|    Jan 22 Sun, 2017 1:42 pm
FLASH NEWS

കണ്ണ് തുറപ്പിക്കേണ്ട ദുരന്തം

Published : 11th April 2016 | Posted By: SMR

കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 106 പേര്‍ക്ക് ജീവഹാനി നേരിടുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പരിക്കേറ്റ പലരുടെയും സ്ഥിതി ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്ന ആശങ്ക ഇതെഴുതുമ്പോഴും നിലനില്‍ക്കുകയാണ്. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവിധം ഛിന്നഭിന്നമായതിനാല്‍ ദുരന്തത്തിനിരയായവരാരൊക്കെ എന്നറിയാന്‍ കഴിയാതെ നെട്ടോട്ടമോടുന്ന ഉറ്റവരുടെയും ബന്ധുക്കളുടെയും വിലാപങ്ങള്‍ ഹൃദയഭേദകമാണ്. സംസ്ഥാനം തിരഞ്ഞെടുപ്പ് ആരവങ്ങളില്‍ മുങ്ങിനില്‍ക്കെ നിനച്ചിരിക്കാതെ വന്നുവീണ ഈ ദുരന്തക്കാഴ്ചയില്‍ വേദനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കുമൊപ്പം ഞങ്ങളും ഹൃദയപൂര്‍വം പങ്കുചേരുന്നു.
ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് അരങ്ങേറിയ വെട്ടിക്കെട്ടിന്റെ സമാപനഘട്ടത്തില്‍ പൊട്ടിയ അമിട്ടിന്റെ ഭാഗങ്ങള്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയില്‍ വന്നു വീണതാണ് അപകടകാരണമെന്നു പറയപ്പെടുന്നു. അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.
വെടിക്കെട്ടിനോടനുബന്ധിച്ചുണ്ടായ അപകടങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുകയാണെന്ന സത്യം നിഷേധിക്കാനാവില്ല. അപകടങ്ങള്‍ മിക്കതും മനുഷ്യനിര്‍മിതമാണെന്ന കാര്യവും അനിഷേധ്യമാണ്. സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നതില്‍ കരാറുകാര്‍ വരുത്തുന്ന വീഴ്ചകള്‍ വലിയ മനുഷ്യദുരന്തങ്ങളായി മാറുമ്പോള്‍ മാത്രമാണ് അതേക്കുറിച്ച് കാര്യഗൗരവത്തോടെ ചിന്തിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരുന്നത്. ലഭ്യമായ ചില കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ചെറുതും വലുതുമായ 200ലേറെ വെടിക്കെട്ടപകടങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ഈ അപകടങ്ങളില്‍ 450ഓളം പേര്‍ക്ക് ജീവഹാനി നേരിട്ടതായും അതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അതീവ അപകടസാധ്യതയുള്ള ഒരു മേഖല എന്ന നിലയ്ക്ക് തദ്‌സംബന്ധമായ നിയമങ്ങളും ചട്ടങ്ങളും കര്‍ക്കശമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ബാധ്യതയുണ്ട്. അതേസമയം, സംഘാടകര്‍ക്കും ചില ധാര്‍മിക ഉത്തരവാദിത്തങ്ങളുണ്ട്. ജനങ്ങളെ തങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത് കുരുതിക്കളങ്ങളിലേക്കാവരുതെന്നു നിഷ്‌കര്‍ഷിക്കാന്‍ അവര്‍ക്കും കഴിയണം. കരാറുകാര്‍ വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതും കൈകാര്യം ചെയ്യുന്നതും തദ്‌സംബന്ധമായ നിയമ-സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിധേയമായാണോ എന്ന് ഉറപ്പുവരുത്താന്‍ സംഘാടകര്‍ക്കും ബാധ്യതയുണ്ട്.
നിയമം മറികടന്ന് മാരകമായ സ്‌ഫോടകവസ്തുക്കളും രാസപദാര്‍ഥങ്ങളും കൈകാര്യം ചെയ്യുന്നത് അവയില്‍ ഒട്ടും വൈദഗ്ധ്യമില്ലാത്തവര്‍കൂടിയാവുമ്പോള്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. ഈ ദുരന്തമെങ്കിലും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 270 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക