|    Oct 24 Wed, 2018 12:42 am
FLASH NEWS

കനത്ത മഴയില്‍ പാളത്തില്‍ വെള്ളം കയറി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Published : 8th September 2017 | Posted By: fsq

 

ഒറ്റപ്പാലം: ജില്ലയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ റെയില്‍വെ പാളത്തില്‍ വെള്ളം കയറി. പറളി റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കിലാണ് വെള്ളം കയറിയത്. ഇതേതുടര്‍ന്നു പാലക്കാട്-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ദീര്‍ഘദൂര ട്രെയിനുകളടക്കം പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ എന്നിങ്ങനെ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സെറ്റി പറളിക്കുസമീപമെത്തിയപ്പോഴായിരുന്നു പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിയിടാന്‍ നിര്‍ദ്ദേശം ലഭിച്ചത്. തുടര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞ്, മഴ നിലച്ചപ്പോഴായിരുന്നു സര്‍വീസ് പുനരാരംഭിച്ചത്. വൈകിട്ട് അഞ്ചോടെയാണ് മഴ ആരംഭിച്ചത്. മണിക്കൂറോളം നീണ്ടു നിന്ന കനത്തമഴയില്‍ ഇരു ട്രാക്കുകളും വെള്ളത്തിനടിയില്‍പ്പെട്ടു. ട്രാക്കിനു സമീപം സ്വകാര്യ വ്യക്തികളുടെ നിര്‍മാണ പ്രവൃത്തികള്‍ക്കായി മണ്ണ് ശേഖരിച്ച് വച്ചതാണ് ട്രാക്കില്‍ വെള്ളം കയറാന്‍ കാരണമായതെന്ന് പറയുന്നു. ട്രാക്കിലെ വെള്ളം ഒഴുകി പോകാതെ വെള്ളം കെട്ടിനില്‍ക്കാന്‍ ഇതു കാരണമായി. വെള്ളം കയറിയതോടെ പാളം തടസ്സപ്പെട്ടതിനു പുറമെ സിഗ്‌നല്‍ പ്രവര്‍ത്തനങ്ങളും തകരാറിലായി. ഇത് ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. ഇതോടെ പാലക്കാട്ട് നിന്ന് സിഗ്‌നല്‍ വിഭാഗം സാങ്കേതിക വിദഗ്ധരെത്തി  തകരാറുകള്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. രാത്രി ഏഴോടെ തന്നെ വേഗ നിയന്ത്രണത്തോടെ ട്രെയിന്‍ ഗതാഗതം ഭാഗീകമായി  പുന:സ്ഥാപിക്കുകയും ചെയ്തു. കന്യാകുമാരി ഇന്റര്‍സിറ്റി എക്‌സ്പ്രസടക്കം പത്തോളം ട്രെയിനുകള്‍ ഈ സമയം വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു. 15കിലോമീറ്റര്‍ കുറഞ്ഞ വേഗതയിലാണ് പാളത്തിലൂടെ രാത്രിയില്‍ തീവണ്ടികള്‍ കടന്നു പോയത്. നേരത്തെ ഇതിലും കനത്തമഴ പെയ്തപ്പോഴൊന്നും പറളി ഭാഗത്ത് പാളത്തില്‍ വെള്ളം കയറിയിരുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss