഞെടുത്ത ഗ്രേസി മാത്യുവിന് റേഡിയോ സെറ്റ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ മോന്‍സ് ജോസഫ് എംഎല്‍എ സമ്മാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss