|    Oct 18 Thu, 2018 11:02 pm
FLASH NEWS

കനത്ത മഴയും ഉരുള്‍പൊട്ടലും : പീരുമേട് മേഖലയില്‍ നഷ്ടം കോടികള്‍

Published : 16th September 2017 | Posted By: fsq

 

പീരുമേട്: രണ്ടു ദിവസമായി പെയ്ത കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും പീരുമേട് താലൂക്കില്‍ മാത്രം കോടികളുടെ നാശനഷ്ടം. താലൂക്കിലെ വില്ലേജുകളായ കൊക്കയാര്‍, പെരുവന്താനം, പീരുമേട്, ഏലപ്പാറ, മഞ്ചുമല വില്ലേജുകളിലായി 2 വീടുകള്‍ പൂര്‍ണമായും നാല്‍പ്പതോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായാണ് റവന്യൂ സംഘം കണ്ടെത്തിയത്. ഇതിനുപുറമെ 50 ഏക്കറോളം കൃഷിയിടങ്ങളും, ജീപ്പ്, ഓട്ടോറിക്ഷ, എന്നിവ ഒരോന്നും ഉരുള്‍പൊട്ടലില്‍ നശിച്ചിട്ടുണ്ട്. പെരുവന്താനം വില്ലേജിലാണ് ഏറ്റവും അധികം മഴക്കെടുതി ഉണ്ടായത്. ഇവിടെ മാത്രം ഏകദേശം വീടും, കൃഷി നാശവും ഉള്‍പ്പെടെ അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.  ഇവിടെ ഒരു വീട് പൂര്‍ണമായും എട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഉരുള്‍ പൊട്ടലില്‍ മുപ്പത് ഏക്കര്‍ കൃഷി ഭൂമിയും  ഒരു ജീപ്പും ഓട്ടോയും നശിച്ചതായി വില്ലേജ് ഓഫിസര്‍ വിന്‍സെന്റ്. ആര്‍ പറഞ്ഞു. ഏലപ്പാറ പഞ്ചായത്തില്‍ കട്ടപ്പന  കുട്ടിക്കാനം സംസ്ഥാന പാതയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞും വീടുകളില്‍ വെള്ളം കയറി വീട് ഉപകരണങ്ങള്‍ കേടുപാടുകള്‍ സംഭവിച്ചതുമായ ഇനത്തില്‍  രണ്ട് ലക്ഷത്തി എഴുപത്തി എട്ടായിരം രൂപയുടെ നാശനഷ്ടമാണ്  കണക്കാക്കുന്നത്. ഇവിടെ ഏഴ് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊക്കയാര്‍ വില്ലേജില്‍ പതിമൂന്ന് വീടുകള്‍ക്ക് കേടുപടുകള്‍ സംഭവിച്ചിട്ടുണ്ട് ഇതില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. 7 വീടുകള്‍ ഭാഗീകമായും, 5 കേസുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലുമാണ്. 50 സെന്റോളം കൃഷിയിടവും ഒലിച്ചുപോയി. പീരുമേട് വില്ലേജില്‍ല്‍ റവന്യു സംഘം സന്ദര്‍ശിച്ച് നഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി  വരികയാണ്കയാണ്.വീട് നഷ്ടമായവര്‍ക്കും ഭാഗിഗമായി കേടുപാടുകള്‍ സംഭവിച്ചവര്‍ക്കും നഷ്ട പരിഹാരം  ഉടന്‍ നല്‍കുമെന്ന് റവന്യു അധികൃതര്‍ പറയുന്നു. കലക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. പീരുമേട് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് കണക്കെടുത്ത് വരുകയാണ്. ഓരോ വില്ലേജിലെയും വില്ലേജ് ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട്  തയാറാക്കി തഹസില്‍ ദാരുടെ കാര്യാലയത്തില്‍ ഏല്പ്പിക്കാന്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശം നലികിയിട്ടുണ്ട്. ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ദേശിയ പാതയിലും സംസ്ഥാന പാതയിലും  മണ്ണിടിഞ്ഞതും സംരക്ഷണ ഭിത്തി തകര്‍ന്നതും പുനക്രമീകരിച്ച് ഗതാഗതാ യോഗ്യമാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, ഇന്നലെ ഏലപ്പാറ കാവക്കുളത്ത് ശക്തമായ മഴയെ തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്കു കൂറ്റന്‍ പാറ ഇടിഞ്ഞു വീണു. കാവക്കുളം പുതുവലില്‍ സെല്‍വമണിയുടെ വീടാണ് തകെര്‍ന്നത്. സംഭവ സമയം വീടിനുള്ളില്‍ ആളുണ്ടായിരുന്നുവെങ്കിലും അപകടം സംഭവിച്ചില്ല. വീടിന്റെ പിന്‍ഭാഗത്തെ ഭിത്തിയിലേയ്ക്ക് കൂറ്റന്‍ പാറ അടര്‍ന്നു വീണു. പുരയിടത്തിന്റെ പിന്‍ഭാഗത്തെ ഭിത്തിയും വീട്ടുപകരണങ്ങളും നശിച്ചു. അടുക്കള കുളിമുറി എന്നിവ പൂര്‍ണമായും തകര്‍ന്നു. പറയോടൊപ്പം മണ്ണും ഇടിഞ്ഞു വീണിട്ടുണ്ട്. പാറ അടര്‍ന്നുവീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചില്‍ ഭീക്ഷണി നിലനില്‍ക്കുന്നുണ്ട്. വണ്ടിപ്പെരിയാര്‍ മഞ്ചുമലയ്ക്ക് സമീപം കനത്ത മഴയില്‍ വന്‍ മരം കടപുഴകി ദേശീയ പാതയിലേക്ക് വീണു. ദേശീയ പാത ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ദേശീയ പാത 183ല്‍ വണ്ടിപ്പെരിയാര്‍ മഞ്ചുമലയ്ക്ക് സമീപത്തെ സ്വകാര്യ തേയില തോട്ടത്തിലെ വര്‍ഷങ്ങള്‍ പഴക്കം ചെന്ന വാകമരമാണ് റോഡിലേക്ക് വീണത്. വ്യാഴാഴ്ച്ച രാത്രിയില്‍ പെയ്ത മഴയില്‍ വൈദ്യുതി പോസ്റ്റിലേക്കാണ് മരം മറിഞ്ഞു വീണത്. വൈദ്യുതി ലൈന്‍ പൊട്ടി വീണു. വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു.വാഹന ഗതാഗതം തടസമായതിനെ തുടര്‍ന്ന് എക്‌സകവേറ്റര്‍ ഉപയോഗിച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് റോഡിലേക്ക് വീണ മരവും മണ്ണും മാറ്റി ഗതാഗതയോഗ്യമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss