|    Nov 21 Wed, 2018 1:04 am
FLASH NEWS

കനോലി കനാലിനോടു ചേര്‍ന്ന ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം

Published : 4th August 2018 | Posted By: kasim kzm

ചാവക്കാട്: ദേശീയപാത 66ന്റെ വികസനത്തിനായി നിലവിലുള്ള അലൈന്‍മെന്റ് മാറ്റി ജനവാസം കുറഞ്ഞ കനോലി കനാലിനോടുചേര്‍ന്ന ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. നിലവിലുള്ള അലൈന്‍മെന്റുപ്രകാരം സ്ഥലമേറ്റെടുക്കുമ്പോള്‍ നിരവധി വീടുകളും കച്ചവടസ്ഥാപനങ്ങളും കെട്ടിടങ്ങളും ഉള്‍പ്പെടുന്ന ജനവാസമേഖല ഒഴിപ്പിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് കനോലി കനാലിനോടുചേര്‍ന്ന് ബിഒടി പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നത്.
കഴിഞ്ഞദിവസം തളിക്കുളം, വലപ്പാട് പഞ്ചായത്തുകള്‍ ഈ ആവശ്യമുന്നയിച്ച് പ്രമേയം അവതരിപ്പിച്ചിരുന്നു. നിലവിലുള്ള അലൈന്‍മെന്റിനെതിരേ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ ദേശീയപാതയ്ക്കായി കനോലി കനാലിനോടുചേര്‍ന്ന് ഭൂമിയേറ്റെടുക്കണമെന്ന നിര്‍ദേശത്തിന് പരക്കെ സ്വീകാര്യത കൈവരുന്നുണ്ട്.
2011ല്‍ കനോലി കനാലിനോടുചേര്‍ന്ന് തീര്‍ഥാടന തീരദേശറോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂര്‍ എയര്‍പോര്‍ട്ട് പ്ലാനിങ് സൊസൈറ്റിയെന്ന സംഘടന മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സെല്ലിലേക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തിന് ചീഫ് സെക്രട്ടറി നല്‍കിയ മറുപടിയില്‍ പറയുന്നതിങ്ങനെ, ‘കനോലി കനാലിനോടുചേര്‍ന്നുള്ള തീരദേശ റോഡുനിര്‍മാണം നിലവിലുള്ള പല സംവിധാനത്തെയും പ്രതികൂലമായി ബാധിക്കും. ദേശീയപാത കനോലി കനാലിനോടുചേര്‍ന്നാണ് പലയിടത്തും കടന്നുപോകുന്നത്.’
ദേശീയപാതയുടെ സമീപത്തായതിനാല്‍ ദേശീയപാതയുമായി ബന്ധപ്പെടുത്തി പദ്ധതി ആവിഷ്‌കരിക്കുന്നതായിരിക്കും സാമ്പത്തികമായി ഗുണകരമാവുകയെന്നാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ അഭിപ്രായമെന്നും മറുപടിയിലുണ്ട്. ദേശീയ ജലപാതയാക്കി കനോലി കനാല്‍ വികസിപ്പിക്കുന്ന സാഹചര്യത്തില്‍ കനാലിനാവശ്യമായ വീതിയെടുത്തശേഷം റോഡിനുള്ള വീതി ലഭിക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാമെന്നും സെക്രട്ടറിയുടെ മറുപടിയിലുണ്ട്.
വിശദമായ സാധ്യതാപഠനത്തിനുശേഷം പദ്ധതി നടപ്പാക്കാവുന്നതാണെന്ന് ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറും മറുപടിയില്‍ അറിയിച്ചിരുന്നു.
തീര്‍ഥാടന തീരദേശപാതയുടെ കാര്യത്തില്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദേശീയപാതയ്ക്കായി കനോലി കനാലിനോടുചേര്‍ന്ന് ഭൂമിയേറ്റെടുക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നത്. നിലവിലുള്ള ദേശീയപാത പഴയനിലയില്‍ നിലനിര്‍ത്താനാവുകയും ചെയ്യുമെന്നതാണ് ഇതിന്റെ പ്രയോജനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss