|    Sep 25 Mon, 2017 5:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കണ്‍സ്യൂമര്‍ഫെഡ് അഴിമതി; 22 ദ്രുതപരിശോധനകള്‍ നടക്കുന്നുവെന്ന് വിജിലന്‍സ്

Published : 8th January 2016 | Posted By: SMR

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ദ്രുതപരിശോധനകളും അന്വേഷണങ്ങളും നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്റ്റര്‍ കോടതിയെ അറിയിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപോര്‍ട്ടിലാണ് ഡയറക്റ്റര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്നലെ റിപോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ഓപറേഷന്‍ അന്നപൂര്‍ണയടക്കമുള്ളവയുടെ വിവരങ്ങളടങ്ങിയ റിപോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 2013 വരെയുള്ള അന്വേഷണങ്ങളെ സംബന്ധിച്ചുള്ള റിപോര്‍ട്ടുകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും 2013, 14, 15 വര്‍ഷങ്ങളിലെ ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണം വേണമെന്നും ഹരജിക്കാരനായ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം കോടതിയെ അറിയിച്ചു.
എല്ലാ അന്വേഷണ വിവരങ്ങളും റിപോര്‍ട്ടിലുണ്ടെന്നു വിജിലന്‍സിനുവേണ്ടി ഹാജരായ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചെങ്കിലും ഹരജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു പരിശോധിക്കാനും 20നകം റിപോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കണ്‍സ്യൂമര്‍ഫെഡിനുവേണ്ടി പത്തോളം ബോട്ടുകള്‍ വാങ്ങിയതിലെ ക്രമക്കേട്, മദ്യം വാങ്ങിയതിലൂടെ ലഭിച്ച ഇന്‍സെന്റീവിലെ ക്രമക്കേട്, പലചരക്ക്, സ്‌റ്റേഷനറി, അരി മുതലായവ വാങ്ങിയതിലെ അഴിമതി, പച്ചക്കറി സാധനങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് വ്യാജ ബില്ലുകള്‍ ഉണ്ടാക്കി കൊണ്ടുവന്ന സംഭവം ഉള്‍പ്പെടെ നൂറിലേറെ കോടിയുടെ അഴിമതി നടന്നുവെന്നാണ് ഹരജിയിലെ ആരോപണം.
കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റിജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍ ജയകുമാര്‍, മുന്‍ റീജ്യനല്‍ മാനേജര്‍ എം ഷാജി, മുന്‍ റീജ്യനല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരെയാണ് ഒന്നു മുതല്‍ ഏഴ് വരെ പ്രതി ചേര്‍ത്തിരിക്കുന്നത്. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ എട്ടാം പ്രതിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക