|    Jan 17 Tue, 2017 12:51 pm
FLASH NEWS

കനല്‍വഴികള്‍ കടന്നെത്തിയ കരുത്ത്

Published : 21st May 2016 | Posted By: sdq

 

തിരുവനന്തപുരം: സംഘാടനത്തിലെ മികവും നിലപാടുകളിലെ കാര്‍ക്കശ്യവുമാണ് പിണറായി വിജയനെന്ന കണ്ണൂരുകാരനെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മിന്നല്‍പ്പിണറായി വളര്‍ത്തിയത്. വിവാദങ്ങളിലും പ്രതിസന്ധിയിലും വിഭാഗീയതയിലും ആടിയുലഞ്ഞ സമയത്ത് നിലപാടുകളില്‍ ഉറച്ചുനിന്ന് പാര്‍ട്ടിയെ പിളര്‍പ്പില്‍നിന്നു തടഞ്ഞ നേതൃത്വമായിരുന്നു പിണറായി വിജയന്റേത്.

ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് വ്യക്തമായ നേതൃത്വത്തെ സിപിഎം പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും പിണറായി എന്ന കരുത്തിനെ ചുറ്റിപ്പറ്റിത്തന്നെയാണ് എല്‍ഡിഎഫ് തിരഞ്ഞടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ പിണറായി മുഖ്യമന്ത്രിയാവണമെന്നായിരുന്നു പാര്‍ട്ടി കേഡര്‍മാരുടെ ആഗ്രഹവും. 1944 മാര്‍ച്ച് 21നാണ് കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തെങ്ങ് ചെത്തുതൊഴിലാളിയായ മുണ്ടയി ല്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയന്‍ എന്ന പിണറായി വിജയന്‍ ജനിച്ചത്. വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പിണറായി രാഷ്ട്രീയത്തില്‍ സജീവമാവുന്നത്. എസ്എന്‍സി ലാവ്‌ലിന്‍, വെടിയുണ്ട വിവാദം, മകന്റെ ബര്‍മിങ്ഹാമിലെ പഠനം, ആഡംബര വീട് തുടങ്ങി നിരവധി വിവാദങ്ങള്‍ വേട്ടയാടിയപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ പിണറായിക്ക് പാ ര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനായതും ഇതിനാലാണ്. പാര്‍ട്ടി ഓഫിസിലിരുന്നു ക ല്‍പനകള്‍ നല്‍കുന്ന നേതാവല്ല പിണറായി. എന്തിനും ഇറങ്ങി ചെല്ലുന്നയാളാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്.
അടിയന്തരാവസ്ഥക്കാലത്തു പതിനെട്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ തടവുകാരനായിരുന്നു പിണറായി. 1970 ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥക്കാലത്ത് പോലിസ് കസ്റ്റഡിയില്‍ മൂന്നാം മുറ ഉള്‍പ്പെടെയുള്ള മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാസമ്മേളനത്തില്‍ പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.
ഇരുപത്തിനാലാം വയസ്സി ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടേറിയറ്റിലുമെത്തിയ പിണറായി 1970 ലും 1977 ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ കേരളത്തിന്റെ സഹകരണ വൈദ്യുതി മന്ത്രിയായ കാലത്താണ് വിവാദമായ ലാവ്‌ലിന്‍ വിഷയം ഉയര്‍ന്ന് വന്നത്. പിന്നീട് അധികാര രാഷ്ട്രീയത്തി ല്‍നിന്ന് അകന്നുനിന്ന് പിണറായി പാര്‍ട്ടി സംവിധാനത്തിന്റെ വ്യാപനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 17 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് എത്തുന്നതാവട്ടെ മുഖ്യമന്ത്രിയെന്ന സമുന്നത പദവിയോടെയും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക