|    Dec 14 Fri, 2018 8:22 am
FLASH NEWS

കനത്ത മഴ: കര്‍ഷകരും തൊഴിലാളികളും ദുരിതത്തില്‍

Published : 13th August 2018 | Posted By: kasim kzm

നാദാപുരം: മാസത്തിലേറെയായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ദുരിതത്തില്‍. ദിവസങ്ങളായി ജോലി ചെയ്യാന്‍ പറ്റാതായതോടെ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. കൃഷിയില്‍ നിന്നുള്ള വരുമാനം നിലച്ചതോടൊപ്പം ഇടവിളകൃഷികള്‍ മഴ മൂലം നശിച്ചതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് ഇരട്ടി ദുരിതമായി.
ഇടവിളകളായ ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവക്ക് ഈ വര്‍ഷം വളം ചേര്‍ക്കാനോ മറ്റ് പണികളെടുക്കാനോ സാധിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ നിരവധി കര്‍ഷകരുടെ കൃഷി നശിക്കുകയും ചെയ്തു. മഴ മൂലം കൃഷി നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികളില്ലാത്തതിനാല്‍ പലര്‍ക്കും വന്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സഹകരണ സംഘങ്ങളില്‍ നിന്നും മറ്റും പണം കടമെടുത്ത് കൃഷി ചെയ്തവര്‍ക്ക് അടച്ചു വീട്ടാന്‍ കഴിയാത്ത ബാധ്യതകളാണ് ഉണ്ടായത്. നേന്ത്രവാഴ കൃഷി ചെയ്ത നിരവധി പേര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതിനാല്‍ വാഴകള്‍ കടപുഴകി വീണിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം നേന്ത്രവാഴക്കുലക്ക് നല്ല വില ലഭിച്ചിരുന്നതിനാല്‍ കൂടുതല്‍ പേര്‍ ഇക്കുറി വാഴക്കൃഷിയിലേക്കിറങ്ങിയിരുന്നു.
മിക്ക മലയോരങ്ങളിലും വാഴ കൃഷിക്ക് വന്‍ നാശമാണ് ഉണ്ടായിട്ടുള്ളത്. തെങ്ങ്, റബര്‍, കുരുമുളക് കര്‍ഷകരും മഴക്കെടുതി മൂലം പ്രയാസം നേരിടുന്നുണ്ട്.തൊട്ടില്‍ പാലം, വിലങ്ങാട്, കരിങ്ങാട് മലകളില്‍ തെങ്ങുകള്‍ക്ക് കൂമ്പ് ചീയല്‍ ബാധിച്ചതായി കര്‍ഷകര്‍ പറഞ്ഞു.
ഇനിയും മഴ തുടര്‍ന്നാല്‍ മുഴുവന്‍ തെങ്ങുകളും നശിക്കുമെന്ന ഭീതിയിലാണവര്‍. കുരുമുളക് വള്ളിയില്‍ തിരിയിട്ട കുരുമുളക് ഏകദേശം പൂര്‍ണമായി മഴയില്‍ വീണുപോയിരിക്കുകയാണ്. ഫലത്തില്‍ മഴ മൂലം കാര്‍ഷിക മേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അതേസമയം കാര്‍ഷിക ജോലികള്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ കര്‍ഷകത്തൊഴിലാളികളും പ്രയാസത്തിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ നിര്‍മാണമേഖലയും സ്തംഭിച്ചിരിക്കുന്നതിനാല്‍ നാട്ടിന്‍പുറങ്ങളിലൂള്ള അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് തിരിച്ചുപോയിത്തുടങ്ങിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss