|    Jan 24 Tue, 2017 2:35 am

കത്തിവേഷങ്ങളെ കാത്തിരിക്കുന്നത്

Published : 7th November 2015 | Posted By: SMR

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

‘അരീം തിന്ന് ആശാരിച്ചിനീം കടിച്ച് പിന്നീം നായ് മുന്നോട്ട്’ എന്നൊരു പരമ്പരാഗത ചൊല്ലുണ്ട്. കേന്ദ്രമന്ത്രിണി മേനകഗാന്ധിക്ക് അരുമയായ കേരളത്തിലെ തെരുവുനായ്ക്കളെക്കുറിച്ചല്ല പറയുന്നത്. ഉത്തര-പൂര്‍വദേശങ്ങളില്‍ കാണുന്ന ചില അപൂര്‍വയിനം ജീവികളാണ് പരാമര്‍ശ വിഷയം. മഹാരാഷ്ട്ര സദനിലെ ചപ്പാത്തി മുതല്‍ ബോളിവുഡ് നടന്‍ ഷാറൂഖ് ഖാനില്‍ വരെ എത്തിനില്‍ക്കുന്ന മെഗാചിത്ര പരമ്പരയിലെ കത്തിവേഷങ്ങള്‍ സൃഷ്ടിക്കുന്ന ഹാസ്യരംഗങ്ങള്‍ ഏതൊരു ചാര്‍ലി ചാപ്ലിന്‍ ചിത്രത്തെയും തോല്‍പിക്കാന്‍ പര്യാപ്തമാണ്. അസഹിഷ്ണുത എന്ന വാക്ക് ശബ്ദിക്കുന്നവന്‍(ള്‍) ആരായാലും പാകിസ്താനിലേക്കു പോകണം എന്നാണല്ലോ തിട്ടൂരം. അങ്ങനെ പോകുന്നവരെയൊക്കെ സ്വീകരിക്കാന്‍ പാകിസ്താനെന്താ അഭയാര്‍ഥികളുടെ രാഷ്ട്രമാണോ എന്നൊന്നും ചോദിക്കരുത്. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ഹിംസിച്ചുകളയും. ദാദ്രിയില്‍ കണ്ടത് മെഗാ പരമ്പരയുടെ ക്ലൈമാക്‌സാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ: പശുവിനെ, സോറി, ഗോമാതാവിനെ മുന്നില്‍ നിര്‍ത്തിയുള്ള ഈ ഘോഷയാത്ര അടുത്ത മൂന്നു വര്‍ഷം കൂടി തുടരും. കാര്യങ്ങള്‍ വ്യക്തമായിത്തന്നെ പറയേണ്ടതുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കഴുത്തിന് എന്തുംതന്നെ സംഭവിക്കാമെന്ന് ഇതിനകം നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധിച്ചുകാണുമല്ലോ. ആശാന്‍ ബീഫ് തിന്നുമത്രേ. എന്നാല്‍ അതൊന്നു കാണണം. അന്നെയും പാകിസ്താനിലേക്ക് പായ്ക്ക് ചെയ്യാന്‍ മ്മക്ക് അധികം പണിയൊന്നുമില്ല. ദാദ്രി, ദബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ അകാല മരണമാണല്ലോ നിങ്ങള്‍ പ്രശ്‌നമാക്കി ഉണ്ടയില്ലാവെടി പൊട്ടിക്കുന്നത്. ഹരിയാനയില്‍ രണ്ടു ദലിത് കുട്ടികളെ ചുട്ടുകൊന്നുവെന്നും നിലവിളിക്കുന്നുണ്ട്. ദാദ്രിയില്‍ ചില്ലറ കശപിശയുണ്ടാക്കിയ ഒരുത്തന്‍ ചത്തു. തല്ലുണ്ടാക്കി ചാകുന്നതിനു കേന്ദ്രത്തിനെ കുറ്റപ്പെടുത്താനാവുമോ? അങ്ങനെയെങ്കില്‍ കണ്ണൂരിലെ അങ്കച്ചേകവന്മാരുടെ മരണങ്ങള്‍ക്കും കേന്ദ്രം സമാധാനം പറയണമല്ലോ. ദബോല്‍കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നീ മഹാന്മാര്‍ ശാശ്വതീകാനന്ദയെപ്പോലെ മുങ്ങിമരിച്ചതായിക്കൂടേ? അവര്‍ക്ക് നീന്തല്‍ അറിഞ്ഞുകൂടായിരുന്നു എന്ന് വെറ്റിലപ്രശ്‌നത്തില്‍ തെളിഞ്ഞതിന്റെ റിപോര്‍ട്ട് നിങ്ങള്‍ പൂഴ്ത്തിയില്ലേ? ദലിത് കുട്ടികളെ സവര്‍ണര്‍ ചുട്ടുകൊന്നു എന്നു പറയുന്നതിന്റെ ന്യായമാണ് പിടികിട്ടാത്തത്. എവിടെയാണ് സവര്‍ണര്‍? സമത്വസുന്ദരമായ ഈ ഭാരതഭൂമിയില്‍ സവര്‍ണനും അവര്‍ണനുമില്ല. സവര്‍ണ-അവര്‍ണ പ്രയോഗം നിഘണ്ടുവില്‍ നിന്നു നീക്കം ചെയ്യാന്‍ വൈകാതെ ഉത്തരവിറങ്ങും. എന്തിന്, ഇതിനായി ഒരു ഭരണഘടനാ ഭേദഗതി തന്നെ അണിയറയില്‍ രൂപം കൊള്ളുന്ന കാര്യം നാസ്തികരെ ഇതിനാല്‍ തെര്യപ്പെടുത്തുന്നു. എഴുത്തുകാരും ചരിത്രകാരന്മാരുമൊക്കെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ്. വീട് വൃത്തിയാവുന്നതോടൊപ്പം കേന്ദ്ര    െത്ത കല്ലെറിയുകയും ചെയ്യാം എന്നാണ് പൂതി. സോണിയഗാന്ധിയുടെ ചാരന്മാര്‍ ഇവന്മാര്‍ക്ക് പണക്കിഴി സമ്മാനിച്ച വിവരം നാഗ്പൂരിലെ കാവിപ്പടയുടെ ആസ്ഥാനം അറിഞ്ഞിട്ടുണ്ട്. മനുസ്മൃതി, ബ്രാഹ്മണശാപം, ഗോപൂജ തുടങ്ങിയ വിഖ്യാത ഗ്രന്ഥങ്ങള്‍ എഴുത്തുകാരെന്നു പറയുന്ന നിരക്ഷരര്‍ തൊട്ടുനോക്കിയിട്ടില്ല. അസഹിഷ്ണുതയില്‍ വിറളിപൂണ്ടാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നതത്രേ. എവിടെയാണ് അസഹിഷ്ണുത എന്ന ജെയ്റ്റ്‌ലി തമ്പ്രാന്റെ ചോദ്യം ഇവന്‍മാര്‍ കേട്ട ഭാവം നടിച്ചിട്ടില്ല. ഷാറൂഖ് ഖാനു പണ്ടേ പാകിസ്താനാണ് പ്രിയം. അസഹിഷ്ണുത എന്ന വാക്ക് ഷാറൂഖ് പ്രയോഗിച്ചത് പാക് കൂറിന്റെ തെളിവാണ്. ഇനി ഷാറൂഖ് തിളച്ച എണ്ണയില്‍ കൈ മുക്കി ‘ഭാരത് മാതാ കി ജയ്’ എന്ന് അട്ടം പൊട്ടിക്കണം. ‘ജയ് ശ്രീറാം’ എന്നുകൂടി ഉരുവിട്ടാല്‍ പിന്നെ തീരെ പ്രശ്‌നമില്ല. ഇതൊന്നും ഷാറൂഖ് പ്രശ്‌നമാക്കുന്നില്ലെങ്കില്‍ ചങ്ങായിന്റെ സിനിമ മ്മള് അരുക്കാക്കും. പിന്നെ തെക്കുവടക്ക് നാറാണത്ത് ഭ്രാന്തനെപ്പോലെ നടക്കേണ്ടിവരും.  ഇങ്ങനെ എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ഉത്തരദേശത്തുനിന്ന് വാര്‍ത്തകള്‍ പ്രവഹിക്കുന്നു: ‘പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാവിപ്പാര്‍ട്ടി തോറ്റമ്പി. മോദി ദത്തെടുത്ത ഗ്രാമത്തില്‍ താമര കരിഞ്ഞുപോയി.’ അപ്പോള്‍ രണ്ടാം വല്യമ്പ്രാന്‍ അമിതന്‍ ആത്മഗതം പറഞ്ഞു: ‘പശുവിവാദത്തില്‍ മുളക് കൂടിപ്പോയോ? പ്രാചിയെയും ആദിത്യനെയും മൂക്കുകയറിടാന്‍ സമയമായോ?’ഉടന്‍ അശരീരി മുഴങ്ങി: ‘ശ്രീബുദ്ധന്റെ നാട്ടിലെ ഫലം കൂടി അറിഞ്ഞിട്ട് മതി. ചിലപ്പോള്‍ മൂക്കുകയര്‍ ആയിരക്കണക്കിന് ഇറക്കുമതി ചെയ്യേണ്ടിവരും. അപൂര്‍വ ജീവികളുടെ കൂട്ടമരണം എന്നൊരു പുസ്തകത്തിന്റെ സാധ്യതയും ഉരുത്തിരിഞ്ഞുവരാം.’

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 100 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക