|    Aug 19 Sun, 2018 1:44 pm
FLASH NEWS

കനത്ത മഴ; മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീതിയില്‍

Published : 9th August 2018 | Posted By: kasim kzm

വാണിമേല്‍: മലയോര മേഖലയില്‍ പെയ്യുന്ന ശക്തമായ മഴയില്‍ വിലങ്ങാട് പ്രദേശം ഉരുള്‍പൊട്ടല്‍ ഭീതിയില്‍. രണ്ട് ദിവസമായി കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. പ്രദേശത്തെ പുഴകളും തോടുകളും കര കവിഞ്ഞൊഴുകാന്‍ തുടങ്ങിയതിനാല്‍ അങ്ങാടിയോട് ചേര്‍ന്ന് കിടക്കുന്ന പാലം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.
ഇത് ഏറെ നേരം ഗതാഗത തടസ്സത്തിന് കാരണമായി. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ മഴയില്‍ അരിമുറ്റം വയലില്‍ ജോയിയുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണത് വീട്ടകാരെ ആകെ പരിഭ്രാന്തരാക്കി.
ചെങ്കുത്തായ കുന്നുകളും കൂറ്റന്‍ പാറകളുമുള്ള ഭൂപ്രദേശമായത് കൊണ്ട് താഴ്‌വാരങ്ങളില്‍ താമസിക്കുന്നവര്‍ ഏറെ ഭീതിയോട് കൂടിയാണ് കഴിയുന്നത്. ശക്തമായ മലവെള്ളപ്പാച്ചലില്‍ നാളികേരമുള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ ഒഴുകിപ്പോയികൊണ്ടിരിക്കുകയാണ്.

മണ്ണിടിച്ചില്‍ വ്യാപകം; കടന്ത്രപ്പുഴയുടെ തീരം ഭീഷണിയില്‍
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ ചെമ്പനോട കടന്തറ പുഴയോരമിടിഞ്ഞു കര്‍ഷകര്‍ ദുരിതത്തില്‍. പലരുടെയൂം തെങ്ങ് റബര്‍ കൃഷികള്‍ പുഴയെടുത്തു. പുഴ ഓരോ വര്‍ഷവും ഗതി മാറി ഒഴുകി ചെമ്പനോട അമ്മിയാം മണ്ണ് മേഖല തീരത്തെ വിഴുങ്ങുകയാണ്. സെന്റ് കണക്കിനു സ്ഥലമാണു കര്‍ഷകര്‍ക്കു നഷ്ടപ്പെടുന്നത്. പറമ്പുകാട്ടില്‍ വര്‍ഗീസ്, ഇദ്ദേഹത്തിന്റെ സഹോദരന്‍ റോബിന്‍, വേനകുഴി ബേബി, പറമ്പുകാട്ടില്‍ ബേബി തുടങ്ങിയവരുടെ കൃഷിയിടങ്ങള്‍ക്കാണു കടുത്ത മണ്ണിടിച്ചില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്.
തെങ്ങടക്കം അനേകം ഫലവൃക്ഷങ്ങള്‍ കടപുഴകി പുഴകി. ഇനിയും ഏതാനും മീറ്റര്‍ വീതിയില്‍ കൂടി മണ്ണ് പുഴയെടുത്താല്‍ ചെമ്പനോട വണ്ണാത്തിച്ചിറ പശുക്കടവ് പോക്കറ്റ് റോഡിന് ഭീഷണിയാകും. താമര മുക്ക്, കുറത്തിപ്പാറ ഭാഗങ്ങളിലെ പല കര്‍ഷകരും സമാന ദുരിതമനുഭവിക്കുന്നവരാണ്. ഇതിനിടെ ചെമ്പുകടവ് വന മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സൂചനയുണ്ട്. കനത്ത മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് ചെമ്പുകടവ് പാലത്തിലില്‍ വെള്ളം കയറി. മലയോര മേഖല ആശങ്കയില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss