|    Nov 15 Thu, 2018 6:48 pm
FLASH NEWS

കനോലി സായിപ്പുണ്ടാക്കിയ കനാല്‍

Published : 25th March 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

ലോകത്തിലെ മനോഹരങ്ങളായ നഗരങ്ങളെല്ലാംതന്നെ നദികളാലോ തോടുകളാലോ പുഴകളാലോ സുന്ദരമാക്കപ്പെട്ടവയാണ്. പൊന്നാനിയെയും ഒരു കാലത്ത് കാനോലി കനാല്‍ സുന്ദരമാക്കിയിരുന്നു. നൂറുകണക്കിന് തോണികളും ആയിരക്കണക്കിന് ചങ്ങാടങ്ങളും ഇടതടവില്ലാതെ ഈ കനാലില്‍ക്കൂടി ഒഴുകി നടന്നു. കോഴിക്കോട് കലക്ടറായിരുന്ന കനോലി സായ്പ് മലബാറിലെ നദികളെ ബന്ധിപ്പിച്ച് ഒരു ജലഗതാഗതമാര്‍ഗം തുറക്കാന്‍ തീര്‍ച്ചപ്പെടുത്തി. ഇതിന്റെ ആദ്യപടിയായി എലത്തൂര്‍ പുഴയെ കല്ലായി പുഴയോടും കല്ലായി പുഴയെ ബേപ്പൂര്‍ പുഴയോടും ബന്ധിപ്പിച്ചു. പിന്നീട് പൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള ജലാശയങ്ങളെ സംയോജിപ്പിക്കുന്ന കനാലുകളും അദ്ദേഹം നിര്‍മിച്ചു. ഇതാണ് കനോലി കനാല്‍. വിചാരിക്കുന്ന പോലെ സുഗമമൊന്നുമായിരുന്നില്ല ഈ ദൗത്യം. ഭൂമി ഏറ്റെടുക്കുന്ന നിയമം അന്ന് നിലവിലില്ലാത്തതിനാല്‍ സ്ഥലത്തിന്റെ ലഭ്യത ഒരു പ്രശ്‌നംതന്നെ ആയിരുന്നു. പക്ഷേ, സാമൂതിരി രാജാവിന്റെ അകമഴിഞ്ഞ സഹായം ഇക്കാര്യത്തില്‍ കനോലിക്ക് ലഭിച്ചു. സാമൂതിരിയും മറ്റു ഭൂവുടമകളും സ്ഥലം സൗജന്യമായിത്തന്നെ വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. ഇന്ന് നാം കേള്‍ക്കുന്ന തൊഴിലിനു കൂലി ഭക്ഷണം എന്നത് അന്ന് കനോലി സായ്പ് പരീക്ഷിച്ച ഒരു സമ്പ്രദായമാണ് എന്നതാണ് രസകരമായ ഒരു വസ്തുത. സുഭിക്ഷമായിരുന്ന സദ്യയായിരുന്നത്രെ കൂലി. സാമൂതിരിയും കനോലിയും തമ്മില്‍ ഒരു കരാര്‍ ഉണ്ടായിരുന്നുവത്രെ. ജലഗതാഗതത്തിനുവേണ്ടിയാണ് കരാര്‍ എങ്കിലും സമീപപ്രദേശത്തുള്ളവര്‍ക്ക് കൃഷിക്കുവേണ്ടി വെള്ളം വിട്ടുകൊടുക്കണമെന്നും അതിനായി ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ വേണമെന്നുമായിരുന്നു കരാറിലെ വ്യവസ്ഥ. പലയിടത്തും ഉപ്പുവെള്ളം കയറാതിരിക്കാന്‍ ചിറകളും നിര്‍മിച്ചു. 1845 ലാണ് കനോലി കനാലിന്റെ രൂപരേഖ മദ്രാസ് ഗവണ്‍മെന്റിനു കനോലി സമര്‍പ്പിക്കുന്നത്. 1846ല്‍ ഇത് അനുവദിച്ചുകൊണ്ട് ഉത്തരവായി. 1848ല്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. പൊന്നാനിയില്‍നിന്ന് ചാവക്കാട് വരെയുള്ള ഭാഗത്തിന് 12,416 രൂപ ചെലവായതായി രേഖകളില്‍ കാണാം. തുടക്കത്തില്‍ കൃഷിക്കായി ഈ കനാലിലെ വെള്ളം ഉപയോഗിച്ചിരുന്നു.
കനോലി സായ്പിനെ രണ്ട് ഏറനാട്ടുകാര്‍ വെസ്റ്റ്ഹില്‍ ബാരക്‌സില്‍ വച്ച് കൊല ചെയ്യുകയായിരുന്നുവെന്ന് ചരിത്രം. ഇതോടുകൂടി കനോലി കനാലിന്റെ ശനിദശ തുടങ്ങി. പൂര്‍ത്തീകരിക്കാതെ കിടന്ന പൊന്നാനിയിലെ ചില ഭാഗങ്ങള്‍ തുടരേണ്ടതില്ലെന്ന് എന്‍ജിനീയര്‍ മേജര്‍ സാലി തീരുമാനിച്ചു. ഒടുവില്‍ മലബാര്‍ കലക്ടറായിരുന്ന റോബിന്‍സണ്‍ ഇതിനെതിരായി ശക്തമായി വാദിച്ചതിനാലാണ് കനോലി കനാലിന്റെ പണി പൂര്‍ത്തീകരിച്ചത്. 1872-1874ല്‍ ഉപ്പു വെള്ളം തടയാനുള്ള ബണ്ടുകള്‍ക്കും തടയണകള്‍ക്കും കേടുപാടുകള്‍ പറ്റി. ഇതിനെത്തുടര്‍ന്ന് ഉപ്പുവെള്ളം കയറി കൃഷി നശിച്ചു. മലബാറില്‍ റെയില്‍പാതയുടെ പണി നടക്കുന്നതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാറിനു സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിനാല്‍ കനോലി കനാലിനുവേണ്ടി ഇനി ഒരു പണവും ചെലവുചെയ്യേണ്ട എന്ന ഒരു തീരുമാനത്തില്‍ അവര്‍ എത്തിയിരുന്നു. എന്നിട്ടും 1900 ഫെബ്രുവരി അഞ്ചിന് അവര്‍ കനോലി കനാലിന്റെ ഇരുകരയും ബലപ്പെടുത്തുവാന്‍ ഒരു ശ്രമം നടത്തിയതായി രേഖകളില്‍ കാണുന്നു. ഇതിലേക്കായി സമീപത്തുനിന്നു മണ്ണ് എടുക്കുന്നതിനു സമീപവാസികള്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് ഒന്നരമൈല്‍ ദൂരത്ത് മണ്ണെടുക്കാന്‍ സ്ഥലം അക്വയര്‍ ചെയെ്തങ്കിലും ഇത് അസൗകര്യങ്ങളാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ഈ ശ്രമം സര്‍ക്കാര്‍ ഉപേക്ഷിച്ചു. പൊന്നാനി കോടതിയുടെ 181/1920ലെ സുപ്രസിദ്ധമായ ഒരു വിധിവന്നു. കനോലി കനാല്‍ ജലഗതാഗതത്തിനായി ഉണ്ടാക്കിയ ഒരു കനാലാണെന്നും അത് കുടിക്കാനോ കൃഷിക്കുപയോഗിക്കാനോ വേണ്ടി ഉണ്ടാക്കിയതല്ലെന്നും അതിനാല്‍ സര്‍ക്കാറിനു കൃഷിയെ സംരക്ഷിക്കേണ്ടതായ ഒരു ബാധ്യതയും ഇല്ലെന്നുമായിരുന്നു ആ വിധി. സത്യത്തില്‍ അതായിരുന്നുതാനും ശരി. 1924ലെ കനോലി കനാലിലെ തോണികളുടെയും മറ്റും കണക്കെടുപ്പു നടന്നു. പൊന്നാനിയില്‍ 700 തോണികളും നാലായിരം ചങ്ങാടങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ബ്രിട്ടീഷുകാര്‍ക്കാവട്ടെ 2000 ബോട്ടുക(തോണി)ളാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത്. പതിയെ പതിയെ കനാല്‍ വെറുമൊരു മാലിന്യത്തോടായി മാറി. റോഡ് മാര്‍ഗം ഗതാഗതം സുഗമമായതോടെ ഇതുവഴിയുള്ള ചരക്കുനീക്കവും പതിയെ നിലച്ചു. കനാലിനെ അതിന്റെ പ്രതാപകാലത്തേക്ക് വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും കൊണ്ടുവന്നെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങുകയോ പാതിവഴിയില്‍ നിലക്കുകയോ ചെയ്തു.
(അവസാനിക്കുന്നില്ല)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss