|    Nov 20 Tue, 2018 4:54 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കണ്‍ഫര്‍മേഷന്‍ സംബന്ധമായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് പിഎസ്‌സി

Published : 31st August 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2014ല്‍ സെക്രട്ടേറിയറ്റ്/പിഎസ്‌സി മുതലായവയില്‍ അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ 67% പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്. എന്നാല്‍, പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിക്കുകയും പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുകയും ഉദ്യോഗസ്ഥവിന്യാസം നടത്തുകയും ചെയ്ത വകയില്‍ കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്.
ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഉത്തരവാദിത്തരഹിതമായ പ്രവണതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആവശ്യക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു മാത്രം പരീക്ഷ നടത്തുന്നതിനായി കണ്‍ഫര്‍മേഷന്‍ സംവിധാനം നടപ്പാക്കിയത്.
അതിന്‍പ്രകാരം അഞ്ചര ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത സിവില്‍ പോലിസ് ഓഫിസര്‍ പരീക്ഷ, അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുത്ത വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ അസിസ്റ്റന്റ് പരീക്ഷ എന്നിവ നടത്തി ഈ സംവിധാനം വിജയകരമാണെന്നു വിലയിരുത്തുകയും ചെയ്തു. ഒക്‌ടോബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അസിസ്റ്റന്റ്/ഓഡിറ്റര്‍ തസ്തികയിലേക്ക് 6,83,588 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്.
ഇവര്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിന് ജൂലൈ 23 മുതല്‍ ആഗസ്ത് 11 വരെയുള്ള 20 ദിവസം സമയം അനുവദിച്ചിരുന്നു. ഇതുസംബന്ധിച്ചു പിഎസ്‌സി വെബ്‌സൈറ്റ്, ബുള്ളറ്റിന്‍, എസ്എംഎസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവയിലൂടെയും വിവിധ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലൂടെയും അറിയിപ്പ് നല്‍കിയിരുന്നു. അതിന് അനുസൃതമായി 72% പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കുകയും ചെയ്തു.
യഥാസമയം കണ്‍ഫര്‍മേഷന്‍ നല്‍കാത്ത ചില ഉദ്യോഗാര്‍ഥികള്‍ കരുതികൂട്ടി ദുരുദ്ദേശ്യപരമായ ചില വിവരങ്ങള്‍ നവമാധ്യമങ്ങളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയബാധിത സമയത്തായിരുന്നു കണ്‍ഫര്‍മേഷന് അവസരം നല്‍കിയിരുന്നത് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജൂലൈ 23 മുതല്‍ ആഗസ്ത് 11 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. കൂടാതെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കിയവരുടെ എണ്ണത്തിലോ ശതമാനത്തിലോ കുറവ് വന്നിട്ടില്ല.
ഈ പരീക്ഷാരീതി ശരിയാണെന്നു കോടതി നിരീക്ഷിച്ചിട്ടുള്ളതാണെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss