|    Mar 30 Thu, 2017 8:13 pm
FLASH NEWS

കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ഡയനാമോസ്

Published : 26th September 2016 | Posted By: SMR

കഴിഞ്ഞ രണ്ട് സീസണില്‍ സഫലമാവത്ത കിരീട മോഹം ഇത്തവണ കൈപിടിയിലൊതുക്കാനുറച്ചാണ് ഡല്‍ഹി ഡയനാമോസ് ഐഎസ്എല്‍ മൂന്നാം സീസണിന് തയ്യാറെടുക്കുന്നത്. പുതിയ പരിശീലകനു കീഴിലാണ് ഡല്‍ഹി അങ്കത്തിനൊരുങ്ങുന്നത്. ഇറ്റലിയുടെ മുന്‍ അന്താരാഷ്ട്ര ഡിഫന്റര്‍ ജിയാന്‍ലുക്ക സാംബ്രോട്ടയാണ് ഇത്തവണ ഡല്‍ഹിക്ക് തന്ത്രങ്ങളോതുന്നത്.
ഇറ്റലിക്കു വേണ്ടി 98 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ സാംബ്രോട്ട ബാഴ്‌സലോണ, യുവന്റസ്, എസി മിലാന്‍ എന്നീ ഗ്ലാമര്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സ്വിസ് ക്ലബ്ബായ ചിയാസോയ്ക്കു വേണ്ടി തന്ത്രങ്ങളോരുക്കിയത് സാംബ്രോട്ടയായിരുന്നു. തന്റെ പരിചയസമ്പന്നത ഇത്തവണ ഡല്‍ഹിക്ക് മുതല്‍ക്കുട്ടാക്കാനൊരുങ്ങുകയാണ് മുന്‍ ഇറ്റാലിയന്‍ താരം.
കഴിഞ്ഞ രണ്ട് സീസണുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ടീമാണ് ഡല്‍ഹി. പ്രഥമ ഐഎസ്എല്ലില്‍ അഞ്ചാമത് ഫിനിഷ് ചെയ്ത ഡല്‍ഹി കഴിഞ്ഞ സീസണില്‍ മുന്‍ ബ്രസീലിയന്‍ സൂപ്പര്‍താരം റോബര്‍ട്ടോ കാര്‍ലോസിന്റെ പരിശീലക മികവില്‍ സെമി ഫൈനല്‍ ഇടം നേടിയിരുന്നു. പരിശീലകനു പുറമേ ഡല്‍ഹിയുടെ മാര്‍ക്വി താരം കൂടിയായിരുന്നു കാര്‍ലോസ്.
സെമിയില്‍ മുന്‍ ബ്രസീലിയന്‍ ഇതിഹാസം സീക്കാ പരിശീലിപ്പിക്കുന്ന എഫ്‌സി ഗോവയുടെ പോരാട്ട മികവിന് മുന്നില്‍ ഡല്‍ഹി മുട്ടുമടക്കുകയായിരുന്നു. ഒന്നാംപാദത്തില്‍ 1-0ന് മുന്നിട്ടുനിന്നതിനു ശേഷമാണ് ഡല്‍ഹി ഫൈനല്‍ ടിക്കറ്റ് കൈവിട്ടത്. രണ്ടാംപാദ സെമിയില്‍ 3-0ന്റെ തകര്‍പ്പന്‍ ജയം നേടി ഗോവ ഡല്‍ഹിയെ മറികടക്കുകയായിരുന്നു.
മുന്‍ ഫ്രഞ്ച് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫ്‌ളോറെന്റ് മലൂദയാണ് ഇത്തവണ ഡല്‍ഹിയുടെ മാര്‍ക്വി താരം. കഴിഞ്ഞ സീസണ്‍ മുതല്‍ ഡല്‍ഹിക്കു വേണ്ടി പന്ത് തട്ടുന്ന മലൂദ മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. 2007 മുതല്‍ 2013 വരെയാണ് താരം ചെല്‍സിക്കു വേണ്ടി കളിച്ചത്.
ഇത്തവണ മികച്ച ടീമുമായാണ് ഡല്‍ഹി ടൂര്‍ണമെന്റിനെത്തുന്നത്. മലപ്പുറം സ്വദേശി അനസ് എഡതോടികയെ ഇത്തവണയും ഡല്‍ഹി ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കു വേണ്ടി 13 മല്‍സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day