|    Jan 22 Sun, 2017 9:38 am
FLASH NEWS

കനത്ത വേനല്‍; ജലം സംഭരിക്കാനാവാതെ ചമ്രവട്ടം ജലസംഭരണി

Published : 3rd May 2016 | Posted By: SMR

പൊന്നാനി: പൊന്നാനിയിലെ വികസനങ്ങളിലെ ദുരന്തങ്ങളിലൊന്നാണ് ചമ്രവട്ടം ജലസംഭരണി. 150 കോടി രൂപ ചെലവില്‍ നാലുവര്‍ഷം മുമ്പ് നിര്‍മിച്ച ബഹുമുഖ പദ്ധതിയായിരുന്നിട്ടും ഗതാഗതമൊഴികെയുള്ള യാതൊരു ഗുണവും ഇതുവരെയും ലഭ്യമായിട്ടില്ല. കത്തുന്ന വേനലില്‍ പോലും ജലം സംഭരിക്കാ ന്‍ കഴിയാത്ത അവസ്ഥയാണിത്. ചോര്‍ച്ചയാണ് കാരണം. ഇതിനു പരിഹാരം കാണാന്‍ കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
നാലു വര്‍ഷം മുമ്പ് പദ്ധതി കമ്മിഷന്‍ ചെയ്തപ്പോള്‍ തന്നെ റഗുലേറ്ററില്‍ ചോര്‍ച്ച അനുഭവപ്പെട്ടിരുന്നു. ആദ്യ വര്‍ഷം ജലസംഭരണം സാധ്യമായെങ്കിലും ചോര്‍ച്ചയും പുഴയുടെ കര കവിച്ചിലും കാരണം ഇടയ്ക്ക് വച്ച് ഷട്ടര്‍ തുറക്കേണ്ടി വന്നു. ചോര്‍ച്ച അടക്കാന്‍ താല്‍ക്കാലിക പരിഹാരമാര്‍ഗങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചോര്‍ച്ച കൂടുകയാണ് ഉണ്ടായത്. പദ്ധതിയുടെ നിര്‍മാണത്തില്‍ ആരോപണം ഉയര്‍ന്നതോടെ വിജിലന്‍സ് അന്വേഷണം വന്നു.
നിര്‍മാണത്തില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കുകയും രാഷ്ട്രിയ വിവാദങ്ങള്‍ക്ക് കാരണമായി എന്നതല്ലാതെ മറ്റു തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജിലെ സാങ്കേതിക വിഭാഗം ചോര്‍ച്ച സംബന്ധിച്ച് വിശദമായ പഠനമാണ് നടത്തിയത്. റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ പഠനത്തിന് ഡല്‍ഹി ഐഐടിക്ക് കൈമാറി. ഇവര്‍ പ്രാഥമിക പഠനം നടത്തി.കൂടുതല്‍ സമഗ്രമായ പഠനത്തിന് അരകോടി രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പുറമെ ജലസേചന വകുപ്പിന്റെ ഉന്നതരും പഠനം നടത്തി. പക്ഷെ പരിഹാര നടപടികള്‍ ഒന്നുമുണ്ടായില്ല.
ഡല്‍ഹി ഐഐടി യുടെ വിശദമായ സര്‍ക്കാര്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് ഫണ്ട് അനുവദിച്ചു. ഇനി പഠനം കഴിഞ്ഞ് ചോര്‍ച്ചക്ക് പരിഹാരം കാണുമ്പോഴേക്കും രണ്ട് സീസണെങ്കിലും കഴിഞ്ഞു പോകും.അപ്പോഴേക്കും മറ്റേതെങ്കിലും തകരാറുകള്‍ റഗുലേറ്ററിനും പാലത്തിനുമുണ്ടാകുമോയെന്ന് പറയാനാകില്ല. നിലവിലെ സാഹചര്യത്തില്‍ ഷട്ടറുകള്‍ അടച്ച് ജലസംഭരണം നടത്തുകയെന്നത് ഒരു നിലയ്ക്കും സാധ്യമല്ല. ഈ വേനലിലും ജലം സംഭരിക്കാന്‍ കഴിയാത്തതിനാല്‍ ജലക്ഷാമം പരിഹരിക്കാന്‍ അധികൃതര്‍ക്കായില്ല.
ചോര്‍ച്ച മാറ്റാതെ ജലസംഭരണം നടത്തുന്നത് പാലത്തിന് അപകട ഭീഷണിയാകുമെന്നാണ് പരിശോധന നടത്തിയ വിവിധ ഏജന്‍സികളുടെ മുന്നറിയിപ്പ്. ജലസേചനം, കുടിവെള്ളം എന്നിവയാണ് ചമ്രവട്ടം പദ്ധതി വിഭാവനം ചെയ്യുന്ന പ്രധാന സൗകര്യങ്ങള്‍. കഴിഞ്ഞ നാലു വര്‍ഷമായി ഇത് നടന്നിട്ടില്ല.
റഗുലേറ്ററിന് താഴെ പുഴക്കു സമാന്തരമായി ഷീറ്റ് പൈലിങ് ചെയ്യുന്നതിലൂടെ മാത്രമെ ചോര്‍ച്ച ശാശ്വതമായി പരിഹരിക്കപ്പെടും. ഇതിന് കോടികള്‍ ചെലവ് വരും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാ മുന്നണികള്‍ക്കും ഇതൊരു ആരോപണ പ്രത്യാരോപണ വിഷയമായി മാറുന്നു എന്നല്ലാതെ ഇതിനൊരു പരിഹാരം അകലെയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക