|    Oct 16 Tue, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കനത്ത മഴ, മണ്ണിടിച്ചില്‍ : നാടുകാണി ചുരത്തില്‍ 22 മണിക്കൂറിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു

Published : 9th September 2017 | Posted By: fsq

 

എടക്കര: കനത്ത മഴയെത്തുടര്‍ന്നു മണ്ണിടിഞ്ഞ അന്തര്‍ സംസ്ഥാന പാതയായ നാടുകാണി ചുരത്തില്‍ 22 മണിക്കൂറിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു. സംസ്ഥാന അതിര്‍ത്തിക്ക് ഒരു കിലോമീറ്റര്‍ അകലെ ചെറിയ കല്ലളയില്‍ രണ്ടിടങ്ങളിലായാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ മണ്ണിടിച്ചിലുണ്ടായത്. നാല് ദിവസമായി നീലഗിരി വനമേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്നാണ് ചുരം പാതയിലേക്കു പാറക്കൂട്ടങ്ങളും വന്‍ മരങ്ങളും ഉള്‍െപ്പടെ പതിച്ചത്. ചിലര്‍ വഴിയില്‍ കുടുങ്ങി. രാത്രി ഒമ്പത് മണിയോടെ പോലിസും ഹൈവേ സംഘവും മണ്ണുമാന്തി യന്ത്രവുമായി സ്ഥലത്തെത്തി തടസ്സം നീക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നു കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും പുറപ്പെട്ട വാഹനയാത്രക്കാരെ വഴിതിരിച്ചുവിടുകയായിരുന്നു. രാവിലെ അഞ്ച് മണിയോടെതന്നെ ഗൂഡല്ലൂര്‍ തഹസില്‍ദാര്‍, നീലഗിരി അസിസ്റ്റന്റ് ജില്ലാകലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘം എത്തി രക്ഷാപ്രവര്‍ത്തനത്തിനും ഗതാഗതം പുനസ്ഥാപിക്കാനുമുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍, കനത്തുപെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ചുരത്തിലേക്ക് ഏത്‌നിമിഷവും പതിക്കാവുന്ന നിലയിലുള്ള പാറക്കെട്ടുകള്‍ ഭീഷണിയായി നിലനില്‍ക്കുകയായിരുന്നു. പിന്നീട് പാറ പൊട്ടിക്കാന്‍ സംഘമെത്തി. വെടിയുതിര്‍ത്ത് പാറ പൊട്ടിച്ചതോടെ പലസ്ഥലങ്ങളിലൂടെയും മലവെള്ളപ്പാച്ചിലുണ്ടായി. വൈകീട്ട് അഞ്ച് മണിയോടെയാണ് റോഡിന്റെ ഒരു ഭാഗത്തുകൂടി യാത്രാസൗകര്യം ഒരുക്കാനായത്. രക്ഷാപ്രവര്‍ത്തനത്തിനും ഗതാഗത സൗകര്യം ഒരുക്കുന്നതിനും കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വനം, പോലിസ്, പൊതുമരാമത്ത് സംഘങ്ങളും ട്രോമാകെയര്‍ പ്രവര്‍ത്തകരും നേതൃത്വം നല്‍കി. മഴ ശക്തമായതിനെത്തുടര്‍ന്ന് കേരള അതിര്‍ത്തിയിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. 2007ല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മലയിടിച്ചിലും അനുഭവപ്പെട്ടിരുന്നു. ചുരംപാത തെന്നിനീങ്ങിയ അവസ്ഥ വരെയുണ്ടായി. അന്ന് ജിയോളജി വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നാളിതുവരെ തയ്യാറായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss