|    Oct 20 Fri, 2017 1:53 am

കനത്ത മഴ : പശ്ചിമകൊച്ചി വെള്ളത്തില്‍

Published : 2nd August 2017 | Posted By: fsq

 

മട്ടാഞ്ചേരി: ഇന്നലെ രാവിലെ മുതല്‍ പെയ്ത കനത്ത മഴയില്‍ പശ്ചിമകൊച്ചി വെള്ളക്കെട്ടിലമര്‍ന്നു. മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന മഴയില്‍ ജന ജീവിതം ദുസ്സഹമായി. മട്ടാഞ്ചേരിയിലെ ചക്കരയിടുക്ക്, കോമ്പാറമുക്ക് എന്നിവടങ്ങളില്‍ വീട്ടമ്മമാര്‍ റോഡ് ഉപരോധിച്ചു. ഈരവേലി, ചക്കരയിടുക്ക്, പുതിയ റോഡ്, ചെറളായിക്കടവ്, കൂവപ്പാടം, ടൗണ്‍ ഹാള്‍ റോഡ്, നാദം കമ്പനി, ഇരുമ്പിച്ചി, അമരാവതി എന്നിവടങ്ങളില്‍ കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. റോഡും കാനയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു വെള്ളക്കെട്ട്. താഴ്ന്ന പ്രദേശങ്ങള്‍ക്ക് പുറമേ ഉയര്‍ന്ന പ്രദേശങ്ങളിലും ഇക്കുറി വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഫോര്‍ട്ട്‌കൊച്ചി അമരാവതി, വെളി, ചുള്ളിക്കല്‍, മുണ്ടംവേലി, തോപ്പുംപടി തുടങ്ങിയ ഭാഗങ്ങളിലും പള്ളുരുത്തി പെരുമ്പടപ്പ്, ചിറക്കല്‍, തങ്ങള്‍ നഗര്‍, ഇടക്കൊച്ചി മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. സാധാരണ വെള്ളക്കെട്ട് അനുഭവപ്പെടാതിരുന്ന നസ്‌റത്ത്, പാണ്ടിക്കുടി ഭാഗങ്ങളിലും ഇന്നലെ പെയ്ത മഴയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. മട്ടാഞ്ചേരി ബസാറിലെ ചില വ്യാപാര കേന്ദ്രങ്ങളിലും വെള്ളം കയറി. ശാന്തി നഗര്‍ കോളനി, രാമേശ്വരം കോളനി, സാന്തോം കോളനി എന്നിവടങ്ങളിലും വെള്ളക്കെട്ട് ദുരിതം വിതച്ചു. ചെറളായി തിരുമല ഉദ്യാനേശ്വര ക്ഷേത്രം, കൂവപ്പാടം കാമാക്ഷിയമ്മന്‍ ക്ഷേത്രം, കരുവേലിപ്പടി രാമേശ്വരം ശിവ ക്ഷേത്രം, ആര്യാട് ശ്രീരാമ ക്ഷേത്രം കോച്ചേരി പള്ളി, അമരാവതി സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, ചുള്ളിക്കല്‍ പള്ളി എന്നിവടങ്ങളില്‍ കനത്ത മഴയില്‍ വെള്ളം കയറി. റോഡുകള്‍ക്ക് പുറമേ ഇടവഴികളും വെള്ളക്കെട്ടിലമര്‍ന്നു. പള്ളുരുത്തി ചിറക്കല്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രം, പെരുമ്പടപ്പ് ശ്രീ ശങ്കര നാരായണ ക്ഷേത്രം എന്നിവടങ്ങളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങള്‍ പലതും തകരാറിലായി. ഓട്ടോറിക്ഷകള്‍, കാര്‍, സ്‌ക്കൂള്‍ ബസ്സുകള്‍ എന്നിവ സര്‍വീസ് നടത്താന്‍ കഴിയാതെ വന്നു. ഇതോടെ ജനം വെള്ളക്കെട്ടിലൂടെ പ്രായാസപ്പെട്ടാണ് ലക്ഷ്യ സ്ഥാനത്തെത്തിയത്. സാധാരണ മഴ കുറഞ്ഞാല്‍ വെള്ളം ഒഴുകി പോകാറുണ്ടെങ്കിലും ഇന്നലെ പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് പലയിടങ്ങളിലും വൈകിട്ടായിട്ടും ഇറങ്ങിയില്ല. കാനകള്‍ പലതും ഉയര്‍ത്തി സഌബിട്ട് ടൈല്‍ വിരിച്ചതും റോഡുകള്‍ താഴ്ന്നതുമാണ് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടാന്‍ കാരണമെന്നാണ് പറയുന്നത്. ഏകദേശം അഞ്ഞൂറോളം വീടുകളില്‍ വെള്ളം കയറി. വീട്ടുപകരണങ്ങള്‍ വരെ പലരുടേയും നശിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക