|    Dec 17 Sun, 2017 9:24 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കനകമല: ശുഭസൂചനയും അപകടവും

Published : 8th October 2016 | Posted By: SMR

എ അബ്ദുല്‍ സത്താര്‍

കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് മുസ്‌ലിം യുവാക്കളെ പിടിച്ച വാര്‍ത്തയെ തുടര്‍ന്ന് പലവിധ കഥകളും അവകാശവാദങ്ങളുമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും നിരീക്ഷണങ്ങളുമാണ് ഇവിടെ നടത്താനുദ്ദേശിക്കുന്നത്.
1. എന്‍ഐഎ എന്ന രാഷ്ട്രീയ ആയുധമാണ് കേരള പോലിസിനെ കാഴ്ചക്കാരാക്കി നിര്‍ത്തി ‘ഭീകരരെ’ പിടിക്കാന്‍ കനകമലയിലേക്ക് ഓടിയെത്തിയതെന്നതാണ് ഈ ‘ഭീകരവേട്ട’യുടെ സത്യസന്ധതയില്‍ ആളുകള്‍ക്ക് സംശയം തോന്നാന്‍ കാരണം.
2. അറസ്റ്റിലായവരില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഉണ്ടെന്നുള്ളതിനാല്‍ പോപുലര്‍ ഫ്രണ്ട് ഐഎസ് ഏജന്റാണെന്നു വിശ്വസിക്കണമെന്ന് ചില നിക്ഷിപ്ത താല്‍പ്പര്യക്കാരും പ്രചരിപ്പിക്കുന്നുണ്ട്.
3. ഐഎസ് ബന്ധം ആരോപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കിയത് ശരിയായില്ലെന്നും നിയമസംരക്ഷണം നല്‍കണമായിരുന്നുവെന്നും മനപ്പൂര്‍വം ചിലര്‍ വേവലാതിപ്പെടുന്നു.
4. കേരളത്തിലെ ‘ഭീകരവാദ കേസു’കളില്‍ പതിവിനു വിപരീതമായി സംശയത്തിന്റെ ആനുകൂല്യം ഇരകള്‍ക്കു നല്‍കണമെന്ന നിലപാട് ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ എടുക്കുന്നു.
ഇത്തരത്തില്‍ സവിശേഷതകള്‍ ധാരാളമുണ്ട് ഇപ്പോള്‍ പ്രചരിക്കുന്ന ഐഎസ് കഥകള്‍ക്ക്. ഇത് അല്‍പ്പം വിശദീകരണം അര്‍ഹിക്കുന്നതാണെന്നു തോന്നുന്നു.
1. കേരള പോലിസിന്റെ മൂക്കിന്‍തുമ്പില്‍നിന്നാണ് രാജ്യത്തെ അപകടപ്പെടുത്തുന്ന നിഗൂഢസംഘത്തെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളുടെ നാളിതുവരെയുള്ള ഇടപെടലുകള്‍ പക്ഷപാതപരമാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നതു കൊണ്ടുതന്നെ ഈ അറസ്റ്റിലും സംശയമുണ്ടാവുക സ്വാഭാവികം. നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം ഒരു ആര്‍എസ്എസ് ഏജന്‍സിയായാണോ എന്‍ഐഎ പ്രവര്‍ത്തിക്കുന്നതെന്നുപോലും തോന്നിപ്പിക്കുന്ന ധാരാളം അനുഭവങ്ങള്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കാണാന്‍ സാധിക്കും.
രാജ്യത്തെ നടുക്കിയ ഒട്ടനവധി കേസുകളില്‍ പ്രതികളായ ഹിന്ദുത്വ ഭീകരര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും പകരം നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്ന പണിയാണ് എന്‍ഐഎ എടുക്കുന്നതെന്ന ആക്ഷേപം ന്യായമുള്ളതാണ്. മുസ്‌ലിം ഭീകരത സ്ഥാപിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയുണ്ടാക്കിയത് ഇന്റലിജന്‍സ് വിഭാഗമാണെന്ന് ഈയടുത്ത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുറന്നുപറഞ്ഞിരുന്നു. ഗുജറാത്തില്‍ മോദി കഴിഞ്ഞാല്‍ രണ്ടാമനായിരുന്ന, ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവായ ശങ്കര്‍സിങ് വഗേല പറഞ്ഞത് ഇന്ത്യന്‍ മുജാഹിദീന്റെ ഉറവിടം കിടക്കുന്നത് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്താണെന്നാണ്. രണ്ടും ചേര്‍ത്തുവായിക്കുമ്പോള്‍ മനസ്സിലാവുന്നത് മുസ്‌ലിം ഭീകരത സംബന്ധിച്ച കോലാഹലങ്ങള്‍ ആര്‍എസ്എസിന്റെയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും സംയുക്ത സൃഷ്ടിയാണെന്നാണ്.
ഇത്തരം അനുഭവങ്ങള്‍ മുന്നിലുള്ളതുകൊണ്ടാണ് കനകമലയിലെ ഭീകരവേട്ട സംശയം ജനിപ്പിക്കുന്നത്. സംശയത്തിന്റെ പേരില്‍ ആളുകളെ പിടിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതിന് ഒരു ഷോ കിട്ടാനും രാഷ്ട്രീയ പ്രചാരണത്തിനുമാണ് കനകമല എന്ന ആശയം ഉപയോഗിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കനകമലയുമായി ബന്ധപ്പെട്ട നാടകങ്ങളിലെ വൈരുധ്യങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
ദേശസുരക്ഷയുടെ മറവില്‍ ഇത്തരം സംശയങ്ങള്‍ ഉന്നയിക്കുന്നവരുടെ നാവടപ്പിക്കാന്‍ അധികാരമുപയോഗിച്ച് ശ്രമിക്കുന്നതിനിടയിലും പതിവിന് വിപരീതമായി എതിര്‍ചിന്തകള്‍ ഉയര്‍ന്നുവരുന്നുവെന്നത് സാമൂഹിക മാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് പഴയതുപോലെ എല്ലാം മൂടിവയ്ക്കാനാവില്ലെന്നു തെളിയിക്കുന്നു.
2. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ തേജസ് ദിനപത്രത്തിലെ ജീവനക്കാരനായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും ഉള്‍പ്പെട്ടിരിക്കുന്നുവെന്നത് സംഘടനയ്ക്ക് ഇതുമായി ബന്ധമുണ്ടെന്ന് പറയാന്‍ ന്യായമല്ല. ഐഎസ് പോലുള്ള വിദേശ നിഗൂഢസംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയോ ചേര്‍ന്നുപ്രവര്‍ത്തിക്കുകയോ ചെയ്യേണ്ട സാഹചര്യം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കില്ലെന്ന് വളരെ മുമ്പേ തന്നെ പോപുലര്‍ ഫ്രണ്ട് വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുശത്രുവായ സംഘപരിവാര ഭീകരതയ്‌ക്കെതിരേ പ്രവര്‍ത്തിക്കേണ്ട അനിവാര്യമായ സാഹചര്യമുള്ളപ്പോള്‍ വിദേശത്തു പോയി സമരം ചെയ്യുന്നത് അതിവൈകാരികതയാണെന്നും അത് അപകടമാണെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, അത്തരം നിഗൂഢസംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് സംഘടനാവിരുദ്ധമാണെന്ന് അംഗങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് വിദ്യാഭ്യാസം നല്‍കുകയും ചെയ്തിട്ടുണ്ട്. ശരിയായ വിധത്തിലുള്ള സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന അത്തരമൊരു നിലപാട് സ്വീകരിച്ചത്.
ഐഎസ് പോലുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട പോപുലര്‍ ഫ്രണ്ടിന്റെ നിലപാട് പക്ഷേ, ആവശ്യമായ പരിഗണന നല്‍കി സംപ്രേഷണം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ മാധ്യമങ്ങള്‍ തയ്യാറായില്ല. ഏറ്റവുമൊടുവില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ എന്ന കാംപയിനിലും സമ്മേളനത്തിലും ഐഎസ് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ വേവലാതിപ്പെടുന്ന മാധ്യമങ്ങള്‍ അതിനോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ് ചെയ്തത്. ഐഎസ് പോലുള്ള സംഘങ്ങള്‍ക്കെതിരായ പ്രചാരണം ആത്മാര്‍ഥമാണെങ്കില്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ ആ വാര്‍ത്തകള്‍ തിരസ്‌കരിച്ചു?
എല്ലാ ‘ഭീകര സംഭവ’ങ്ങളുമായും പോപുലര്‍ ഫ്രണ്ടിനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇത് ആദ്യത്തേതല്ല. ഹവാല ഇടപാട്, മാറാട് കൂട്ടക്കൊല, കശ്മീര്‍ റിക്രൂട്ട്‌മെന്റ്, ഐഎസ് റിക്രൂട്ട്‌മെന്റ് തുടങ്ങി പലവിധ കേസുകളുമായി ബന്ധിപ്പിച്ച് പോപുലര്‍ ഫ്രണ്ടിനെതിരേ വലിയ തോതിലുള്ള പ്രചാരണങ്ങളാണ് അരങ്ങേറിയത്. അന്നും സംഘടനയുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്നവരോടൊപ്പം ചേര്‍ന്ന് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്.
പോപുലര്‍ ഫ്രണ്ട് ഇന്ത്യന്‍ ജനതയ്ക്കു നല്‍കുന്ന സന്ദേശം നിര്‍ഭയത്വത്തിന്റേതാണ്. സ്വാതന്ത്ര്യവും തുല്യനീതിയും സുരക്ഷയും പൗരന്റെ ജന്മാവകാശമാണെന്നും അതിനു വേണ്ടി ജാഗ്രത പുലര്‍ത്തല്‍ പൗരന്റെ ബാധ്യതയാണെന്നും പോപുലര്‍ ഫ്രണ്ട് കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരേയും അവകാശനിഷേധങ്ങള്‍ക്കെതിരേയും സംഘടന മുഖംനോക്കാതെ നിലപാട് സ്വീകരിച്ചു. ഹിന്ദുത്വ ഭീകരത സംഹാരതാണ്ഡവമാടിയ മുസ്‌ലിം പ്രദേശങ്ങളില്‍ ജനകീയ ചെറുത്തുനില്‍പ്പിന്റെയും നിര്‍ഭയത്വത്തിന്റെയും സന്ദേശം നല്‍കാന്‍ ശ്രമിച്ചു. എല്ലാവിധ അധീശത്വത്തിനും മേല്‍ക്കോയ്മയ്ക്കും എതിരായിരുന്നു പോപുലര്‍ ഫ്രണ്ട് നിലപാട്. അതുകൊണ്ടുതന്നെ വ്യവസ്ഥയുടെ മൂട് താങ്ങുന്നവര്‍ക്ക് പോപുലര്‍ ഫ്രണ്ട് കണ്ണിലെ കരടായി. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ നിരന്തരം സംഘടനയുമായി ബന്ധപ്പെടുത്തി എഴുതിപ്പിടിപ്പിച്ചു.
പോപുലര്‍ ഫ്രണ്ടിന്റെ ജനകീയ ഇടപെടലുകള്‍ വാര്‍ത്തയാക്കുന്നതിനു പകരം നുണക്കഥകളുടെ ചീട്ടുകൊട്ടാരം തീര്‍ക്കാനാണ് പലരും ശ്രമിച്ചത്. ശരിയായ നിലപാടില്‍ ഉറച്ചുനിന്നതുകൊണ്ട് സംഘടനയ്ക്ക് ഒരിടത്തും പിന്തിരിഞ്ഞുപോവേണ്ടി വന്നിട്ടില്ല.
ഇപ്പോള്‍ കനകമല കഥയിലേക്കും പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴയ്ക്കുന്നതിന്റെ താല്‍പര്യം ഇതുതന്നെയാണ്. വിവാദങ്ങളുടെ ആഘോഷ സമയത്ത് പോപുലര്‍ ഫ്രണ്ടിനെതിരേ കഥകള്‍ പടച്ചുവിടുക. അങ്ങനെ യാഥാര്‍ഥ്യത്തെ കുഴിച്ചുമൂടുക. ഐഎസ് പോലുള്ള സംഘങ്ങളിലേക്ക് ആളുകള്‍ പോവുന്നത് അപകടമാണെന്നു വിശ്വസിക്കുന്നവര്‍, അവരുടെ നിലപാട് സത്യസന്ധമെങ്കില്‍ ചെയ്യേണ്ടത് കാര്യങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുകയാണ്. അതിനു പകരം പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ ലക്ഷ്യംവയ്ക്കുന്നത് സംഭവങ്ങളെ വഴിതിരിച്ചു വിടാനാണ് കാരണമാവുക. സംഘഭീകരതയ്‌ക്കെതിരേ അതിശക്തമായ നിലപാടുള്ള ഒരു സംഘടനയ്‌ക്കെതിരേ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത് ഭീകരതയെ സഹായിക്കലാണ്.
3. ഐഎസ് വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സംഘടനയില്‍നിന്നു പുറത്താക്കിയിരിക്കുന്നു. സംഘടനയ്ക്ക് പുറത്ത് വ്യക്തതയില്ലാത്ത കൂട്ടുകെട്ടില്‍ ഇടപെടരുതെന്നത് സംഘടനയുടെ ആഭ്യന്തര അച്ചടക്കമാണ്. കനകമല സംഭവത്തിന്റെ യാഥാര്‍ഥ്യം പുറത്തുവരാനിരിക്കുന്നതേയുള്ളൂവെങ്കിലും പ്രഥമദൃഷ്ട്യാ സംഘടനയുടെ ആഭ്യന്തര അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് ആരോപിതനായ പ്രവര്‍ത്തകനെ സംഘടനയില്‍നിന്നു പുറത്താക്കുന്നത്. ഐഎസ് പോലുള്ള സംഘങ്ങളുടെ കാര്യത്തില്‍ പോപുലര്‍ ഫ്രണ്ട് പുലര്‍ത്തുന്ന സൂക്ഷ്മതയുടെ ഭാഗംകൂടിയാണിത്. വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സാധാരണ നടപടിയാണത്.
അതിനര്‍ഥം പിടിക്കപ്പെട്ടവരെല്ലാം കുറ്റക്കാരാണെന്നോ എന്‍ഐഎ കഥ അപ്പടി വിശ്വസിക്കുന്നുവെന്നോ അല്ല. അത് നിയമപരമായ ഇടപെടലുകളിലൂടെയും സത്യസന്ധമായ അന്വേഷണത്തിലൂടെയും പുറത്തുവരേണ്ടതാണ്.
യുഎപിഎ ഇരകളുടെ സംഗമം വിളിച്ചുചേര്‍ത്ത ഒരു സംഘടനയോട്, യുഎപിഎ ചുമത്തിയ നിരപരാധികളായ മുസ്‌ലിം യുവാക്കളെ സംഗമത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത്, അല്ലെങ്കില്‍ തന്നെ ചരിത്രത്തിന്റെ ഭാരം പേറുന്നുണ്ട്. ഇനി വര്‍ത്തമാനത്തിന്റെ കൂടി വയ്യ’എന്നാണ്. ഈ ന്യായം പറഞ്ഞവരാണ് സങ്കടപ്പെടുന്നവരില്‍ മുന്‍പന്തിയില്‍. പാര്‍ട്ടിക്കു വേണ്ടി കൊല്ലപ്പെട്ടവരെ പരസ്യമായി തള്ളിപ്പറഞ്ഞവരും വ്യാകുലപ്പെടുന്നവരില്‍ ഒപ്പത്തിനൊപ്പം ഉണ്ട്. അവര്‍ക്ക് അവരുടെ ശരികള്‍ ഉള്ളപ്പോള്‍ തന്നെ പോപുലര്‍ ഫ്രണ്ടിന് അതിന്റേതായ ശരികളുമുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം നട്ടെല്ല് വളയ്ക്കാതെ നിവര്‍ന്നുനിന്നത് സംഘടന ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചതുകൊണ്ടാണ്.
4. കനകമലയിലെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വൈകാരികമായി പ്രതികരിക്കുന്നതിനു പകരം സമചിത്തതയോടെയാണ് ഇടതുപക്ഷമുള്‍പ്പെടെ പലരും പ്രതികരിച്ചിട്ടുള്ളത്. കേരളത്തില്‍നിന്ന് തന്നെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇത്തരം കേസുകളില്‍ സംഘപരിവാരത്തോടും ഔദ്യോഗികഭാഷ്യത്തോടും ചേര്‍ന്നുനിന്നിരുന്ന ഇടതുപക്ഷം ഈ വിഷയത്തില്‍ ഔചിത്യം കാണിക്കുന്നതിന്റെ സാംഗത്യം ഇനിയും വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. സംശയത്തിന്റെ ആനുകൂല്യം ഇരകള്‍ക്ക് നല്‍കണമെന്നതു തന്നെയാണ് പോപുലര്‍ ഫ്രണ്ടിന്റെയും നിലപാട്. കഴിഞ്ഞകാലങ്ങളില്‍ സംഘടന സ്വീകരിച്ച പ്രായോഗികപ്രവര്‍ത്തനങ്ങള്‍ അതിനു തെളിവാണ്. വൈകിയാണെങ്കിലും പലരും ആ മാര്‍ഗത്തിലേക്ക് വരുന്നുണ്ടെന്നത് ശുഭസൂചനയാണ്. എന്നാല്‍, നിരപരാധികളായവര്‍ ഇപ്പോഴും കരിനിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് കേരളത്തിലെ തന്നെ വിവിധ ജയിലുകളില്‍ കഴിയുമ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇപ്പോള്‍ ഇരയുടെ പക്ഷം ഉന്നയിക്കുന്നത് ആത്മാര്‍ഥമാവാന്‍ ഇടയില്ല. എന്‍ഐഎയുടെ രാഷ്ട്രീയവും കേരള പോലിസിന്റെ രാഷ്ട്രീയവും തമ്മിലുള്ള സംഘര്‍ഷം ഈ നിലപാടിന് കാരണമാണെന്നു കരുതുന്നു. ഉദ്യോഗസ്ഥര്‍ക്കിടയിലെ മൂപ്പിളമതര്‍ക്കം ഭരണതലത്തിലെ മൂപ്പിളമതര്‍ക്കമായി മാറിയതാണ് ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ക്കു കാരണമെന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. അത് അസ്ഥാനത്താണെന്നു കരുതുക വയ്യ.
എന്നിരുന്നാലും പതിവിന് വിപരീതമായി ഇരകളുടെ മനുഷ്യാവകാശവും കേന്ദ്ര ഏജന്‍സികളുടെ മുസ്‌ലിംവിരുദ്ധതയും ചര്‍ച്ചയ്ക്ക് വരുകയും സംശയത്തിന്റെ ആനുകൂല്യം ഇരകള്‍ക്ക് നല്‍കണമെന്ന വാദം ഉയരുകയും ചെയ്തത് ആശാവഹമാണ്. ഇപ്പോള്‍ മാത്രമല്ല, തുടര്‍ന്നും ഭരണകൂടത്തിന്റെ ഇരകളാക്കപ്പെടുന്നവര്‍ക്ക് സഹായകരമാവുന്ന നിലപാടാണത്.
വിരലിലെണ്ണാവുന്നവരുടെ സാഹസിക അന്വേഷണങ്ങള്‍ രണ്ടുതരത്തില്‍ അപകടകരമാണ്. ഒന്ന്, ഇന്ത്യയില്‍ പച്ചപിടിച്ചുവരുന്ന മുസ്‌ലിം ശാക്തീകരണത്തെ തുരങ്കംവയ്ക്കാനാണ് അതു കാരണമാവുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏഴു പതിറ്റാണ്ടിന്റെ ചരിത്രത്തിനിടയില്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്‌ലിംകളടക്കമുള്ളവരുടെ അതിജീവനശ്രമങ്ങള്‍ക്ക്, നിഗൂഢസംഘങ്ങളില്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളല്ല വേണ്ടത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജനകീയവും ജനാധിപത്യപരവുമായ ചെറുത്തുനില്‍പും പോരാട്ടവുമാണ്. കുറഞ്ഞപേരെങ്കിലും ഇത്തരം സംഘങ്ങളിലേക്കു പോവുമ്പോള്‍ മുസ്‌ലിംകളെ മൊത്തത്തില്‍ കുറ്റവാളികളാക്കാനും അതിന്റെ മറവില്‍ സമൂഹത്തിന്റെ അതിജീവനശ്രമങ്ങളെ തകര്‍ക്കാനുമുള്ള അവസരമുണ്ടാക്കുകയാണു ചെയ്യുന്നത്.
രണ്ട്, ഇന്ത്യയുടെ ശത്രുക്കള്‍ സംഘപരിവാര ഫാഷിസമാണ്. മനുഷ്യരക്തത്തിന്റെ മുകളിലാണ് ഇപ്പോള്‍ സംഘപരിവാരം അധികാരം കൈയടക്കിയിരിക്കുന്നത്. രാജ്യത്തു നടക്കുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളുടെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും ഉറവിടം ഹിന്ദുത്വ ഫാഷിസമാണ്. ഐഎസ് പോലുള്ള സംശയകരമായ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന പ്രചാരണത്തിലൂടെ രക്ഷപ്പെടുന്നത് ഇന്ത്യയുടെ പൊതുശത്രുവായ ഫാഷിസ്റ്റുകളാണ്. ആത്മീയതയുടെയും അതി വൈകാരികതയുടെയും മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നവര്‍ അതിന്റെ അപകടത്തില്‍നിന്ന് അകലം പാലിക്കുക തന്നെയാണു വേണ്ടത്.

(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss