|    Oct 18 Thu, 2018 2:51 am
FLASH NEWS

കനത്ത സുരക്ഷയിലും വാഗമണ്ണില്‍ വിനോദസഞ്ചാരികളുടെ തിരക്ക്

Published : 23rd September 2017 | Posted By: fsq

 

മുഹമ്മദ്  അന്‍സാരി

വാഗമണ്‍: വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടിയെയും ഗവിയെയും വിനോദ സഞ്ചാരികള്‍ കൈയൊഴിയുമ്പോഴും തിരക്കൊഴിയാതെ വാഗമണ്‍. ടൂറിസം വകുപ്പിന്റെ ശക്തമായ ഇടപെടലുകളാണ് വിനോദ സഞ്ചാരികളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ധനവിന് പ്രധാന കാരണം. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ വാഗമണ്‍ സന്ദര്‍ശിച്ചത് ഒരു ലക്ഷത്തോളം വിനോദ സഞ്ചാരികളാണ്. കനത്ത  സുരക്ഷാ ക്രമീകരണങ്ങളാണ് ടൂറിസം വകുപ്പ് ഇതിനായി ഒരുക്കിയിരിക്കുന്നത്. അപകടകരമാം വിധത്തിലുള്ള പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇരുമ്പ് വേലികള്‍ സ്ഥാപിക്കുന്നതിനുള്ള  ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇത് കൂടാതെ സുരക്ഷ ജീവനക്കാരുടെ നോട്ടം കിട്ടുന്ന സ്ഥലങ്ങളില്‍ മാത്രമാണ് സഞ്ചാരികളുടെ  സന്ദര്‍ശനത്തിന് അനുവദിക്കുന്നത്.  തിരിച്ചറിയല്‍ കാര്‍ഡും  ഇവരുമായി  ബന്ധപ്പെടുവാനുള്ള  ഫോണ്‍ നമ്പറും വാങ്ങി  പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷമാണ് സഞ്ചാരികളെ സന്ദര്‍ശനത്തിന് അനുവദിക്കുന്നത്.  ബസ്സുകളില്‍ സംഘം ചേര്‍ന്ന് എത്തുന്നവര്‍ക്ക് ഡി ടിപിസി ഉദ്യോഗസ്ഥര്‍ സുരക്ഷയെ പറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതിനു ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. ഇടുക്കിയിലും പരിസര പ്രദേശങ്ങളിലും  മഴ കാര്യമായി ബാധിച്ചിട്ടും ഹൈറേഞ്ചിലേക്കുള്ള യാത്രയ്ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടും പ്രതികൂല സാഹചര്യത്തിലാണ് സഞ്ചാരികള്‍ വാഗമണ്ണിലേക്ക് മല കയറുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണിലെ തണുത്ത കാലാവസ്ഥയാണ് സഞ്ചാരികള്‍ക്ക് പ്രധാന ആകര്‍ഷണം. മൊട്ടക്കുന്നുകള്‍ക്ക് പുറമെ തങ്ങള്‍ പാറ, പൈന്‍ വാലി, പാലൊഴുകും പാറ, ആത്മഹത്യ മുനമ്പ്, കോലാഹലമേട്, പൈന്‍മരക്കാടുകളും, വെള്ളച്ചാട്ടവുമാണ്  സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍  മൊട്ടക്കുന്നില്‍ മാത്രം നാല്‍പതിനായിരം സഞ്ചാരികള്‍ എത്തിയിട്ടുള്ള തായാണ് ലഭ്യമാവുന്ന കണക്കുകള്‍. സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഡിടിപിസിയും  മികച്ച സൗകാര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്. ആത്മഹത്യ മുനമ്പില്‍ സുരക്ഷ വലയങ്ങളുടെ പണി പുരോഗിമിക്കുകയാണ്. അഞ്ചു കിലോമീറ്റിറിനുള്ളി ല്‍ സഞ്ചരിച്ച് ഈ സ്ഥലങ്ങളെല്ലാം കാണാന്‍ കഴിയുമെന്നതാണ് വാഗമണ്ണിന്റെ മറ്റൊരു പ്രത്യേകത. മഴയെ തുടര്‍ന്ന് വാഗമണ്ണില്‍ ശക്തമായ കോടമഞ്ഞു മൂടിയിരിക്കുകയാണ്. പച്ചപ്പു വിരിച്ച മൊട്ടക്കുന്നുകളില്‍ നിറഞ്ഞു നില്‍ക്കുന്ന കോടമഞ്ഞും തണുത്ത കാലാവസ്ഥയും സഞ്ചാരികളുടെ മനം കവരുന്നവയാണ്. വേനല്‍ കാലത്തുപോലും 10 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. കാലവര്‍ഷം ശക്തമായി വാഗമണ്ണിലും ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലും പെയ്തിറങ്ങിയിട്ടും ദൃശ്യഭംഗി ആസ്വദിക്കാന്‍ വാഗമണ്ണിലെയ്ക്ക് മല കയറുന്നവരുടെ എണ്ണം ദിവസേന കൂടിവരുകയാണ്. ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഞ്ചാരികള്‍ പരാതിയായി പറയുന്നുണ്ടെങ്കിലും ഇടുക്കിയുടെ നിഗൂഢ സൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികള്‍ മടങ്ങുന്നത് തൃപ്തിയോടെയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss