|    Jul 20 Fri, 2018 5:38 pm
FLASH NEWS

കനത്തമഴ തുടരുന്നു : മലയോര മേഖല മണ്ണിടിച്ചില്‍ ഭീതിയില്‍ ; പാലങ്ങളില്‍ വെള്ളം കയറി

Published : 18th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട/എരുമേലി: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. മലയോര മേഖലകള്‍ മണ്ണിടിച്ചില്‍ ഭീതിയിലായി. വാഗമണ്‍ റോഡില്‍ കാരികാട് ഭാഗത്ത് പലയിടത്തും റോഡിലേയ്ക്കു മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒറ്റയീട്ടി ഭാഗത്ത് തേക്ക് മരം റോഡിലേയ്ക്ക് വീണു. വൈദ്യുതി തൂണുകളും തകര്‍ന്നിട്ടുണ്ട്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. അര മണിക്കൂറിനു ശേഷം ഗാതഗതം പുനസ്ഥാപിച്ചു. മഴ ശമിച്ചില്ലെങ്കില്‍ കരകവിയാറായ നദികളിലെ മലവെള്ളപ്പാച്ചില്‍ നിയന്ത്രണാതീതമാവുമെന്ന് ആശങ്ക. പമ്പാ നദിയിലെ കണമല കോസ്‌വേ പാലം വെള്ളത്തിനടിയിലാണ്. അറയാഞ്ഞിലിമണ്ണ് പാലവും അഴുതാ നദിയിലെ മൂക്കന്‍പെട്ടി പാലവും ഏത് നിമിഷവും വെള്ളത്തിനടിയിലാവുന്ന സ്ഥിതിയിലാണ്. ശബരിമല വനത്തില്‍ കനത്ത മഴ തുടരുന്നതാണ് നദികള്‍ കരകവിയുന്നതിലേക്കെത്തി നില്‍ക്കുന്നത്. തുമരംപാറ, കൊപ്പം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. ശബരിമല പാതകളില്‍ വെള്ളക്കെട്ട് മൂലം തീര്‍ത്ഥാടകയാത്ര അപകടസാധ്യതയിലായി. മലയാള മാസ പൂജകള്‍ക്കായി വന്‍ തോതിലാണ് തീര്‍ത്ഥാടകരെത്തിക്കൊണ്ടിരിക്കുന്നത്. എരുമേലിയില്‍ തോടുകള്‍ നിറഞ്ഞൊഴുകയാണ്. മണിമലയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. നദികളില്‍ തീര്‍ത്ഥാടകരിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കണമലയിലെ പഴയ കോസ്‌വേ പാലം വെള്ളത്തിനടിയിലായിരുന്നു. മണിക്കൂറുകളോളം വെള്ളത്തിനടിയിലായതിനിടെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് ഒലിച്ചുപോവുകയും ചെയ്തു. കൂടാതെ വന്‍മരങ്ങളുടെ ശിഖരങ്ങള്‍ ഒഴുകിയെത്തി പാലത്തിന്റെ തൂണുകളില്‍ കുടുങ്ങിയതോടെ അപകട സാധ്യതയും ശക്തമാണ്. ഇന്നലെ വൈകീട്ട് അഞ്ച് ഓടെയാണ് വീണ്ടും പാലം വെള്ളത്തിനടിയിലായിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് പുതിയ പാലം നിര്‍മിച്ചതോടെ പഴയ പാലം ഗതാഗതത്തിന് ഉപയോഗിക്കുന്നില്ല. അതേസമയം മൂക്കന്‍പെട്ടി പാലം വെള്ളത്തിനടിയിലായാല്‍ കിലോമീറ്ററുകളകലെ തുലാപ്പള്ളി വഴിയാണ് വാഹനങ്ങള്‍ക്ക് മറുകരയിലെത്താനാവുക. കണമലയില്‍ അഴുതയാറിനു കുറുകെയുള്ള നടപ്പാലം വഴി നടന്ന് അക്കരെയെത്താനുള്ള എളുപ്പമാര്‍ഗമുണ്ടെങ്കിലും ഗതാഗത യോഗ്യമല്ല. അറയാഞ്ഞിലിമണ്ണിലേക്കുള്ള കോസ്‌വേ പാലം വെള്ളത്തിനടിയിലായാല്‍ ഗതാഗതത്തിനു മറ്റു മാര്‍ഗമില്ല. നടപ്പാലം മാത്രമാണ് ആകെയുളള ആശ്രയം. നദികളിലെ തീരപ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss