|    May 25 Thu, 2017 5:05 am
FLASH NEWS

കനത്ത സുരക്ഷയില്‍ ഇന്ന് സ്വാതന്ത്ര്യദിനാഘോഷം

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും. രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനിടെ രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയവര്‍ക്ക് ആദരവ് അര്‍പ്പിച്ച ശേഷം 7.10ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
കഴിഞ്ഞ വര്‍ഷത്തേതുപോലെ, സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. എഴുതിത്തയ്യാറാക്കിയ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുന്നതിന് പകരം സ്വതസിദ്ധമായ ശൈലിയിലാവും മോദി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുന്ന ചെങ്കോട്ടയിലും പരിസര പ്രദേശത്തും സുരക്ഷ ശക്തമാക്കി. ചെങ്കോട്ട സ്ഥിതിചെയ്യുന്ന പഴയ ഡല്‍ഹിയിലും പരിസര പ്രദേശത്തും മാത്രം ആയിരക്കണക്കിന് സുരക്ഷാ ഭടന്‍മാരെയാണ് വിന്യസിച്ചിട്ടുള്ളത്.
ചെങ്കോട്ടയില്‍ സവിശേഷ എന്‍എസ്ജി കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ നിരയുടെ ഏറ്റവും ഉള്ളിലായി എന്‍എസ്ജി കമാന്‍ഡോകള്‍ നിലയുറപ്പിച്ച വിധത്തിലാണ് ചെങ്കോട്ടയിലും പരിസരപ്രദേശത്തുമുള്ള സുരക്ഷാ ക്രമീകരണം. സുരക്ഷയ്ക്കായി ഡല്‍ഹി പോലിസിലെ 5,000 അധിക അംഗങ്ങളെയും നിയോഗിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭാരത് പര്‍വ് സാംസ്‌കാരിക മേള നടക്കുന്ന രാജ്പഥില്‍ ഇന്നലെ സുരക്ഷ ശക്തമാക്കി. പ്രധാന മന്ത്രാലയങ്ങള്‍ സ്ഥിതിചെയ്യുന്ന നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ക്കും ചുറ്റും മറ്റു സര്‍ക്കാര്‍ ഓഫിസുകള്‍ക്കു ചുറ്റും സുരക്ഷ കൂട്ടി. വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക സിസിടിവി കാമറകള്‍ സ്ഥാപിച്ചു. ചെങ്കോട്ടയ്ക്കു സമീപം താമസിക്കുന്ന 9,000ഓളം പേരുടെ മുഴുവന്‍ വിവരങ്ങളും നേരത്തേ പോലിസ് ശേഖരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് അദ്ദേഹം ചെങ്കോട്ട വിടുന്നതുവരെ ചെങ്കോട്ടയ്ക്കു സമീപമുള്ള മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടും. ചെങ്കോട്ടയിലെ 605 ബാല്‍ക്കണികളുടെയും 104 ജനാലകളുടെയും സൂക്ഷ്മ നിരീക്ഷണത്തിനു പനോരമ ഫോട്ടോഗ്രഫി സംവിധാനം ഉപയോഗിക്കും. ഒക്ടോബര്‍ വരെ നഗരത്തില്‍ എയര്‍ബലൂണും പാരാഗ്ലൈഡിങും നിരോധിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day