|    Mar 20 Tue, 2018 1:08 pm
FLASH NEWS

കനയ്യകുമാര്‍ താങ്കള്‍ ഭാഗ്യവാനാണ്

Published : 14th March 2016 | Posted By: sdq

30 ശതമാനം വോട്ടിന്റെ ബലത്തില്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ നമ്മള്‍ ജീവിക്കുന്നതു കാട്ടാള യുഗത്തിലാണോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അല്‍പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രി കുടപിടിക്കുമെന്ന പഴമൊഴി അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന നടപടികളാണു പാര്‍ട്ടി നേതൃത്വം സ്വീകരിക്കുന്നത്. ഒരു കൂട്ടര്‍ ബീഫ് തിന്നുന്നവരെ തേടി ആയുധങ്ങളുമായി അടുക്കളകള്‍ കയറിയിറങ്ങുമ്പോള്‍ മറ്റൊരു കൂട്ടര്‍ ദലിതുകളെ ചുട്ടുകൊല്ലാന്‍ നടക്കുന്നു. പിന്നൊരു കൂട്ടര്‍ തങ്ങളുടെ വിമര്‍ശകരെയും പ്രതിപക്ഷത്തേയും മുഴുവന്‍ രാജദ്രോഹികളാക്കാന്‍ വേണ്ട കള്ളത്തെളിവുണ്ടാക്കാന്‍ നടക്കുന്നു. മന്ത്രിമാരും എംപിമാരുമായ ചിലര്‍ ഒരു മത വിഭാഗത്തിനെതിരേ പരസ്യമായ കൊലവിളിയും അട്ടഹാസവുമായി നടക്കുന്നു. പ്രധാനമന്ത്രിയോ, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ യോഗാഭ്യാസം നടത്തി ജീവിക്കുന്നു.
ഇന്ത്യയില്‍ ചിലയിടത്തു ന്യൂനപക്ഷ ദലിത് വിദ്വേഷം കുത്തിവച്ചു കുറച്ചുകാലം കൂടി ഇങ്ങനെ പിടിച്ചു നില്‍ക്കാം. പക്ഷേ, അപ്പോഴേക്കും നമ്മുടെ അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കാന്‍ കഴിയാത്തവിധം നാട് കലാപഭൂമിയായി മാറിയിരിക്കും. അക്രമികള്‍ക്ക് ഇതിനൊക്കെയുള്ള തിരിച്ചടികള്‍ ലഭിക്കുന്നതു തങ്ങളുടെ സന്തതിപരമ്പരകളിലൂടെയായിരിക്കും. മര്‍ദ്ദകര്‍ക്കെതിരേ മര്‍ദ്ദിതരുടെ വജ്രായുധമാണ് ശാപപ്രാര്‍ഥന. ശാപമേറ്റവര്‍ ഇന്നും നമ്മുടെ ചുറ്റുപാടും പുഴുത്തുനാറി ജീവിക്കുന്നുണ്ട്. ഇതിനേക്കാള്‍ വലിയ അക്രമികള്‍ പലരും ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെട്ടിട്ടുണ്ട്. ഹിറ്റ്‌ലര്‍, സ്റ്റാലിന്‍ ഇവരൊക്കെ ഇന്നും ലക്ഷങ്ങളുടെ ശാപം പേറുന്നു.
100 ശതമാനം സാക്ഷരത നേടിയ നമ്മുടെ കേരളത്തിലും ഇത്തരം ജനദ്രോഹ നടപടികള്‍ക്ക് ആളെ ലഭിക്കുന്നതാണ് നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിന്റെ അനുഭവം, വെള്ളാപ്പള്ളിയുടെ വി ഡി സതീശനെതിരേയുള്ള അസഭ്യപ്രയോഗം ഇതൊക്കെ ഏറ്റവും അടുത്ത ഉദാഹരണങ്ങള്‍ മാത്രം. നാഴികയ്ക്കു നാല്‍പതുവട്ടം ഹിന്ദുവിനെ ഉണര്‍ത്തന്‍ ഓംകാരം മുഴക്കുന്നവര്‍ ഒരു യഥാര്‍ഥ ഹിന്ദുവായി ജീവിക്കാന്‍ സ്വസമുദായത്തെ പ്രേരിപ്പിക്കുന്നതു കാണാറില്ല. മതസിദ്ധാന്തങ്ങള്‍ സംശുദ്ധവും മാന്യവുമായ ജീവിതം നയിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. പക്ഷേ, ഇവര്‍ക്കു വേണ്ടതു മാന്യന്‍മാരെയോ ശുദ്ധാത്മാക്കളെയോ അല്ല. വടക്കെ ഇന്ത്യയിലെ പോലെ തീവ്ര ചിന്താഗതിക്കാരെ ഇറക്കി കേരളത്തില്‍ നേട്ടം കൊയ്യാമെന്ന സ്വപ്‌നം നടക്കില്ലെന്നു സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കു നന്നായറിയാം.
ഏതായാലും സ്മൃതി ഇറാനിയും എബിവിപിക്കാരും വക്കീല്‍ ഗുണ്ടകളും ഡല്‍ഹി പോലിസും കൂടി ഇന്ത്യാ രാജ്യത്തിനു കരുത്തുറ്റ ഒരു നേതാവിനെയും രോഹിത് വെമുലയെന്ന ഒരു രക്തസാക്ഷിയെയും സമ്മാനിച്ചു. കനയ്യകുമാര്‍, താങ്കള്‍ ഭാഗ്യവാനാണ്. താങ്കളെ അറിഞ്ഞതുവഴി ഞങ്ങളും.

ബഷീര്‍ വാണിയക്കാട്
ബഹ്‌റയ്ന്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss