|    Oct 22 Mon, 2018 1:45 pm
FLASH NEWS

കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു; വന്‍ നാശനഷ്ടം

Published : 18th September 2017 | Posted By: fsq

 

കണ്ണൂര്‍: കാലവര്‍ഷത്തിന്റെ ക്ഷീണം തീര്‍ത്തുകൊണ്ട് ജില്ലയിലുടനീളം കനത്ത മഴ തുടരുന്നു. മൂന്നുദിവസമായി തിമര്‍ത്തു പെയ്യുന്ന മഴയില്‍ മലയോരം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജനജീവിതം സ്തംഭിച്ചു. നാശനഷ്ടം വ്യാപകമായി. കാര്‍ഷിക മേഖലയിലാണ് നാശമേറെയും. ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് മലയോരം. പലയിടങ്ങളിലും റോഡുകള്‍ തകര്‍ന്നു. മരങ്ങള്‍ പൊട്ടിവീണ്് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം താറുമായി. കേരളത്തിനും കര്‍ണാടകത്തിനും ലക്ഷദ്വീപിനും മുകളിലായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം, പടിഞ്ഞാറന്‍ കാറ്റ് അനുകൂലമായി വീശുകയും ഒഡീഷയ്ക്ക് മുകളില്‍ അന്തരീക്ഷചുഴി രൂപം കൊള്ളുകയും ചെയ്തതോടെ കനത്ത മഴയ്ക്കുള്ള എല്ലാ സാഹചര്യവും ഒരുങ്ങിയതായി കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നും ഈ മാസം 21 വരെ മഴ തുടരുമെന്നുമാണ്  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മലയോര മേഖലയില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂരിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 110.2 മില്ലി മീറ്റര്‍. തളിപ്പറമ്പ് 8.22 മില്ലി മീറ്റര്‍, തലശ്ശേരി 78.0 മില്ലി മീറ്റര്‍, ഇരിക്കൂര്‍ 65.0 മില്ലി മീറ്റര്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ ലഭിച്ച മഴയുടെ അളവ്. ഇരിക്കൂര്‍ ചേടിച്ചേരിയിലെ കിഴക്കേ വയല്‍, പടിഞ്ഞാറെ വയല്‍, കീടാരി വയല്‍, ചൂളിയാട്, അഡുവാപ്പുറം വയല്‍, കൊടോളിപ്രം തുടങ്ങി വയലുകളിലെ കൊയ്ത്തിന് പാകമായ നെല്‍കൃഷി പൂര്‍ണമായും കനത്ത മഴയില്‍ നശിച്ചു. ഓണവും മറ്റു ആഘോഷങ്ങളുമായതിനാല്‍ കൊയ്ത്തിന് തൊഴിലാളികളെ ലഭിച്ചിരുന്നില്ല. കനത്ത മഴയില്‍ ഉരുവച്ചാല്‍ ടൗണിലും മണക്കായി റോഡിലും വെള്ളം കയറി. പരിഞ്ചേരി ബസ്‌സ്‌റ്റോപ്പിന് സമീപം റോഡിലൂടെ വെള്ളമൊഴുകി യാക്ക്രാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിത മായി. സാധാരണ ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ വെളളം കെട്ടികിടക്കുന്നത് പതിവാണ്. ഉരുവച്ചാല്‍ -ശിവപുരം റോഡിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകിയത് റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായി. കനത്ത മഴ തുടര്‍ന്ന് മിക്ക ബസ്സുകളും വൈകീട്ടോടെ സര്‍വീസ് നിര്‍ത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss