|    Jun 24 Sat, 2017 5:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കണ്‍സ്യൂമര്‍ഫെഡ് അഴിമതി: മുന്‍മന്ത്രി സിഎന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ കേസ്

Published : 21st October 2016 | Posted By: SMR

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണനുള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു. വിദേശമദ്യം വാങ്ങിച്ചതിലെ ക്രമക്കേടിലാണ് അന്വേഷണം. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി എന്‍ ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ അഴിമതിക്കേസില്‍ പ്രതി ചേര്‍ത്തത്. മലയാളവേദി പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ് വട്ടുകുളത്തിന്റെ ഹരജി പരിഗണിച്ചാണ് നടപടി.
എന്നാല്‍, പ്രതി ചേര്‍ക്കപ്പെട്ടവരെ ഒഴിവാക്കി അന്വേഷിക്കാനായിരുന്നു കോടതി നിര്‍ദേശം. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റിജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍ ജയകുമാര്‍, മുന്‍ റീജ്യനല്‍ മാനേജര്‍ എം ഷാജി, മുന്‍ റീജ്യനല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിതകുമാരി എന്നിവരാണ് ഒന്നു മുതല്‍ ഏഴ് വരെയുള്ളവര്‍. സി എന്‍ ബാലകൃഷ്ണന്‍ എട്ടാം പ്രതിയാണ്. ഇന്‍സെന്റീവ് ക്രമക്കേട് ഗൗരവകരമാണെന്ന് കോടതി വിലയിരുത്തി.
വില്‍പന പതിന്‍മടങ്ങു കൂടിയിട്ടും 2014-15 വര്‍ഷത്തില്‍ ലഭിച്ച ഇന്‍സെന്റീവ് നാലു ലക്ഷത്തി പതിനായിരം രൂപ മാത്രമാണ്. മദ്യകമ്പനികള്‍ക്ക് ഇളവ് നല്‍കിയതായോ, വകമാറ്റിയതായോ ഉള്‍പ്പെടെയുള്ള രേഖകളൊന്നും ഇല്ലാത്തത് പ്രഥമദൃഷ്ട്യാ ക്രമക്കേട് വ്യക്തമാവുന്നതാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.  ആരോപണങ്ങളില്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനാവാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ശുപാര്‍ശ ചെയ്തുള്ളതുമായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപോര്‍ട്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക