|    Nov 19 Sun, 2017 10:27 am
FLASH NEWS

കന്നിമല ക്വാറികള്‍ക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു

Published : 29th October 2016 | Posted By: SMR

അടൂര്‍: ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഏറത്ത് ഗ്രാമപ്പഞ്ചായത്തില്‍ ക്വാറികള്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സുകള്‍ വിവിധ വകുപ്പുകള്‍ പിന്‍വലിച്ചു. ക്വാറികള്‍ക്ക് നല്‍കിയിരുന്ന ഖനനാനുമതി നിയമവിരുദ്ധമാണെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്  ഗ്രാമപ്പഞ്ചായത്തും സ്ഥാപനത്തിന് നല്‍കിയ ഡി ആന്റ് ഒ ലൈസന്‍സ് റദ്ദാക്കിയത്.  കൊട്ടാരക്കര കുടവെട്ടൂര്‍ ജയാമന്ദിരത്തില്‍ രാജീവന്റെ പേരില്‍ നല്‍കിയ ലൈസന്‍സാണ് ഗ്രാമപ്പഞ്ചായത്ത് റദ്ദാക്കിയത്. ഒരിക്കല്‍ ഭൂചലനം നടന്ന കന്നിമലയില്‍ ഒട്ടേറെ നിയമലംഘനങ്ങളിലൂടെയാണ് ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ വീണ്ടും അനുമതി നല്‍കിയിട്ടുള്ളത്. ഇതിനെതിരേ മലയില്‍ പുത്തന്‍വീട്ടില്‍ വിശ്വനാഥന്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണം നടന്നിരുന്നു. നിലവില്‍ കന്നിമലയില്‍ നാലുപേര്‍ക്കാണ് ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്. പരാതിക്കാരന്റെ വീട്ടില്‍നിന്ന് ദൂരപരിധി ലംഘിച്ചാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും ഇത് കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. നിയമപരമായി ക്വാറിക്കു പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് ഇപ്പോള്‍ നിര്‍ബന്ധമാണ്. ഇത് കന്നിമല ക്വാറിക്കായി സമര്‍പ്പിച്ചിട്ടില്ല. പ്രവര്‍ത്തനം നടക്കുന്ന കന്നിമല ക്വാറിയില്‍ നിയമപരമായി ബ്ലാസ്റ്റര്‍ ലൈസന്‍സ് ഉള്ളയാളല്ല വെടിപൊട്ടിക്കുന്നത്. ചില തൊഴിലാളികളാണ് അപകടകരമായ ഈ പ്രവൃത്തി ചെയ്യുന്നതെന്നും കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക