|    Oct 24 Wed, 2018 8:06 am
FLASH NEWS

കനത്ത മഴ: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയില്‍

Published : 19th September 2017 | Posted By: fsq

 

മാള: ചാലക്കുടിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അന്നമനട സൗഹൃദ തീരം വെള്ളത്തിനിടയിലായി. വെള്ളം മുങ്ങിയതോടെ തീരത്തെ കമ്യൂണിറ്റി ഹാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിഷേധവും ശക്തമായി. കഴിഞ്ഞ ദിവസങ്ങളിലായി തോരാതെ പെയ്ത മഴയെതുടര്‍ന്നാണ് ചാലക്കുടി പുഴ നിറഞ്ഞൊഴുകിയത്. ഇതോടെ പുഴയുടെ തീരമായ സൗഹൃദ തീരത്തെ നിര്‍മാണങ്ങള്‍ എല്ലാം മുങ്ങിതുടങ്ങി. സ്‌റ്റേജിന്റെ പകുതിഭാഗം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുളള ഊഞ്ഞാല്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തില്‍ മുങ്ങാറായിട്ടുണ്ട്. സൗഹൃദതീരം വെള്ളത്തിലായതോടെ പഞ്ചായത്ത് ഇവിടെ നിര്‍മിക്കാനിരിക്കുന്ന കമ്യൂണിറ്റി ഹാളിനെ സംബന്ധിച്ചും വിവാദങ്ങള്‍ കൊഴുക്കുകയാണ്. പുഴ നിറയുമ്പോള്‍ വെള്ളത്തിലാകുന്ന സൗഹൃദതീരത്തില്‍ ഹാള്‍ നിര്‍മ്മിക്കുന്നത് തീര്‍ത്തും അനുചിതമാണെന്ന വാദവുമായി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സി പി എം രംഗത്തെത്തിയതോടെയാണ് ഇവിടെ നടത്താനിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ടുളള വിവാദം ചൂട് പിടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്ത മഴയില്‍ കുഴൂര്‍, അന്നമനട പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളം കയറിയത് ജനങ്ങളെ ദുരിതത്തിലാക്കി. കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍ ചെത്തിക്കോട്, മുത്തുകുളങ്ങര, വയലാര്‍, തിരുത്ത, കൊച്ചുകടവ്, പള്ളിബസാര്‍, മേലാംതുരുത്ത് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഇവിടെയുള്ള പ്രധാന റോഡുകളും വെള്ളത്തിനടിയിലായി. അന്നമനട വെണ്ണൂര്‍പ്പാടം ഭാഗങ്ങളില്‍ പട്ടികജാതി കോളനിയിലെ അഞ്ചോളം വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. വാഴ, കൊള്ളി, ജാതി, പച്ചക്കറി മുതലായവ ഉള്ള കൃഷിയിടങ്ങിലും വെള്ളം കയറിയിട്ടുള്ളത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. കോടികളുടെ നഷ്ടം തുടരുന്ന വെള്ളക്കെട്ട് മൂലം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.കൊച്ചുകടവില്‍ വലിയകത്ത് അബ്ദുള്‍ സലാം, ചെറുകാട്ടില്‍ ജബ്ബാര്‍, മുളങ്ങത്ത് അബ്ദുള്‍ റഹ്മാന്‍, വയലാര്‍ ഭാഗത്ത് കൊല്ലശ്ശേരി പ്രസന്ന ഹരിദാസ്, കളളിയാട്ടുതറ വേണു, വെണ്ണൂര്‍പ്പാടത്ത് പാറയില്‍ ഗിരീഷ്, കൊമ്പിലാന്‍പറമ്പില്‍ കണ്ണന്‍, അമ്പലപമ്പില്‍ ലക്ഷ്മണന്‍, വാഴയേലിപറമ്പില്‍ കുട്ടന്‍ എന്നിവരുടെ വീടിന് ചുറ്റും വെളളം കയറിയിട്ടുണ്ട്. അമ്പഴക്കാട് ചിറാല്‍ പാടശേഖരത്തിലെ തൂമ്പുങ്കുഴിചിറയില്‍ വെള്ളമുയര്‍ന്നതോടെ കാടുകുറ്റി, മാള പഞ്ചായത്തുകളിലെ അതിര്‍ത്തി പ്രദേശങ്ങളും വെള്ളക്കെട്ടിലായി. മാള സബ് ട്രഷറി വെള്ളക്കെട്ടിലായി മാള: മാളച്ചാലിനോടു ചേര്‍ന്ന് നിര്‍മിച്ച സബ്ട്രഷറി കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി. അല്‍പനേരം മഴപെയ്താല്‍ പോലും കെട്ടിടത്തിനുചുറ്റും വെള്ളം പൊങ്ങുമെന്ന് അധികൃതരും പെന്‍ഷനേഴ്‌സും പറയുന്നു. ടൈല്‍സ് വിരിച്ച നടപ്പാതയിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ പെന്‍ഷന്‍ ഉള്‍പ്പടെ സാമ്പത്തിക ഇടപാടിനെത്തിയവര്‍ ഏറെ ബുദ്ധിമുട്ടിയാണ് കെട്ടിടത്തിലേക്ക് കയറിയത്. സമീപത്തെ അനധികൃത മത്സ്യ-മാംസ വില്‍പനശാലകളില്‍ നിന്നുള്ള മാലിന്യം ഈ വെള്ളത്തിലൂടെ ഒലിച്ച് പലയിടങ്ങില്‍ വ്യാപിക്കുന്നതായും പരാതിയുണ്ട്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചീപ്പ്(ബണ്ട്) തുറന്ന് വെള്ളം കളയലാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കി. ഭാരതപ്പുഴ ഉരുക്കു തടയണ; മണ്ണിടിഞ്ഞു ചെറുതുരുത്തി: ഭാരതപ്പുഴയുടെ പ്രഥമ ഉരുക്കുതടയണയുടെ ഒരു വശത്ത് രൂക്ഷമായ മണ്ണിടിച്ചില്‍. തടയണയുടെ അക്കരെ പാലക്കാട് അതിര്‍ത്തി പ്രദേശത്തായി മാന്നന്നൂര്‍ ഭാഗത്താണ് പുഴയുടെ കരഭാഗം വലിയതോതില്‍ ഇടിയുന്നത്. ഭാരതപ്പുഴയിലെ നീരൊഴുക്കു ശക്തമായതോടെ ഇതു വര്‍ദ്ധിച്ചുവരികയാണ്. തകര്‍ന്ന ഭാഗത്തുകൂടി കുത്തിയൊഴുകുന്ന ജലം ഉരുക്കുതടയണയെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. 2016ലാണ് ഭാരതപ്പുഴയിലെ പ്രഥമ ഉരുക്കുതടയണയുടെ നിര്‍മാണം പൂര്‍ത്തിയായത്. ഈ തടയണ വന്നതോടെയാണ് പുഴയില്‍ ജലം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത്. കടുത്ത വേനലില്‍ കുടിവെള്ളക്ഷാമത്തിനും കൃഷിയ്ക്കും പുഴയിലെ ജലം ഏറെ ആശ്വാസകരമായിരുന്നു.ചാലക്കുടി: കനത്ത മഴ ചാലക്കുടി മേഖലയെ വെള്ളകെട്ടിലാക്കി. പോട്ട ആശ്രമം റോഡില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്രയും ദുസ്സഹയമായി. ഇടിക്കൂട് പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പുകളും സ്‌പെയര്‍പാട്‌സ് കടകളും പ്രവര്‍ത്തിക്കാനായില്ല. കാരൂര്‍ വെള്ളാഞ്ചിറ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ബസ്സുകള്‍ പോട്ട വഴിയാണ് തിരിച്ച് വിട്ടത്. കാതിക്കുടം-അന്നനാടിനെ ബന്ധിപ്പിക്കുന്ന ചാത്തന്‍ചാല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം നിലച്ചു. പാടശേഖരത്ത് വെള്ളം നിറഞ്ഞ് റോഡിലേക്ക് കയറിയതാണ് ഇവിടെ ഗദാഗതം നിലക്കാന്‍ കാരണമായത്. കാടുകുറ്റി പഞ്ചായത്തിനേയും അന്നമനട പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തൈക്കൂട്ടംതൂക്കുപാലവും വെള്ളത്തിനടിയിലായി. തൂക്കുപാലത്തിന്റെ പ്രവേശന ഭാഗം പൂര്‍ണ്ണമായും വെള്ളത്തിലായതോടെ വെള്ളത്തില്‍ ചവിട്ടാതെ പാലത്തില്‍ പ്രവേശിക്കാനാകാത്ത അവസ്ഥയായി. നെല്‍കൃഷി നശിച്ചുകൊടകര: മൂന്നാഴ്ച കഴിഞ്ഞാല്‍ കൊയ്ത്തിനു പാകമാകുന്ന നെല്‍ച്ചെടികള്‍ കനത്തമഴയെ തുടര്‍ന്ന് വെള്ളത്തില്‍ വീണത് കോടാലിപാടത്തെ കര്‍ഷകരെ നിരാശയിലാക്കി. വെള്ളത്തില്‍ മുങ്ങിയ നെല്‍ക്കതിരുകള്‍ മുളച്ച് നശിക്കുമെന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്. മറ്റത്തൂരിലെ വിസ്തൃതമായ കോടാലിപാടത്തെ പകുതിയോളം ഭാഗത്തുള്ള വിരിപ്പുകൃഷിയാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് വെള്ളത്തിലാത്. ഇന്ന് മഴ ശമിച്ച് പാടശേഖരത്തെ വെള്ളം ഇറങ്ങിതുടങ്ങിയെങ്കിലും മഴയില്‍ വെള്ളത്തിലേക്ക് ചാഞ്ഞ കതിര്‍ക്കുലകള്‍ നശിക്കുമെന്ന ആശങ്കയാണ് കര്‍ഷകര്‍. മഴ തുടര്‍ന്നാല്‍ കതിര്‍ക്കുലകളിലെ നെല്‍മണികള്‍ മുളച്ചു നശിക്കുമെന്ന് കോടാലി പാടശേഖരത്തിലെ കര്‍ഷകനായ സുബ്രന്‍ പറഞ്ഞു. മറ്റത്തൂരില്‍ വിരിപ്പുകൃഷി ചെയ്യുന്ന അപൂര്‍വ്വം പാടശേഖരങ്ങളിലൊന്നാണ് കോടാലി പാടം. ജയ, ശ്രേയ തുടങ്ങിയ വിത്തിനങ്ങളാണ് ഇത്തവണ ഇവിടെ വിരിപ്പുകൃഷിക്കുപയോഗിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss