|    Jun 23 Sat, 2018 2:05 pm
FLASH NEWS
Home   >  Sports  >  Football  >  

കത്തിക്കയറി സിറ്റി; ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തത് 5-0 ന്

Published : 6th May 2017 | Posted By: ev sports

മാഞ്ചസ്റ്റര്‍: ഇത്തിഹാദ് സ്‌റ്റേഡിയത്തെ പുളകമണിയിച്ചു കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടിപൊളി ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ നേടിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇത്തിഹാദിലെ താരകങ്ങളായത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ സിറ്റി മൂന്നാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനക്കാരായിരുന്ന ആഴ്‌സനലിനെ ഗോള്‍ശരാശരിയില്‍ മറികടന്നാണ് സിറ്റി മുന്നിലെത്തിയത്. 35 മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇരുക്ലബ്ബിനും 69 പോയിന്റാണ് സമ്പാദ്യം.
ആദ്യ നാലില്‍ നിലനില്‍ക്കാന്‍, ജയം അനിവാര്യമായ മല്‍സരത്തില്‍ സില്‍വ, കോംപനി, ഡെ ബ്രൂണെ, സ്റ്റെര്‍ലിങ്, ഒട്ടമെന്റി എന്നിവരുടെ ഗോളിലാണ് സിറ്റി തിളങ്ങും ജയം സ്വന്തമാക്കിയത്.
പോയിന്റ് പട്ടികയില്‍ നാട്ടുകാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി തുല്യനില പാലിച്ചിരുന്ന സിറ്റിക്ക് ഈ മല്‍സരത്തില്‍ ജയം നിര്‍ണായകമായിരുന്നു. ചാംപ്യന്‍സ് ട്രോഫി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ആദ്യനാലില്‍ നിന്ന് തെറിക്കാതിരിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും പെപ് ഗാര്‍ഡിയോള ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ തന്നെ മികച്ച നിരയുമായി 4-3-3 എന്ന ഫോര്‍മാറ്റിലാണ് 16ാം സ്ഥാനക്കാരായ ക്രിസ്റ്റല്‍ പാലസിനെ നേരിട്ടത്. എല്ലാവിധ അട്ടിമറി സാധ്യതകളും മുന്നില്‍ കണ്ടിരുന്ന പെപ് ഗാര്‍ഡിയോളയുടെ തന്ത്രത്തില്‍ ഉഗ്രന്‍ മല്‍സരമാണ് സിറ്റി കാഴ്ചവച്ചത്.
സ്റ്റാര്‍ടിങ് വിസില്‍ മുഴങ്ങി രണ്ടാം മിനിറ്റില്‍ തന്നെ സ്പാനിഷ് മിഡ്ഫീല്‍ഡറും സൂപ്പര്‍ താരവുമായ ഡേവിഡ് സില്‍വ ക്രിസ്റ്റലിന്റെ വലകുലുക്കി. പാലസിന്റെ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബോക്‌സിനകത്തു നിന്ന് സില്‍വ ഗോള്‍ സ്‌കോര്‍ ചെയ്തതോടെ സിറ്റി ആധിപത്യം നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജേഴ്‌സിയില്‍ സില്‍വയുടെ അമ്പതാം ഗോളായിരുന്നു ഇത്. പിന്നെയും ഒമ്പതു തവണ പാലസിന്റെ വല ലക്ഷ്യമാക്കി പന്ത് പായിച്ചെങ്കിലും സ്‌കൈ ബ്ലൂസിന് കൂടുതല്‍ ഗോള്‍ നേടാനായില്ല. നാലു തവണ ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നെസ്സി ക്രിസ്റ്റലിന്റെ രക്ഷകനായി.
ഗോള്‍ നായാട്ടിന് വിസില്‍ ഊതികൊണ്ടാണ് രണ്ടാംപകുതി ആരംഭിച്ചത്. 49ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ വിന്‍സെന്റ് കോംപനി സിറ്റിയുടെ ആധിപത്യം ഇരട്ടിയാക്കി (2-0). വിശ്രമത്തിനു ശേഷം തിരിച്ചെത്തിയ താരത്തിന്റെ ആദ്യ മുഴുസമയ മല്‍സരവും ആദ്യ ഗോളുമായിരുന്നു ഇത്. ഡെബ്രൂണിന്റെ അസിസ്റ്റിലാണ് കോംപനി പാലസിന്റെ പ്രതിരോധം ഭേദിച്ചത്. രണ്ട് ഗോളിനു പിന്നിലായതോടെ ആകെ തളര്‍ന്ന ക്രിസ്റ്റല്‍ പാലസിന്റെ തകര്‍ച്ച പിന്നീട് വേഗത്തിലായിരുന്നു. 59ാം മിനിറ്റില്‍ സ്വന്തം ബൂട്ടില്‍ നിന്ന് ഗോള്‍ പായിച്ച് ഡെബ്രൂണും ഗോള്‍ പട്ടികയ്ക്ക് സംഭാവന ചെയ്തു. ഗബ്രിയേല്‍ ജീസസിന്റെ ഷോട്ട് ഡെബ്രൂണ്‍ വലയില്‍ നിക്ഷേപിക്കുകയായിരുന്നു. 68ാം മിനിറ്റില്‍ സില്‍വയെ തിരിച്ചുവിളിച്ച ഗാര്‍ഡിയോള, സബലേറ്റയെ കളത്തിലിറക്കി. അടുത്ത ഗോളിന് അസിസ്റ്റ് നല്‍കി സബലേറ്റ തന്റെ വരവറിയിച്ചു. 82ാം മിനിറ്റില്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ റഹീം സ്റ്റെര്‍ലിങ് നേടിയ ഗോളിനു പിന്നില്‍ സബലേറ്റയായിരുന്നു. അതോടെ 4-0ന് ക്രിസ്റ്റല്‍ തോല്‍വി ഉറപ്പിച്ചു. ഇത്തിഹാദിനെ അത്യാവേശത്തിലാഴ്ത്തി മല്‍സരം അവസാനിക്കുമെന്ന് ഏവരും കരുതി. എന്നാല്‍, സന്തോഷത്തിന് അതിമധുരം പകര്‍ന്നു കൊണ്ട് ഇഞ്ച്വറി ടൈമില്‍ നിക്കോളാസ് ഒട്ടമെന്റിയും ഗോള്‍ പട്ടിക ഉയര്‍ത്തി. ഫ്രീകിക്കിലൂടെ ബുള്ളറ്റ് ഹെഡ്ഡര്‍ പായിച്ച് അതിമനോഹരമായ ഗോളാണ് ഒട്ടമെന്റി കരസ്ഥമാക്കിയത്. അതോടെ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ക്രിസ്റ്റല്‍ പാലസിനെ തൂത്തെറിഞ്ഞ സിറ്റി, പോയിന്റ് പട്ടികയില്‍ അതിവേഗ കുതിപ്പാണ് കാഴ്ചവച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss