|    Oct 18 Thu, 2018 11:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കത്ത് ബാലകൃഷ്ണപ്പിള്ളയ്ക്ക് കൈമാറിയെന്ന് സരിത

Published : 22nd December 2015 | Posted By: SMR

കൊച്ചി: പത്തനംതിട്ട ജില്ലാ ജയിലില്‍വച്ച് അഡ്വ. ഫെനി ബാലകൃഷ്ണന്‍ വശം നല്‍കിയ കത്ത് ആര്‍ ബാലകൃഷ്ണപ്പിള്ളയ്ക്കു കൈമാറിയെന്ന് സരിത എസ് നായര്‍. തന്റെ ആ കത്തില്‍ ഇരുപത്തൊന്നു പേജുകളല്ല അതില്‍ കൂടുതല്‍ ഉണ്ടായിരുന്നതായും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ സരിത മൊഴിനല്‍കി.
പത്തനംതിട്ട ജില്ലാ ജയിലില്‍വച്ച് അഡ്വ. ഫെനി ബാലകൃഷ്ണന്‍ വശം കൈമാറിയ കത്ത് ഗണേഷ്‌കുമാറിന്റെ പിഎ ആയ പ്രദീപ്കുമാര്‍ മുഖേന ആര്‍ ബാലകൃഷ്ണപ്പിള്ളയ്ക്കു കൈമാറുകയാണ് ഉണ്ടായത്. താന്‍ ഫെനി ബാലകൃഷ്ണന് കത്തു കൈമാറുന്ന സമയം പ്രദീപ്കുമാര്‍ ജയിലിനു പുറത്ത് നില്‍പ്പുണ്ടായിരുന്നു. ജയിലിനു പുറത്തുനിന്ന് പ്രദീപ്കുമാര്‍ വശം കൊടുത്ത് ബാലകൃഷ്ണപ്പിള്ളയെ ഏല്‍പ്പിക്കണമെന്നതായിരുന്നു ലക്ഷ്യം. ഫെനി അപ്രകാരം കത്ത് പ്രദീപ്കുമാറിനെ ഏല്‍പ്പിച്ചു. ആ കത്ത് ബാലകൃഷ്ണപ്പിള്ളയുടെ കൈവശം എത്തിയതായി മൂന്നു ദിവസം കഴിഞ്ഞ് താനറിഞ്ഞു. ആ കത്ത് ബാലകൃഷ്ണപ്പിള്ള ഹൈക്കോടതി അഭിഭാഷകനായ അഡ്വ. എസ് രാജീവ് കൈവശം ഏല്‍പ്പിക്കുമെന്നു പറഞ്ഞിരുന്നതായും സരിത കമ്മീഷന്‍ മുമ്പാകെ മൊഴിനല്‍കി.
2013 ജൂണ്‍ രണ്ടിന് പെരുമ്പാവൂര്‍ പോലിസ് ഇടപ്പഴഞ്ഞിയിലുള്ള വീടിന് സമീപംവച്ച് തന്നെ അറസ്റ്റ്‌ചെയ്തു കൊണ്ടുപോവുമ്പോള്‍ ഒരു ലാപ്‌ടോപ്, ബാഗ്, ആറ് സിഡികള്‍, മൂന്ന് പെന്‍ഡ്രൈവ്, 54,000 രൂപ, നാല് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിരുന്നു. എന്നാല്‍, പിന്നീട് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലാപ്‌ടോപ്, മൂന്നു ഫോണ്‍ എന്നിവ മാത്രമാണ് പോലിസ് സംഭവസ്ഥലത്തുവച്ചു തയ്യാറാക്കിയ മഹസര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നും സരിത കമ്മീഷനില്‍ മൊഴി നല്‍കി. തന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച ലാപ്‌ടോപ്, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക് എന്നിവയെക്കുറിച്ചും വിവരമില്ലെന്ന് സരിത മൊഴിനല്‍കി. എറണാകുളം അഡീഷണല്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇരുപത് മിനിറ്റോളം മജിസ്‌ട്രേറ്റ് കുറിച്ചെടുത്തിരുന്നതായി സരിത കമ്മീഷനില്‍ മൊഴി നല്‍കി.
മാധ്യമങ്ങള്‍ക്കു മുന്നില്‍ സരിത ഉയര്‍ത്തിക്കാണിച്ച കത്ത് ഹാജരാക്കാന്‍ സരിതയോട് ആവശ്യപ്പെടണമെന്ന് കേസിലെ കക്ഷിയായ അഡ്വ. സി രാജേന്ദ്രന്‍ സമര്‍പ്പിച്ച പരാതിയില്‍ അടുത്തദിവസം കമ്മീഷന്‍ വാദം കേള്‍ക്കും. അതിനുശേഷമാവും കത്ത് ഹാജരാക്കണോ എന്നതുസംബന്ധിച്ച് അന്തിമതീരുമാനം എടുക്കുകയെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അറിയിച്ചു. തന്റെ അഭിഭാഷകനായ അഡ്വ. കെ മോഹന്‍കുമാറിന് നല്‍കിയ വക്കാലത്ത് പിന്‍വലിക്കുകയാണെന്ന് ബിജു രാധാകൃഷ്ണന്‍ കത്തുമുഖേന കമ്മീഷനെ അറിയിച്ചു. ഇതിന്റ അടിസ്ഥാനത്തില്‍ സരിതയെ വിസ്തരിക്കാന്‍ ബിജു രാധാകൃഷ്ണന് കമ്മീഷന്‍ അനുമതി നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശാലു മേനോന്‍, ശാലുവിന്റെ മാതാവ് ഇന്ദിര, ഫെനി ബാലകൃഷ്ണന്‍, പി എ മാധവന്‍ എംഎല്‍എ എന്നിവരെ വിസ്തരിക്കുന്നപക്ഷം തന്നെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന ബിജുവിന്റെ ആവശ്യത്തിന് അനുമതി നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss