|    Nov 21 Wed, 2018 5:08 am
FLASH NEWS

കനത്തമഴപകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Published : 19th July 2018 | Posted By: kasim kzm

കോട്ടയം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
കനത്ത മഴയില്‍ കുടിവെള്ള സ്രോതസ്സുകളും പരിസരവും മലിനമാവാന്‍ സാധ്യത കൂടുതലുള്ളതിനാല്‍ വയറിളക്കരോഗങ്ങള്‍, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും. നന്നായി തിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ത്തു ഉപയോഗിക്കരുത്. ആഹാരം കഴിക്കുന്നതിനു മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. സാലഡുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. ആഹാരസാധനങ്ങള്‍ മറ്റും ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികില്‍സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒആര്‍എസ് എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്. എലിപ്പനി രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ,  മണ്ണോ, മറ്റു വസ്തുക്കളുമായോ ഉള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. അതിനാല്‍ രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓടകളിലും, തോടുകളിലും, വയലുകളിലും, കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരില്‍ എലിപ്പനി  തുടങ്ങിയ രോഗങ്ങള്‍ കൂടുതലായി ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം മുന്‍ കരുതല്‍ ചികില്‍സ എന്ന നിലയില്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ കട്ടി കൂടിയ റബര്‍ കാലുറകള്‍, കയ്യുറകള്‍ എന്നിവ  ധരിക്കുന്നത് നല്ലതാണ്. കൈകാലുകളില്‍ മുറിവുള്ളവര്‍ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ജോലിക്ക് പോകുന്നതിനു മുമ്പും ജോലി കഴിഞ്ഞു വന്നതിനു ശേഷവും മുറിവുകള്‍ ആന്റിസെപ്റ്റിക് ലേപനങ്ങള്‍ ഉപയോഗിച്ച് ഡ്രസ് ചെയ്യേണ്ടതാണ്. വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പു തുടങ്ങി എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര ചികില്‍സ തേടണം. എലിപ്പനി പിടിപെടുന്നവരില്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടാവാമെന്നതിനാല്‍ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ തേടേണ്ടതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss