|    Jul 23 Mon, 2018 8:50 pm
FLASH NEWS
Home   >  Kerala   >  

കണ്ണൂര്‍ സ്വദേശിയായ ഹോട്ടലുടമയെ പൂനെയില്‍ അടിച്ചുകൊന്നു

Published : 14th September 2017 | Posted By: shadina sdna


കണ്ണൂര്‍: വടക്കുമ്പാട് സ്വദേശിയായ ഹോട്ടലുടമയെ പൂനെയില്‍ അടിച്ചുകൊന്നു. മുംബൈ പൂനെ ശിവാപൂരിലെ സാഗര്‍ ഹോട്ടല്‍ ഉടമയായ പെരളശ്ശേരി വടക്കുമ്പാട് പൂവനാണ്ടി അബ്ദുല്‍ അസീസ് (52) എന്ന സേട്ടിനെയാണ് വടിയും മറ്റുമായെത്തിയ പത്തിലേറെ വരുന്ന സംഘം അടിച്ചുകൊന്നത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. കുടുംബസമേതം വര്‍ഷങ്ങളായി പൂനെയില്‍ താമസിക്കുന്ന അബ്ദുല്‍ അസീസ് സ്ഥലം പാട്ടത്തിനെടുത്ത് കെട്ടിടം നിര്‍മിച്ച് ഹോട്ടല്‍ നടത്തിവരുകയാണ്.
പാട്ടത്തിനു നല്‍കിയയാള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അനന്തരാവകാശികളെത്തി പ്രശ്‌നമുണ്ടാക്കുന്നത് പതിവായിരുന്നു. ഹോട്ടലിലെ മലിനജലം ഒഴുക്കിവിടാനായി ഓവുചാല്‍ കീറിയത് സംഘം ചോദ്യം ചെയ്തു. പ്രദേശവാസിയായ സഞ്ജയിന്റെ നേതൃത്വത്തിലുള്ള സംഘം അസീസിനെ ഹോട്ടലില്‍ നിന്നു പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വടിയും മറ്റും കൊണ്ട് അടിയേറ്റ അസീസ് നിലത്തുവീണ ശേഷവും ക്രൂരമായി മര്‍ദിച്ചതായി സമീപത്ത് ജോലി ചെയ്യുന്ന മലയാളികള്‍ പറഞ്ഞു. വിവരമറിഞ്ഞ് മകനും ബിസിനസ്സുകാരനുമായ റഈസ് സ്ഥലത്തെത്തിയപ്പോള്‍ ഇദ്ദേഹത്തെയും മര്‍ദിച്ചതായി പരാതിയുണ്ട്.
അബോധാവസ്ഥയിലായിരുന്ന അസീസിനെ സമീപവാസികളെത്തി ശ്ലോക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഒന്നര മണിക്കൂറിനു ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലിസ് രണ്ടു പേര്‍ക്കെതിരേ കേസെടുത്തെങ്കിലും നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് ആരോപിച്ച് മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷനിലെത്തി. നജ്മയാണ് അബ്ദുല്‍ അസീസിന്റെ ഭാര്യ. മക്കള്‍: റഈസ് (ബിസിനസ്, പൂനെ), റമീസ് (വിദ്യാര്‍ഥി, പൂനെ), റഹീന, നജീറ. പൂനെ ഗവ. ആശുപത്രിയില്‍ ഇന്നു രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം നാട്ടിലെത്തിക്കുമെന്ന് മലയാളികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss