|    Nov 19 Sun, 2017 12:38 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കത്താറ അറബ് നോവല്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു

Published : 14th October 2016 | Posted By: SMR

ദോഹ: രണ്ടാമത് കത്താറ അറബ് നോവല്‍ അവാര്‍ഡ് ജേതാക്കളെ കഴിഞ്ഞ ദിവസം കത്താറയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രഖ്യാപിച്ചു. മന്ത്രിമാര്‍, അംബാസഡര്‍മാര്‍, ഖത്തറിലെയും വിദേശത്തെയും പ്രശസ്ത സാഹിത്യകാരന്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ജേതാക്കളുടെ പ്രഖ്യാപനം.
നോവല്‍ പഠനം, പ്രസിദ്ധീകരിക്കാത്ത നോവലുകള്‍, പ്രസിദ്ധീകരിച്ച നോവലുകള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. നോവല്‍ ഗവേഷണ-പഠന വിഭാഗത്തില്‍ അഞ്ച് സാഹിത്യകാരന്‍മാരാണ് പുരസ്‌കാര ജേതാക്കളായത്. ഡോ.സഹൂര്‍ കുറാം, ഡോ.ഹസന്‍ അല്‍മുവദ്ദിന്‍, ഡോ.ഇബ്രാഹിം അല്‍ഹജിരി, ഡോ.ഹുസ്സാം സഫാന്‍, ഡോ.മുഹമ്മദ് ബു ഹസ്സ എന്നിവരെ മികച്ച സാഹിത്യ ഗവേഷകരായി തിരഞ്ഞെടുത്തു. 15,000 അമേരിക്കന്‍ ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.
സാലിമി അല്‍നാസിര്‍, സഅദ് മുഹമ്മദ് റഹീം, മുസ്തഫ അല്‍ഹമദ്, അലി അഹ്മദ് അല്‍രിഫാഇ, മുഹമ്മദ് അല്‍ഗര്‍ബി ഉംറാന്‍ എന്നിവര്‍ പ്രസിദ്ധീകരിക്കാത്ത നോവല്‍ വിഭാഗത്തിലെ അവാര്‍ഡിനര്‍ഹരായി. 30,000 ഡോളറാണ് സമ്മാനത്തുക.
ഇല്യാസ് ഗൂരി, ഇബ്രാഹിം നസ്‌റുല്ല, ഈമാന്‍ ഹുമൈദാന്‍, യഹ്‌യ യഖ്‌ലഫ്, നാസിര്‍ ഇറാഖി എന്നിവര്‍ക്കാണ് പ്രസിദ്ധീകരിച്ച വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍. 60,000 ഡോളര്‍ ഓരോരുത്തര്‍ക്കും ലഭിച്ചു. പ്രസിദ്ധീകരിക്കാത്ത നോവല്‍ നാടകമാക്കിയതില്‍ മികച്ചതായി തിരഞ്ഞെടുത്തത് അലി അല്‍രിഫാഇയുടെ ജീനാത്ത് ആഇല മീരോ എന്ന നോവലിനെയാണ്. ഒരു ലക്ഷം ഡോളറാണ് പുരസ്‌കാര തുക. പ്രസിദ്ധീകരിച്ച നോവല്‍ നാടകമാക്കിയതില്‍ മികച്ചതായി ജൂറി തിരഞ്ഞെടുത്തത് നാസിര്‍ ഇറാഖിയുടെ അല്‍അസ്ബകിയ്യ എന്ന നോവലിനെയാണ്. രണ്ട് ലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇറാഖിക്ക് ലഭിച്ചത്. അറബ് നോവലുകളുടെ സംഗമ വേദിയായി കത്താറ മാറിയെന്ന് കത്താറ ഡയറക്ടര്‍ ജനറല്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി അവാര്‍ഡ് വിതരണ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
1004 നോവലുകളാണ് ഇത്തവണ അവാര്‍ഡിനായി പരിഗണിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക