|    Jun 21 Thu, 2018 6:34 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

കന്നിമാസത്തില്‍ കലണ്ടര്‍ വേണ്ടാത്തവര്‍

Published : 7th October 2017 | Posted By: fsq

കേരളത്തിലെ കാലാവസ്ഥകളെക്കുറിച്ച് പഴമക്കാര്‍ക്ക് ചില നാട്ടുപ്രമാണങ്ങളൊക്കെയുണ്ട്.  കോരിച്ചൊരിയുന്ന കര്‍ക്കടകത്തില്‍പ്പോലും പത്തുദിവസത്തെ ഒരു ഓണത്തോര്‍ച്ചയുണ്ടെന്നതും തുലാപ്പത്തു കഴിഞ്ഞാല്‍ പിലാപ്പൊത്തിലും കിടക്കാമെന്നുമൊക്കെയുള്ള ധാരണകള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇടവപ്പാതി കഴിഞ്ഞാല്‍ പിന്നെ കുടകൂടാതെ പോവരുത്. ചിങ്ങത്തില്‍ ചിന്നിച്ചിണുങ്ങിയാണ് മഴ പെയ്യുക. കന്നിയിലെ മഴയ്ക്ക് കലംകഴുകാന്‍പോലും പറ്റില്ലത്രേ. ഈ മാസത്തെ മഴവെള്ളം അത്രയ്ക്ക് മോശമാണെന്നാണോ കവി ഉദ്ദേശിച്ചത് എന്നറിയില്ല. ചിലപ്പോള്‍ കലം കഴുകാന്‍പോലുമുള്ള വെള്ളം കന്നിയിലെ മഴയ്ക്ക് കിട്ടില്ലെന്നുമാവാം. എന്തായാലും ഇത്തരം വിശ്വാസപ്രമാണങ്ങളെയെല്ലാം നിലംപരിശാക്കി അതിഗംഭീരമായ മഴയാണ് ഇത്തവണ കന്നിമാസത്തില്‍ കേരളത്തില്‍ ലഭിച്ചത്്. മഴമേഘങ്ങള്‍ നമ്മുടെ ആകാശത്ത് ‘നിന്നു പെയ്യുക’യായിരുന്നുവത്രേ. ഇങ്ങനെയൊരു കന്നിമാസം പലരെയും അമ്പരപ്പിക്കുകയും ചെയ്തു. കന്നി വെയിലിന്റെ പേരിലാണ് എറെ കുപ്രസിദ്ധം. കന്നിമാസത്തിലെ വെയില്‍ കന്യകമാരുടെ നാവുപോലെ ചുട്ടുപൊള്ളിക്കുമെന്നാണ് ചൊല്ല്. എന്നാല്‍, കാലം തെറ്റി പെയ്ത മഴ ആ വെയിലിന് കടുപ്പം കുറച്ചിരിക്കുകയാണ് ഇത്തവണ.കന്നിമാസത്തിന് വലിയൊരു ചീത്തപ്പേരുമുണ്ട്. നാട്ടിലെ ശ്വാനവര്‍ഗവുമായി ബന്ധപ്പെട്ടുള്ളതാണ്. ഇനിയുള്ള ഒന്നൊന്നരമാസം അവരുടേതാണ്. യാതൊരു ഒളിയും മറയുമില്ലാതെയുള്ള ഇക്കൂട്ടരുടെ പ്രണയചേഷ്ടകള്‍ ആരംഭിച്ചുകഴിഞ്ഞു; കന്നിയാണോ കര്‍ക്കടകമാണോ എന്ന്് തിരിച്ചറിയാനാവാത്തത്ര പെരുമഴയായിരുന്നിട്ടും. ജീവജാലങ്ങളുടെ കലണ്ടര്‍ എത്ര കൃത്യമാണെന്ന് അതിശയിക്കാതെ വയ്യ. സംഗതി ആകെ ബഹളമയമാണ്. രാജകുമാരിയെ സ്വന്തമാക്കാന്‍ രാജകുമാരന്‍മാരുടെ പോരാട്ടം. എല്ലാവര്‍ക്കും ഒരേയൊരു ലക്ഷ്യം മാത്രം. ഇടയില്‍ പെടുന്നവര്‍ക്കും ഇടപെടുന്നവര്‍ക്കുമൊക്കെ കടി കിട്ടിയേക്കും. ഇണചേരാനുള്ള ഈ പരാക്രമങ്ങള്‍ക്കിടെ കുറേയെണ്ണം വണ്ടിയിടിച്ചു ചാവും. കടിപിടിയും ബഹളവും ശല്യമാവുമ്പോള്‍ കുറേയെണ്ണത്തിന്റെ കാലുകള്‍ നാട്ടുകാര്‍ എറിഞ്ഞൊടിക്കും. മാസം പകുതി പിന്നിട്ടപ്പോഴേക്കും കാലൊടിയാത്തവരില്ല ശ്വാനരില്‍ എന്ന സ്ഥിതിയായി. എങ്ങനെയാണ് കന്നിമാസമായെന്ന് നായ്ക്കള്‍ കൃത്യമായി അറിയുന്നത്? വലിയൊരു ചോദ്യം തന്നെയാണിത്. കന്നിമാസം വന്നോയെന്നറിയാന്‍ നായ്ക്കള്‍ക്ക് കലണ്ടര്‍ നോക്കേണ്ടതില്ല എന്നൊരു സിനിമാ ഡയലോഗ് പോലുമുണ്ട്. പെരുമഴക്കാലത്തിനു ശേഷമുള്ള തോര്‍ച്ചയോ വെയിലിന്റെ ചൂടോ രാപകല്‍ ദൈര്‍ഘ്യത്തിലെ മാറ്റങ്ങളോ ഒക്കെയാവാം ഹോര്‍മോണുകളിലൂടെ ‘സമയമായി’ എന്ന് ഇവയെ അറിയിക്കുന്നത്്.  നായ്ക്കളെയും പറഞ്ഞിട്ടു കാര്യമില്ല. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ മനസ്സിലാവും, നമ്മുടെ നാട്ടിലെ ഏറ്റവും പ്രശാന്തസുന്ദരമായ കാലമാണിത്. ചിങ്ങമാസത്തില്‍ തുടങ്ങിയ പൂക്കാലത്തിന്റെ തുടര്‍ച്ച. എങ്ങും ജലസമൃദ്ധി. നിറഞ്ഞൊഴുകുന്ന നീര്‍ച്ചാലുകളുടെ കളകളാരവം. ശലഭങ്ങള്‍, കിളികളുടെ ബഹളം, തെളിഞ്ഞ ആകാശം. വെയിലിന് അല്‍പം കാഠിന്യമുണ്ടെന്നേയുള്ളൂ. എല്ലാവരും ഹാപ്പിയായ, കുറഞ്ഞപക്ഷം ആരെയും വല്ലാതങ്ങു വെറുപ്പിക്കാത്ത അന്തരീക്ഷം. പ്രണയത്തിനും മധുവിധുവിനുമൊക്കെ പറ്റിയ കാലം. ഏതായാലും നായ്ക്കളുടെ ലീലാവിലാസങ്ങള്‍ മനുഷ്യര്‍ക്ക്് അത്ര പിടിക്കില്ല. പരസ്യമായ പ്രണയചേഷ്ടകള്‍ ഉണ്ടാക്കുന്ന അരോചകത്വം ഒരുഭാഗത്ത്. ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ കടിയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. നായകടിയേറ്റ് ഏറ്റവുമധികം ആളുകള്‍ ആശുപത്രിയിലാവുന്നതും ഇക്കാലത്തു തന്നെ. ഇനിയുള്ള ഒന്നു രണ്ടു മാസം കൂടി ഇവയെ പേടിക്കണം. ഇനിയുള്ളത് പ്രസവകാലമാണ്. കുഞ്ഞുങ്ങള്‍ക്ക് ചെറിയൊരു ഭീഷണിയുണ്ടെന്നു കണ്ടാല്‍ പട്ടിത്തള്ളമാര്‍ ചീറിയടുക്കും. നല്ല കടിയും കിട്ടും. ആളൊഴിഞ്ഞ പറമ്പിലേക്കും കെട്ടിടങ്ങളിലേക്കുമൊക്കെ പ്രവേശിക്കുമ്പോള്‍ പട്ടിയുണ്ട് സൂക്ഷിക്കുക എന്നൊരു ബോര്‍ഡ് മനസ്സിലുണ്ടാവണം എപ്പോഴും. വീടടച്ചിട്ട് പുറത്തുപോയി വരുമ്പോഴും ശ്രദ്ധിക്കണം. നിങ്ങളുടെ പറമ്പ് ഇക്കൂട്ടര്‍ പിടിച്ചടക്കിയിട്ടുണ്ടാവും.ഇപ്പോള്‍ ‘സീസണ്‍’ പ്രമാണിച്ച് എങ്ങുനിന്നോ വന്നെത്തിയവരാണ് പല ശ്വാനന്‍മാരും. പകല്‍ കാണുമ്പോള്‍ ഒരു ചെറിയ ലോഹ്യം പറച്ചില്‍. വളരെ അപൂര്‍വമായി ഒരു ബിസ്‌കറ്റ്. അത്രയേ വേണ്ടു പലരെയും പാട്ടിലാക്കാന്‍.  അതുപോലെത്തന്നെയാണ് ഇക്കൂട്ടരെ കല്ലെറിഞ്ഞാലും. ഒരൊറ്റ പ്രാവശ്യം കല്ലെറിഞ്ഞാല്‍ മതി ആയുഷ്‌ക്കാലം അക്കാര്യം ഓര്‍മയില്‍ വച്ചുകളയും. ചിലര്‍ കല്ലേറ് ഭയമായി മനസ്സില്‍ സൂക്ഷിക്കും. മറ്റു ചിലര്‍ വിരോധമായി മനസ്സില്‍ കൊണ്ടുനടക്കും. ഒറ്റയ്ക്കു കിട്ടുമ്പോള്‍ പകരം വീട്ടുകയും ചെയ്യും. ഇക്കാരണത്താല്‍ ഒരിക്കലും കല്ലെറിയാറില്ല. ശബ്ദമുണ്ടാക്കി ഓടിച്ചാലും വടിയെടുത്ത് ആട്ടിയാലും അത്ര വലിയ വിരോധമില്ല. എന്നാല്‍, കല്ല് നായ്ക്കളെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ പ്രയോഗിക്കുന്ന മാരകായുധമാണ്. അതുകൊണ്ടുതന്നെ കല്ലെറിയുന്നവരെ ഓര്‍ത്തുവയ്‌ക്കേണ്ടത് നായ്ക്കളുടെ അതിജീവനത്തിന്റെ ആവശ്യം കൂടിയാണ്. ഏതായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ശ്വാനസൗഹൃദം ഇനിയുള്ള രണ്ടുമൂന്നു മാസത്തേക്ക് പ്രയോജനം ചെയ്യില്ല. തല്‍ക്കാലം ഇവയുടെ മുന്നില്‍ പെടാതിരിക്കുന്നതു തന്നെയാണ് പ്രായോഗികബുദ്ധി.പട്ടികടിച്ചവരെക്കുറിച്ചുള്ള റിപോര്‍ട്ടുകളെന്നപോലെ മറ്റു ചില വാര്‍ത്തകളും കന്നിമാസത്തോടനുബന്ധിച്ച് നമ്മുടെ മാധ്യമങ്ങളില്‍ നിറയാറുണ്ട്. കടികൂടി കഴുത്ത് മുറിയുന്ന ശ്വാനവീരന്‍മാരെ ചൂണ്ടിക്കാട്ടി എന്‍ഐഎയും സ്‌പെഷ്യല്‍ ബ്രാഞ്ചുമൊക്കെ കഥകള്‍ മെനയും. അതിന്റെ ചുവടുപിടിച്ചു കുറേപേരുടെ പേരില്‍ ഊപ്പചുമത്തപ്പെടാനും സാധ്യതയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss