|    Sep 25 Tue, 2018 5:35 pm
FLASH NEWS

കനാല്‍തീരം സ്വകാര്യ വ്യക്തി വളച്ചു കെട്ടിയത് പൊളിച്ചു നീക്കി

Published : 25th January 2017 | Posted By: fsq

 

കോഴിക്കോട്: കനോലി കനാലിന്റെ കരയിലെ കണ്ടല്‍ കാടുകള്‍ വെട്ടിനശിപ്പിച്ച് അര ഏക്കറോളം ഭൂമി വളച്ചുകെട്ടിയത് പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വേലി തകര്‍ത്ത് പൊളിച്ചുമാറ്റി. കോഴിക്കോട് പുതിയപാലത്തെ ഒരു സ്വകാര്യ വ്യക്തി തന്റെ വീടിന് പിറകിലെ കനാല്‍തീരം കൈയേറി വേലി കെട്ടി സ്വന്തമാക്കിയിരുന്നു. സംഭവമറിഞ്ഞ് ഡിവൈഎഫ്‌ഐ ടൗണ്‍ ബ്ലോക്ക് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫിസര്‍ക്കും പിന്നീട് എഡിഎമ്മിനും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഭൂമി വളച്ചുകെട്ടിയത് നീക്കം ചെയ്യണമെന്ന് വീട്ടുടമയ്ക്ക് നോട്ടിസും നല്‍കിയിരുന്നു. വീട്ടുകാര്‍ വേലി പൊളിക്കാത്തതിനെതുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി പിടിച്ചെടുത്ത ഭൂമിയിലെ വേലിക്കെട്ടുകള്‍ പൊളിച്ചു നീക്കി. കനോലി കനാലിന്റെ ഇരു തീരവും പല വര്‍ഷങ്ങളിലായി പലരും വളച്ചുകെട്ടിയ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. പിന്നീട് ജില്ലാ ഭരണകൂടവും കോഴിക്കോട് നഗരസഭയും സ്വകാര്യ വ്യക്തികള്‍ കൈയടക്കിയ ഭൂമി തിരിച്ചു പിടിച്ചിരുന്നു. പലരും കച്ചവട സ്ഥാപനങ്ങള്‍ കെട്ടി ഉയര്‍ത്തിയ സംഭവവും ഉണ്ടായിരുന്നു. ഇന്നലെ വളച്ചുകെട്ടിയ ഭൂമി തിരിച്ചു പിടിച്ചതോടെ മറ്റു ഭൂമിയില്‍ അനധികൃതമായി പിടിച്ചടക്കയവര്‍ ഇപ്പോള്‍ ആശങ്കയിലുമാണ്. ഇവിടെ അര ഏക്കറോളം ഭൂമിയിലെ കണ്ടല്‍കാടുകളും വെട്ടി നശിപ്പിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഷാജി, ഫഹദ്ഖാന്‍, ശരത്, വിമല്‍ തുടങ്ങിയവര്‍ നേതൃത്വം ന ല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss