|    Apr 25 Wed, 2018 2:45 am
FLASH NEWS

കനത്ത മഴയും കാറ്റും; ജില്ലയില്‍ വ്യാപക നാശം

Published : 1st July 2016 | Posted By: SMR

തൃശൂര്‍: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഏക്കറുകണക്കിന് കൃഷികള്‍ നശിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. 1500ഓളം വാഴകള്‍, തെങ്ങ്, കവുങ്ങ് എന്നിവ നശിച്ചു.
പുതുക്കാട്: തെക്കേതൊറവ് എലുവത്തിങ്കല്‍ ഷീല ആന്റണിയുടെ 200ഓളം കുലച്ച നേന്ത്രവാഴകള്‍ കാറ്റിലും മഴയിലും നശിച്ചു. ചെങ്ങാലൂരില്‍ പൂവ്വത്തുക്കാരന്‍ ജോസിന്റെ 250ഓളം നേന്ത്രവാഴകള്‍, ചെങ്ങാലൂര്‍ കരവട്ട് ഷൈനി മുരളിയുടെ 65 പാളയംകോടന്‍ വാഴകളും 50ഓളം നേന്ത്രവാഴകളും നശിച്ചു.
ചെങ്ങാലൂര്‍ അറയ്ക്കല്‍ നളിനി, മുരിങ്ങാത്തേരി ബെന്നി, ചിറ്റ്യേത്ത് രാജന്‍, അയ്യന്‍ചിറ പുഷ്യലത കുമാരന്‍, ചുള്ളിപ്പറമ്പില്‍ അജിതന്‍, ചെമ്പനാടന്‍ രാമചന്ദ്രന്‍, പുതുക്കാട് തൃക്കൂക്കാരന്‍ മേരി ജോസഫ്, തൃക്കൂക്കാരന്‍ യോഹന്നാന്‍, ചെറുശ്ശേരി സണ്ണി, മഠത്തില്‍ ചന്ദ്രന്‍, കരവട്ട് സുരേന്ദ്രന്‍, തെക്കൂട്ട് പാറയ്ക്കല്‍ പത്മിനി വിജയന്‍ എന്നിവരുടെ വാഴകളും, ചിറ്റ്യേത്ത് വിശ്വംഭരന്റെ കൃഷിയും നശിച്ചു.
സ്‌നേഹപുരം കുംബാരന്‍വീട്ടില്‍ രാമന്റെ മണ്‍പാത്ര നിര്‍മാണ ഷെഡ്ഡിന് മുകളില്‍ പന ഒടിഞ്ഞ് വീണ് ഷെഡ്ഡ് ഭാഗികമായി തകര്‍ന്നു. ഷെഡ്ഡിലുണ്ടായിരുന്ന മണ്‍ പാത്രങ്ങള്‍ നശിച്ചു. സമീപത്തെ തച്ചനാടന്‍ കണ്ണന്റെ വീട്ടുപറമ്പിലെ പനയാണ് ഒടിഞ്ഞ് വീണത്. വൈദ്യുത കമ്പികള്‍ക്ക് മുകളിലൂടെയാണ് പന ഒടിഞ്ഞ് വീണത്. ഇതോടെ മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാത്രി 10.30 ഓടെയായിരുന്നു സംഭവം.
ചെങ്ങാലൂര്‍ കുരിശ്ശേരി വര്‍ഗീസിന്റെ വീട്ടുപറമ്പിലെ കശുമാവ് വീണ് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. വൈദ്യുതി കമ്പികള്‍ക്ക് മുകളിലൂടെ മരം വീണതോടെ പോസ്റ്റ് ഒടിഞ്ഞ് മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 11.30ഓടെ ചാലക്കുടിയില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് മരം മുറിച്ച് മാറ്റി രക്ഷാപ്രവര്‍ത്തനം നടത്തി.
പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. 1500ഓളം വാഴകള്‍, തെങ്ങ്, കമുക് എന്നിവ നശിച്ചു.
അന്തിക്കാട്: വടക്കന്‍പുള്ളില്‍ മിന്നല്‍ ചുഴലി നാശം വിതച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. കാഞ്ഞാണി സെന്ററിന് വടക്ക് കാര്യാട്ട് ചന്ദ്രന്റെ വീടിന് മുകളിലാണ് ഐനി മരവും തെങ്ങും കശുമാവും കടപുഴകി വീണത്. വീടിന് മുകളില്‍ സ്ഥാപിച്ച ട്രസിനും സാരമായി കേടുപാടുകള്‍ സംഭവിച്ചു. പലയിടങ്ങളിലും മരങ്ങളും മറ്റും വീണ് വൈദ്യുതി ബന്ധവും കേബിള്‍ ടിവി ബന്ധവും തകരാറിലായി.
ഹൈടെന്‍ഷന്‍ ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുമടക്കം തകര്‍ന്നു വീണ് ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. മനക്കൊടിആലപ്പാട് കോള്‍ മേഖല റോഡില്‍ വടക്കന്‍പുള്ളില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആഞ്ഞടിച്ച മിന്നല്‍ ചുഴലിയിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ട്രാന്‍സ്‌ഫോര്‍മറടക്കം കോള്‍ പാടത്തെ വെള്ളത്തിലേക്ക് മറിഞ്ഞു വീണത്. വൈദ്യുതിക്കാലിന്റെ തലയൊടിഞ്ഞ് കമ്പികളടക്കം സമീപത്തെ കെട്ടിടത്തിനു മുകളിലേക്കാണ് വീണു കിടക്കുന്നത്. തൊട്ടപ്പുറത്തുള്ള പോസ്റ്റ് കാല്‍നടയാത്ര പോലും അസാദ്ധ്യമാക്കുന്ന വിധത്തില്‍ റോഡിനു കുറുകെ വീണു.
അപകട വിവരം അറിയാതെ രാവിലെ എത്തിയ ദൂരയാത്രാ വാഹനങ്ങള്‍ കോള്‍ പാടത്തെ ഒറ്റപ്പെട്ട റോഡില്‍ കുടുങ്ങി. കോള്‍പാടത്തെ ചെളി നിറഞ്ഞ മണ്ണില്‍, ഹൈടെന്‍ഷന്‍ ലൈനുകള്‍ കടന്നു പോവുന്ന ട്രാന്‍സ്‌ഫോര്‍മര്‍ കോണ്‍ക്രീറ്റ് കാലുകളില്‍ മാത്രമായി സ്ഥാപിച്ചതാണ് മിന്നല്‍ ചുഴലി കൊണ്ടുണ്ടായ അപകടത്തിന് ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറടി ഉയരത്തില്‍ തറ കെട്ടി അതിനു മീതെ ട്രാന്‍സ്‌ഫോര്‍മര്‍ വെയ്ക്കുന്നതിനു പകരം കെഎസ്ഇബി നടത്തിയ കെടുകാര്യസ്ഥതയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
എരുമപ്പെട്ടി: ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാത്രമംഗലം, ആദൂര്‍ മേഖലകളില്‍ വ്യാപക നാശനഷ്ടം. വേലൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം പികെ ശ്യാംകുമാറിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് കേടുപാടുകള്‍ സംഭവിച്ചു. വീടിന് സമീപമുള്ള പറമ്പിലെ വലിയ ഞാവല്‍ മരമാണ് കടപുഴകി വീണത്. പാണന്‍വീട്ടില്‍ സുനില്‍കുമാറിന്റെ വീടിന് മുകളിലേക്ക് മരത്തിന്റെ വലിയ കൊമ്പ് പൊട്ടിവീണ് കുടിവെള്ള ടാങ്ക് തകര്‍ന്നു. കുന്നത്തേരി വീട്ടില്‍ ശ്രീനിവാസന്റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് കേടുപാടുകള്‍ സംഭവിച്ചു.
ആദൂര്‍ കുളങ്ങര അഷറഫിന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. വീടിന്റെ പുറക്‌വശത്ത് മേഞ്ഞിരുന്ന ഷീറ്റ് ശക്തമായ കാറ്റില്‍ പറന്നുപോയി. പാത്രമംഗലം, ആദൂര്‍, വെള്ളറക്കാട് പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വൈദ്യുതിക്കമ്പികളില്‍ വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. സിസിടിവി കേബിള്‍ നെറ്റ് വര്‍ക്കിന്റെ കേബിളുകള്‍ മരം വീണ് മുറിഞ്ഞ് പ്രോഗ്രാം സംപ്രേക്ഷണം തടസ്സപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss