|    Apr 23 Mon, 2018 1:44 am
FLASH NEWS

കനല്‍വഴികളിലൂടെ ഒരു മനുഷ്യന്‍

Published : 24th November 2015 | Posted By: TK
അംബിക

ന്ത്യന്‍ ഇടതുപക്ഷത്തിന്റെ വിപ്ലവകരമായ ഇടപെടല്‍ സാധ്യമാക്കാന്‍ ജീവിതം സമര്‍പ്പിച്ച ഒരു മാവോവാദിയുടെ അനുഭവരേഖകളാണ് മാതുലാമണി തയ്യാറാക്കിയ മുണ്ടൂര്‍ രാവുണ്ണി തടവറയും പോരാട്ടവും. പ്രക്ഷുബ്ധമായ അറുപതുകളിലെ കമ്മ്യൂണിസ്റ്റ് ചിന്തയുടെ ആശയപരവും പ്രായോഗികവുമായ സംഘര്‍ഷങ്ങളുടെ പരിണിതഫലമാണ് എം എന്‍ രാവുണ്ണിയുടെ രാഷ്ട്രീയജീവിതം. റിവിഷനിസത്തോടു കണക്കുതീര്‍ക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നിറങ്ങി വന്നവര്‍ റിവിഷനിസത്തിന്റെ തടവുകാരായതിനെതിരേയുള്ള പോരാട്ടമാണ് അദ്ദേഹത്തെ വ്യത്യസ്തമായ രാഷ്ട്രീയപാതയിലെത്തിച്ചത്.
കോങ്ങാട് ഉന്മൂലനക്കേസില്‍ പ്രതിയായി കോടതിയുടെ മുമ്പില്‍ നില്‍ക്കവേ ‘ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്നു വിധിക്കും’ എന്നു തറപ്പിച്ചു പറഞ്ഞ വിപ്ലവകാരിയുടെ കനല്‍വഴിയിലൂടെയുള്ള ജീവിതം കേവലം 136 പേജുള്ള ഒരു ചെറിയ പുസ്തകത്തില്‍ ഒതുക്കാവുന്നതല്ല. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റുകാരനായി, പിന്നീട് നക്‌സലിസത്തിലെത്തി ഇക്കാലമത്രയും ആ പാതയിലൂടെ അടിപതറാതെ സഞ്ചരിച്ച രാവുണ്ണിയുടെ ജീവിതം ഇന്ത്യന്‍ യുവത്വത്തിന്റെ സമരപരമ്പരകള്‍ക്കു തീ പകരേണ്ടതാണ്, പ്രത്യേകിച്ചും ഹിന്ദുത്വ ഫാഷിസത്തിന്റെ തനിനിറം പ്രത്യക്ഷപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍.
1939ല്‍ പാലക്കാട് മുണ്ടൂരില്‍ ജനിച്ച രാവുണ്ണി മുത്തച്ഛന്റെ സ്വാധീനത്തിലാണ് രാഷ്ട്രീയത്തിലേക്കെത്തിപ്പെടുന്നത്. പിന്നെ പത്താംതരം പരീക്ഷ പോലുമെഴുതാതെ മദ്രാസിലേക്കു തിരിച്ചു. അവിടെ ജോലിയില്‍ ചേരുകയും തൊഴിലാളിയൂനിയനില്‍ സജീവമാവുകയും ചെയ്തു. സോവിയറ്റ് പ്രസിദ്ധീകരണങ്ങള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കു   വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്ന              ഓഫിസില്‍ മലയാളവിഭാഗത്തിന്റെ അസി. എഡിറ്ററായി 200 രൂപ ശമ്പളത്തില്‍ പാര്‍ട്ടി               രാവുണ്ണിയെ നിയമിച്ചു.

കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയചരിത്രത്തില്‍ സ്വന്തം ഇടം കണ്ടെത്തിയ വിപ്ലവകാരി
എം എന്‍ രാവുണ്ണിയുടെ ജീവിതം പറയുന്ന ‘മുണ്ടൂര്‍ രാവുണ്ണി തടവറയും പോരാട്ടവും’ സമരങ്ങള്‍ ആഘോഷങ്ങളാക്കുന്ന പുതുതലമുറയ്ക്ക് ഊര്‍ജം പകരുന്ന പാഠപുസ്തകമാണ്

ഈ സമയത്താണ് ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ആശയവുമായി വി രാമദാസ്, രാവുണ്ണിയെ സമീപിക്കുന്നത്. അപ്പോഴാണ് ആന്ധ്രയിലും ബംഗാളിലും പഞ്ചാബിലുമുള്‍പ്പെടെ സമാനചിന്താഗതിക്കാരായ സഖാക്കളും ഗ്രൂപ്പുകളുമുണ്ടെന്ന് അദ്ദേഹമറിയുന്നത്.

നക്‌സലിസത്തിലേക്ക്
രാവുണ്ണിക്ക് 23 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ എല്‍ അപ്പു അടക്കമുള്ള സഖാക്കളുമായി ചേര്‍ന്ന് മദ്രാസില്‍ തീക്കതിര്‍ എന്ന പത്രം ആരംഭിച്ചു. കംപോസിങും വിതരണവുമെല്ലാം സ്വയംനടത്തിയാണ് പത്രം പുറത്തിറക്കിയത്. പിന്നീട് എല്‍ അപ്പുവിനെ നിര്‍ബന്ധിച്ചു പാര്‍ട്ടി എഡിറ്റര്‍ സ്ഥാനം രാജിവയ്പിച്ചപ്പോള്‍ തീക്കതിരിന്റെ പത്രാധിപത്യം രാവുണ്ണി ഏറ്റെടുത്തു. ഈ കാലഘട്ടത്തില്‍തന്നെ രാവുണ്ണി കുന്നിക്കല്‍ നാരായണന്റെ മാര്‍ക്‌സിസ്റ്റ് പബ്ലിക്കേഷനുമായി ബന്ധപ്പെട്ടിരുന്നു.
1964ല്‍ സിപിഎം രൂപീകരിക്കപ്പെട്ടെങ്കിലും റഷ്യന്‍ തിരുത്തല്‍വാദത്തെ സംബന്ധിച്ചു വ്യക്തമായ നിലപാടെടുത്തില്ല. സിപിഎമ്മിന്റെ കൊല്‍ക്കത്ത കോണ്‍ഗ്രസ്സിനു ശേഷം ആയിരക്കണക്കിനു പ്രവര്‍ത്തകരെ ചൈനീസ് ചാരന്‍മാര്‍ എന്നു മുദ്രകുത്തി കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചു. തമിഴ്‌നാട്ടില്‍ പി രാമമൂര്‍ത്തി, വെങ്കിട്ടരാമന്‍, എന്‍ ശങ്കരയ്യ, വി പി ചിണ്ടന്‍, അനന്തന്‍ നമ്പ്യാര്‍, ആര്‍ ഉമാനാഥ് തുടങ്ങി മുതിര്‍ന്ന നേതാക്കളോടൊപ്പം രാവുണ്ണിയും ജയിലിലായി.
1966ല്‍ ജയില്‍മോചിതനായി വന്നശേഷം സിപിഎമ്മിന്റെ നിലപാടിനെതിരായ ലേഖനങ്ങള്‍ തീക്കതിരില്‍ എഴുതിയതോടെ രാവുണ്ണി പത്രത്തില്‍ നിന്നു പുറത്താക്കപ്പെട്ടു. ഇതിനുശേഷം എകെജി ആവശ്യപ്പെട്ടതനുസരിച്ചു പരസ്പരം കാണുകയും സംസാരിക്കുകയുമുണ്ടായെങ്കിലും രണ്ടു വഴികളിലാണെന്നവര്‍ തിരിച്ചറിഞ്ഞു. പിന്നീട് 1970ല്‍ മുണ്ടൂര്‍ കേസില്‍ ജയിലില്‍ കിടക്കുമ്പോള്‍ രാവുണ്ണിയെ തേടി എകെജി എത്തിയെങ്കിലും കാണാന്‍ കൂട്ടാക്കിയില്ല.
ആലത്തൂരില്‍ വച്ചുനടന്ന സിപിഎം പാര്‍ട്ടി പ്ലീനത്തില്‍ മാവോചിന്തയുടെ ലഘുലേഖകള്‍ വിതരണം ചെയ്തതോടെ രാവുണ്ണി പരസ്യമായി നക്‌സലൈറ്റ് പ്രവര്‍ത്തകനായി മാറി. ദേശീയതലത്തില്‍ 1967 നവംബറില്‍ ഓള്‍ ഇന്ത്യ കോ-ഓഡിനേഷന്‍ കമ്മിറ്റി ഓഫ് കമ്മ്യൂണിസ്റ്റ് റവല്യൂഷനറീസ് എന്ന സംഘടന ചാരുമജൂംദാറിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നു. കേരളത്തിലും ഇതിന്റെ ശാഖയുണ്ടായി. കുന്നിക്കല്‍ നാരായണന്‍ സെക്രട്ടറിയും ഫിലിപ്പ് എം പ്രസാദ്, എം എന്‍ രാവുണ്ണി, ജോസ് എബ്രഹാം, എം ടി തോമസ്, പി കെ കരുണാകരന്‍ എന്നിവര്‍ അംഗങ്ങളും ആയിരുന്നു.

mundoor ravunni

 

അടിതെറ്റിയ ആക്ഷന്‍
അലയടിച്ച ആവേശവും അടിതെറ്റിയ ആക്ഷനും എന്നാണ് 1968 നവംബര്‍ 20ലെ തലശ്ശേരി പോലിസ് സ്റ്റേഷന്‍ ആക്രമണത്തെ ഗ്രന്ഥകാരനും രാവുണ്ണിയും വിലയിരുത്തുന്നത്. 400 പേര്‍ തയ്യാറെടുപ്പോടെ വന്നിട്ടും കേവലം ഒരു പെറ്റി ബൂര്‍ഷ്വാ റൊമാന്റിക് ആക്ഷനായി അതു മാറിയെന്നും പുസ്തകം പറയുന്നുണ്ട്.

ഉന്മൂലനം വിപ്ലവത്തില്‍ അനിവാര്യമാണ്. അതേസമയം, അത് പാര്‍ട്ടി നയമായി സ്വീകരിച്ചതാണ് തെറ്റായിപ്പോയതെന്നു രാവുണ്ണി അഭിപ്രായപ്പെടുന്നു. 1970 ഫെബ്രുവരി 9നു നടന്ന തൃശ്ശിലേരി, തിരുനെല്ലി കലാപത്തില്‍ വാസുദേവ അഡിഗ എന്ന ജന്മിയും പോലിസ് ഒറ്റുകാരനായ ചേക്കുവും കൊല്ലപ്പെടുകയും ആറു വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു. 1970 ഫെബ്രുവരി 18ന് വര്‍ഗീസിനെ പോലിസുകാര്‍ പിടികൂടി ക്രൂരമായി വധിച്ചു. സംഘടന കെട്ടിപ്പടുക്കുകയോ ആശയപ്രചാരണം നടത്തുകയോ ചെയ്യുന്നതിനുപകരം ഒരു ആക്ഷന്‍ കമ്മിറ്റി മാത്രമായി പാര്‍ട്ടി അധപ്പതിക്കുകയായിരുന്നുവെന്ന രാവുണ്ണിയുടെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്.
കോങ്ങാട് ആക്ഷന്‍ നടക്കുന്നത് 1970 ജൂലൈ 30നാണ്. 20 പേരാണു പങ്കെടുത്തത്. ‘നാട്ടിലെ സൈ്വരജീവിതം തകര്‍ക്കാനും സ്വന്തം താല്‍പ്പര്യത്തിനു വേണ്ടി എന്തു ക്രൂരകൃത്യം ചെയ്യാനും മടിയില്ലാത്ത സാമൂഹികവിരുദ്ധനാണ് നിങ്ങള്‍..’ എന്നു തുടങ്ങുന്ന കുറ്റപത്രം വായിച്ചുകൊടുത്ത ശേഷം നാരായണന്‍കുട്ടി നായര്‍ എന്ന ജന്മിയെ വകവരുത്തുകയായിരുന്നു എന്ന് രാവുണ്ണി ഓര്‍ക്കുന്നു. കോങ്ങാട് സംഭവത്തിന്റെ പ്രകമ്പനം ഇന്നും നിലനില്‍ക്കുന്നത് ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള തന്റെ പ്രവര്‍ത്തനശൈലിയുടെ വിജയമാണെന്നും അത് ‘വിപ്ലവം ഒരു ബഹുജനസംരംഭമായിരിക്കണം’ എന്ന മാവോചിന്തയുടെ സാധൂകരണമാണെന്നും രാവുണ്ണി പറയുന്നു. എന്നാല്‍, വിപ്ലവമുണ്ടാവണമെങ്കില്‍ ഒരു വിപ്ലവപ്പാര്‍ട്ടിയുണ്ടായേ മതിയാവൂ എന്നത് ഗൗരവത്തോടെ കാണാനാവാതിരുന്നത് വലിയ തിരിച്ചടിയായി. ഒരു സാമ്പത്തിക, സാമൂഹിക, പ്രത്യയശാസ്ത്രവ്യവഹാരം എന്ന നിലയ്ക്ക് കേരളത്തിലെ ഫ്യൂഡലിസത്തിന്റെ അവസാന കൊത്തളങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണമായിരുന്നു ഇത്തരം ഉന്മൂലനങ്ങളെന്നും രാവുണ്ണി വ്യക്തമാക്കുന്നു.

15 വര്‍ഷത്തെ ജയില്‍വാസം
15 വര്‍ഷത്തോളം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നു. അച്ഛന്‍, സഹോദരന്‍, സഹോദരി എന്നിവര്‍ മരിച്ചിട്ടുപോലും പരോള്‍ അനുവദിച്ചില്ല. അതിനിടയില്‍ ഒരു ജയില്‍ചാടലും നടത്തി.  1971 മെയ് 26ാം തിയ്യതിയിലെ രാവുണ്ണിയുടെയും സംഘത്തിന്റെയും  ജയില്‍ചാട്ടം കേരളത്തെ ഞെട്ടിച്ചു. അതിന്റെ സജീവമായ വിവരണമുണ്ട് പുസ്തകത്തില്‍. ഏറെ പക്വതയും സഹിഷ്ണുതയും ആവശ്യപ്പെടുന്ന ഒന്നാണ് ഒളിവുജീവിതമെന്ന് അനുഭവങ്ങളിലൂടെ രാവുണ്ണി പറയുന്നു.
വിവിധ കാലങ്ങളില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച നേതാക്കളെ രാവുണ്ണി ഈ പുസ്തകത്തില്‍ വിലയിരുത്തുന്നുണ്ട്. ചെറുപ്പത്തില്‍ മഹത്തായ ത്യാഗത്തിന്റെ വഴിയിലൂടെ നീങ്ങിയ അജിതയ്ക്ക് വിപ്ലവകരമായി സ്വയം വികസിക്കാനായില്ലെന്നും ബൂര്‍ഷ്വാ ആശയവാദത്തിന്റെ പിടിയിലേക്കമരുകയായിരുന്നു കെ വേണുവെന്നും അദ്ദേഹം വിലയിരുത്തുന്നു.
ജയറാംപടിക്കലിന്റെ ഉരുട്ടലടക്കമുള്ള പീഡനാനുഭവങ്ങളെക്കുറിച്ചും ഭയാനകമായ ഏകാന്തതടവിനെക്കുറിച്ചുമൊക്കെ പുസ്തകത്തില്‍ വിവരണമുണ്ട്. തടവറയ്ക്കകത്തെ മനുഷ്യാവകാശലംഘനങ്ങളെ പുറത്തുകൊണ്ടുവരാനും അതില്‍ മാറ്റങ്ങളുണ്ടാക്കാനും രാവുണ്ണിക്ക് കടുത്ത സമരം തന്നെ നടത്തേണ്ടി വന്നു. തടവുകാര്‍ ഇന്ന് അനുഭവിക്കുന്ന പല അവകാശങ്ങളും രാവുണ്ണിയുടെയും സുഹൃത്തുക്കളുടെയും സമരത്തിന്റെ കൂടെ ഫലമാണ്.
1998 ഫെബ്രുവരി 9നാണ് പോരാട്ടം എന്ന മാവോയിസ്റ്റ് വര്‍ഗബഹുജന സംഘടന രാവുണ്ണിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്നത്. അതിനുമുമ്പ് മുന്നളിപ്പോരാളി എന്ന പ്രസിദ്ധീകരണവും മുരളി കണ്ണമ്പിള്ളിയുടെയും രാവുണ്ണിയുടെയും നേതൃത്വത്തില്‍ തുടങ്ങിയിരുന്നു. 1999ല്‍ റവല്യൂഷനറി ഇന്റര്‍നാഷനല്‍ മൂവ്‌മെന്റിനു വേണ്ടി സംഘടിപ്പിച്ച ചൈനീസ് വിപ്ലവത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പ്രഭാഷണം നടത്താനായി അദ്ദേഹം നീപ്പാളിലേക്കു പോയി. പുസ്തകത്തില്‍ ഏറ്റവും രസകരമായ അനുഭവമാണ് അദ്ദേഹത്തിന്റെ നീപ്പാള്‍ യാത്ര.
1988ലാണ് ഹേമ എന്ന അധ്യാപിക ജീവിതസഖിയാവുന്നത്. ഇവര്‍ക്ക് ഒരു ദത്തുപുത്രനും രണ്ടു പെണ്‍മക്കളുമുണ്ട്. തൃശൂര്‍ ഗ്രീന്‍ ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തിന് ബി ആര്‍ പി ഭാസ്‌കറിന്റെ ഗഹനമായ ആമുഖമുണ്ട്. പുതുതലമുറയ്ക്ക് ഊര്‍ജം പകരുന്ന പാഠപുസ്തകമാണ് രാവുണ്ണിയുടെ ജീവിതം. അതിലേക്കുള്ള ഒരെത്തിനോട്ടം മാത്രമാണ് ഈ ഗ്രന്ഥം.

 

 

 

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss